ദിലീപിന്റെ ഉടമസ്‌ഥതയിലുളള ഡി സിനിമാസ്‌ മള്‍ട്ടി തിയറ്ററിൽ കലാഭവന്‍ മണിക്കും ഓഹരിയുണ്ടായിരുന്നുവെന്ന് സൂചന

kalabahavan Mani

നടന്‍ ദിലീപിന്റെ ഉടമസ്‌ഥതയിലുളള ചാലക്കുടിയിലെ ഡി സിനിമാസ്‌ മള്‍ട്ടി തിയറ്റര്‍ സമുച്ചയ നിര്‍മാണത്തില്‍ ക്രമക്കേടുണ്ടോ എന്നതു സംബന്ധിച്ചു റവന്യൂവകുപ്പ്‌ അന്വേഷിക്കും. ഇതില്‍ കലാഭവന്‍ മണിക്കും ഓഹരിയുണ്ടായിരുന്നുവെന്ന സൂചനയെത്തുടര്‍ന്ന്‌ മണിയുടെ മരണത്തെ കുറിച്ച്‌ അന്വേഷിക്കുന്ന സി.ബി.ഐയും ഇതുസംബന്ധിച്ച വിവരം തേടുന്നതായാണ്‌ സൂചന. വ്യാജ ആധാരം ചമച്ച്‌ ചാലക്കുടി പുഴയോരത്ത്‌ ഭൂമി സ്വന്തമാക്കിയെന്ന ആക്ഷേപത്തില്‍ അന്വേഷണം നടത്താന്‍ കലക്‌ടറോട്‌ റവന്യൂ മന്ത്രി ആവശ്യപ്പെട്ടു. ഭൂമി കൈയേറ്റ ആരോപണത്തേക്കുറിച്ച്‌ അന്വേഷിക്കാന്‍ നേരത്തേ ലാന്‍ഡ്‌ റവന്യൂ കമ്മീഷണറോട്‌ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ അന്ന്‌ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി.

സ്‌ഥലം ദിലീപിനു ആദ്യം ചൂണ്ടിക്കാട്ടി കൊടുത്തത്‌ മണിയാണെന്നാണ്‌ പറയുന്നത്‌. അഡ്വാന്‍സ്‌ തുകയും മണി നല്‍കി. ഡി.എം. സിനിമാസ്‌ എന്ന പേരായിരിക്കും സംരംഭത്തിന്‌ ഇടുകയെന്ന്‌ മണി പലരോടും പറഞ്ഞിരുന്നു. ആദ്യം കൊട്ടാരക്കരയില്‍ പദ്ധതി ആരംഭിക്കാനായിരുന്നു ദിലീപിന്റെ ആലോചന. മണിയാണ്‌ ചാലക്കുടിയിലേക്കു ക്ഷണിച്ചത്‌. പ്രതിപക്ഷത്തുള്ള ഒരു ജനപ്രതിനിധിക്കും ഇതില്‍ ഉടമസ്‌ഥാവകാശമുള്ളതായി പറയുന്നു. കൊച്ചി രാജവംശത്തിന്റെ അധികാരത്തിലുണ്ടായിരുന്ന ഭൂമിയാണിത്‌. ഊട്ടുപുര പറമ്പ്‌ എന്ന പേരില്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെട്ടിരുന്നു. 1964 ലെ ഉത്തരവനുസരിച്ചാണ്‌ ഭൂമി സര്‍ക്കാരിനു സ്വന്തമായത്‌. രണ്ടുപേരില്‍ നിന്ന്‌ ദിലീപ്‌ 2006 ലാണ്‌ ഭൂമി വാങ്ങിയത്‌.

തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമഠം ശ്രീകൃഷ്‌ണ ക്ഷേത്രത്തിന്‌ ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്‌ഥലം എട്ട്‌ ആധാരങ്ങള്‍ നിര്‍മിച്ച്‌ 2005 ല്‍ തട്ടിയെടുത്തുവെന്നാണ്‌ ആക്ഷേപം. ഇതില്‍ 35 സെന്റ്‌ സ്‌ഥലം ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നതായി നേരത്തെ തയ്ാറാക്കയിയ റിപ്പോര്‍ട്ട്‌ മുക്കിയെന്നും പരാതിയുണ്ട്‌. പോക്കുവരവു രേഖകളില്‍ ക്രമക്കേടു നടന്നതായും സംശയിക്കുന്നു. എട്ടുപേരുകളിലേക്ക്‌ വിഭജിച്ചത്‌ കൃത്രിമം നടത്താനാണെന്നാണ്‌ സംശയം.പുനരന്വേഷണം വേണമെന്നു കാട്ടി ലാന്‍ഡ്‌ റവന്യു കമ്മീഷണര്‍ 2015-ല്‍ ഉത്തരവു പുറപ്പെടുവിച്ചു.

എന്നാല്‍, പരാതിയില്‍ കഴമ്പില്ലെന്നു കാട്ടി കലക്‌ടര്‍ റിപ്പോര്‍ട്ടു നല്‍കിയതോടെ വിഷയം മരവിച്ചു. ദിലീപിനെ കുറ്റവിമുക്‌തനാക്കി കലക്‌ടര്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌ പുനരന്വേഷിക്കാനാണ്‌ റവന്യൂവകുപ്പിന്റെ പുതിയ ആവശ്യം. സ്‌ഥലം സര്‍ക്കാര്‍ പുറമ്പോക്കിലല്ല എന്ന നിലപാടിലെത്തിയത്‌ എങ്ങനെയെന്നതു സംബന്ധിച്ചും വിശദീകരണം തേടി. ഒരാഴ്‌ച്ചയ്‌ക്കകം റിപ്പോര്‍ട്ട്‌ നല്‍കണം