കൊച്ചിയിൽ ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ തമിഴ് നടൻ കമൽഹാസൻ മാപ്പുപറഞ്ഞു. നടിയുടെ പേരു വെളിപ്പെടുത്തിയതിൽ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് കമൽ മാപ്പുപറഞ്ഞത്. ഒരു കമ്മിറ്റിയുടെയും നിർബന്ധത്തിനു വഴങ്ങിയല്ല മാപ്പു പറയുന്നതെന്നും ആരും നിയമത്തിനു മുകളിലല്ലെന്നു തിരിച്ചറിഞ്ഞതിനാലാണ് മാപ്പു പറയാൻ തയാറാകുന്നതെന്നും ട്വിറ്ററിൽ എഴുതിയ കുറിപ്പിൽ കമൽ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ തന്റെ പ്രതികരണം മാധ്യമപ്രവർത്തരെ അറിയിക്കുന്നതിനിടയിലാണ് കമൽഹാസൻ നടിയുടെ പേര് പരാമർശിച്ചത്. പേര് പറയുന്നത് നിയമവിരുദ്ധമല്ലെ എന്ന് മാധ്യമപ്രവർത്തകർ കമൽഹാസനോട് ചോദിച്ചപ്പോൾ എന്തിനാണ് പേര് മറച്ചുവയ്ക്കുന്നതെന്നും അവരെ ദ്രൗപദിയെന്ന് വിളിക്കണമെങ്കിൽ അങ്ങനെയാകാമെന്നായിരുന്നു കമൽഹാസന്റെ മറുപടി.
സംഭവത്തിൽ കമൽഹാസനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തത്. കൂടാതെ, കമലഹാസനെതിരേ കളമശേരി പോലീസ് സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്.
സമാനവകുപ്പിൽ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, നടൻ അജു വർഗീസ് എന്നിവർക്കെതിരേയും കളമശേരിയിൽ കേസുണ്ട്. കഴിഞ്ഞദിവസം അജു വർഗീസ് കളമശേരിയി സ്റ്റേഷനിലെത്തി ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. ഫേസ്ബുക്കിൽ കുറിപ്പ് എഴുതാൻ ഉപയോഗിച്ച അജുവിന്റെ മൊബൈൽ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.