കൊല്ലത്ത് കാര്‍ നിയന്ത്രണം വിട്ട് ബൈക്കുകളിലിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍


കഴിഞ്ഞ ദിവസം കൊല്ലത്ത് അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബൈക്കുകളിലിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കരുനാഗപ്പള്ളിയില്‍ ദേശീയ പാതയില്‍ പള്ളിമണ്‍ ജംഗ്ഷന് സമീപമായിരുന്നു അപകടം.സമീപത്തെ കടയില്‍ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ആള്‍ട്ടോ കാര്‍ അമിത വേഗതയില്‍ നിയന്ത്രണം വിട്ടെത്തി എതിരെ വന്ന രണ്ട് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുന്നു.തുടര്‍ന്ന് കാര്‍ തലകീഴായി മറിഞ്ഞ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികര്‍ വായുവിലുയര്‍ന്ന് നിരത്തില്‍ പതിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.പൊടുന്നനെ നാലുപാടുനിന്നും ആളുകള്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു. ഇതിനിടെ അപകടം കണ്ട് ഓടിവന്ന ഒരു സ്ത്രീ അപസ്മാര ബാധയെ തുടര്‍ന്ന് നിലത്ത് പിടയുന്നതും കാണാം.പത്തുപേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. 3 പേരുടെ നില ഗുരുതരമാണ്. ബൈക്കുകളിലും കാറിലും ഓട്ടോയിലും ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്.