Friday, April 26, 2024
HomeKeralaഡോ. എ.പി.ജെ. അബ്ദുല്‍ കലാം പുരസ്‌കാരം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക്

ഡോ. എ.പി.ജെ. അബ്ദുല്‍ കലാം പുരസ്‌കാരം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക്

സെന്റര്‍ ഫോര്‍ ഓട്ടിസം ഇന്ത്യ ഏര്‍പ്പെടുത്തിയ ഡോ. എ.പി.ജെ. അബ്ദുല്‍ കലാം പുരസ്‌കാരം ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് ലഭിച്ചു. ഓട്ടിസം ഉള്‍പ്പെടെ സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കുന്നവരുടെ ഉന്നമനം, പുനരധിവാസം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. സാമൂഹ്യനീതി വകുപ്പില്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ മുഖേന ആരംഭിച്ചിട്ടുള്ള അനുയാത്ര പദ്ധതി, ഓട്ടിസം ബാധിച്ച കുട്ടികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച എംപവര്‍ ടീം, എല്ലാ ജില്ലകളിലും മൂന്നു കോടി രൂപ വീതം അനുവദിച്ച്‌ ആരംഭിക്കുന്ന ജില്ലാ പ്രാരംഭ കണ്ടെത്തല്‍ കേന്ദ്രങ്ങള്‍ (ഡിസ്ട്രിക് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍), സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ച മൊബൈല്‍ യൂണിറ്റുകള്‍ (ഈ യൂണിറ്റില്‍ ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപേഷന്‍ തെറാപ്പിസ്റ്റ് ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനം ലഭ്യമാക്കി) തുടങ്ങിയ പദ്ധതികള്‍ ഏറെ പ്രയോജനം ചെയ്തുവെന്നതിനുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരം. ഇതോടൊപ്പം ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായുള്ള ഓട്ടിസം സ്പെക്‌ട്രം പദ്ധതി നടപ്പിലാക്കുന്നതിന് 3,55,16,600 രൂപയുടെ ഭരണാനുമതി അടുത്തിടെ നല്‍കിയിരുന്നു. ഓട്ടിസം മേഖലയ്ക്കകത്തുള്ള പ്രശ്നങ്ങള്‍ സമഗ്രമായി പഠിച്ചുകൊണ്ട് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സാമൂഹ്യ സുരക്ഷാ മിഷന്റെ അനുയാത്രയുടെ ഭാഗമായി ഉപ പദ്ധതിയായാണ് സ്പെക്‌ട്രത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്. ഘട്ടം ഘട്ടമായിട്ടാണ് സ്പെക്‌ട്രം പദ്ധതി നടപ്പിലാക്കുന്നത്. തെറാപ്പി സെന്ററുകളിലെ മിനിമം സ്റ്റാന്‍ഡേര്‍ഡ് നിശ്ചയിക്കുകയും ആര്‍.പി.ഡബ്ലിയു. ആക്ടിന്റെ വെളിച്ചത്തില്‍ തെറാപ്പി സെന്ററുകളെല്ലാം രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. അവശ്യ സൗകര്യമുള്ള സര്‍ക്കാരിന്റെ അംഗീകൃത തെറാപ്പി സെന്ററുകളെ മോഡല്‍ തെറാപ്പി സെന്റര്‍ എന്ന പേരില്‍ എം പാനല്‍ഡ് തെറാപ്പി സെന്ററുകളാക്കി മാറ്റും. എം പാനല്‍ഡ് സെന്ററുകളിലെ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യമായി തെറാപ്പി നല്‍കും. ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ പ്രത്യേകിച്ചും അമ്മമാര്‍ നേരിടുന്ന പ്രശ്നം നിരവധിയാണ്. അതിന്റെ ഭാഗമായി പാരന്റല്‍ എംപവര്‍മെന്റ് പ്രോഗ്രാം ആരംഭിക്കും. രക്ഷകര്‍ത്താക്കള്‍ക്ക് പരിശീലനം നല്‍കുകയും അവര്‍ക്ക് ആവശ്യമായിട്ടുള്ള പിന്തുണ നല്‍കുകയും ചെയ്യും. ഇതിനായാണ് ഓട്ടിസം ക്ലബ്ബ് സ്ഥാപിക്കുന്നത്. കേരളത്തിലെ ആറ് മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ചാണ് ഓട്ടിസം സെന്ററുകള്‍ സ്ഥാപിക്കുന്നത്. ഫിസിയോ തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒക്യൂപ്പേഷന്‍ തെറാപ്പിസ്റ്റ്, സ്പീച്ച്‌ തെറാപ്പിസ്റ്റ്, ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനം ലഭ്യമാക്കും. ഓട്ടിസം ബാധിച്ച കുട്ടികളിലെ ആശയ വിനിമയം സുഗമമാക്കുന്നതിനും ഐ.ടി. മേഖലയില്‍ പരിശീലനം നല്‍കുന്നതിനായി സോഫ്റ്റുവെയര്‍ വികസിപ്പിച്ചുള്ള പ്രത്യേക പരിപാടിക്കും രൂപം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ ഭിന്നമായ കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനായും തൊഴില്‍ പരിശീലനം നല്‍കുന്നതിനുമായി ചൈല്‍ഡ് എംപവര്‍മെന്റ് പ്രോഗ്രാമും നടപ്പിലാക്കി വരുന്നു. ഗായിക കെ.എസ്. ചിത്ര, ഡോക്യുമെന്ററി സംവിധായകന്‍ ബൈജുരാജ് ചേകവര്‍ എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചിരുന്നു. കൊച്ചിയില്‍ വച്ചുനടന്ന ചടങ്ങില്‍ ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments