Tuesday, March 19, 2024
HomeNationalഅയോധ്യയിൽ പള്ളി പണിയണമെന്നു മുസ്‌ലിംകള്‍ ആഗ്രഹിക്കുന്നില്ല : വിവാദ പ്രസ്താവനയുമായി ആർ എസ് എസ്...

അയോധ്യയിൽ പള്ളി പണിയണമെന്നു മുസ്‌ലിംകള്‍ ആഗ്രഹിക്കുന്നില്ല : വിവാദ പ്രസ്താവനയുമായി ആർ എസ് എസ് നേതാവ്

അയോധ്യയിൽ പള്ളി പണിയണമെന്നു മുസ്‌ലിംകള്‍ ആഗ്രഹിക്കുന്നില്ലെന്ന പ്രസ്താവനയുമായി ആർഎസ്എസ് നേതാവ്. തർക്കത്തിൽപ്പെട്ടുകിടക്കുന്ന സ്ഥലങ്ങളിൽ മുസ്ലിങ്ങളെ സംബന്ധിച്ച് പള്ളി പണിയുന്നത് വിശുദ്ധമല്ല. മുഗൾ രാജാവായ ബാബറുടെ പേരിലാണു പള്ളി. എന്നാൽ മറ്റൊരാളുടെ പേരിലുള്ള പള്ളിയെ മുസ്ലിങ്ങൾ അംഗീകരിക്കില്ല. ഇസ്‌ലാമിൽ വിശ്വസിക്കുന്ന ആരും അത്തരമൊരു പള്ളിയെ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് മുതിർന്ന നേതാവായ ഇന്ദ്രേശ് കുമാറാണ് ഇങ്ങനെയുള്ള അവകാശവാദങ്ങളുമായി കളത്തിലറങ്ങിയിരിക്കുന്നത്‌. ദേശീയ സുരക്ഷ ബോധവൽക്കരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് സംഘടനയായ മുസ്‌ലിം ജാഗ്രൺ മഞ്ചിന്റെ നേതാവാണ് ഇന്ദ്രേശ് കുമാർ.

അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി പ്രശ്നം സ്വതന്ത്ര ഇന്ത്യയില്‍ ആറരപ്പതിറ്റാണ്ട് നീണ്ട നിയമനടപടികളിലൂടെ കടന്നു പോയികൊണ്ടിരിക്കുകയാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ കോടതിക്കുപുറത്ത് മധ്യസ്ഥതവഹിച്ച് തര്‍ക്കം തീര്‍ക്കുകയെന്ന നിര്‍ദേശം ഉന്നയിച്ചിരിക്കുന്നത്തിന്റെ തൊട്ടു പിന്നാലെയാണ് ഇന്ദ്രേശ് കുമാറിന്റെ അഭിപ്രായ പ്രകടനം.

സമാധാനത്തെയും സഹവർത്തിത്വത്തെയും സത്യത്തെയും പിന്തുണയ്ക്കുന്നവരും ദേശീയവാദികളുമായവർ അയോധ്യയിൽ ക്ഷേത്രം പണിയുന്നതിനെ അനുകൂലിക്കുമെന്ന് അദ്ദേഹം പരാമർശിച്ചു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള വിപ്ലവം ആരംഭിച്ചുകഴിഞ്ഞതായും ഇന്ദ്രേശ് കുമാർ അവകാശപ്പെട്ടു .

ബാബറി മസ്ജിദ് കാവിപ്പട തകര്‍ത്ത ഡിസംബര്‍ ആറ് ഇന്ത്യയുടെ ചരിത്രസ്വഭാവത്തെ അപ്രതീക്ഷിതമാംവിധം മാറ്റിമറിച്ചു. ജനങ്ങള്‍തമ്മിലുള്ള ബന്ധങ്ങളില്‍ വന്‍ വിള്ളല്‍ വീണു. അത് സാമൂഹ്യജീവിതത്തെ അടിമുടി ഇളക്കിമറിച്ചു. പരസ്പരമുള്ള അവിശ്വാസവും കാലുഷ്യവും സാമൂഹ്യജീവിതത്തെ സങ്കീര്‍ണമാക്കി. ഇത് കനത്തുവരികയാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് യുപി തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ബിജെപി-ആര്‍എസ്എസ് വാഗ്ദാനംചെയ്തിരുന്നു. തീവ്രഹിന്ദുത്വവാദിയായ ആര്‍എസ്എസ് പ്രതിനിധി യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായതോടെ രാമക്ഷേത്രം സജീവ അജന്‍ഡയായിരിക്കുകയാണ്.

അയോധ്യയില്‍ 1526ല്‍ മുഗള്‍ ചക്രവര്‍ത്തി ബാബറുടെ ഗവര്‍ണര്‍ മീര്‍ബാഖി നിര്‍മിച്ചതാണ് ബാബറി മസ്ജിദ് എന്നാണ് ചരിത്രപുസ്തകങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. 1885ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ഇതുസംബന്ധിച്ച ആദ്യവ്യവഹാരം വന്നിരുന്നു. ഉടമസ്ഥാവകാശത്തിന്റെയും രാമാരാധനയുടെയും പ്രശ്നം ഉന്നയിച്ചെങ്കിലും ആരാധനയ്ക്ക് അനുമതി നല്‍കാന്‍ ജഡ്ജി തയ്യാറായില്ല. 1886ല്‍ ഇതുസംബന്ധിച്ച അപ്പീലില്‍ ഇതേ നിലപാട് ജില്ലാ ജഡ്ജി ആവര്‍ത്തിച്ചു. 356 വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച ബാബറി പള്ളിയില്‍ രാമാരാധന വേണമെന്ന ആവശ്യത്തില്‍ ഹര്‍ജിക്കാരന് ആശ്വാസം നല്‍കാന്‍ കഴിയില്ലെന്ന് കോടതി അന്ന് വ്യക്തമാക്കിയിരുന്നു

ജവാഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരിക്കെ ബാബറി മസ്ജിദിനുള്ളില്‍ രാമന്റെയും സീതയുടെയും പ്രതിമകൊണ്ടിട്ട് പള്ളി പിടിച്ചെടുക്കാന്‍ ഹിന്ദുത്വവര്‍ഗീയ ശക്തികള്‍ ശ്രമിച്ചെങ്കിലും അതിനെതിരെ നെഹ്റു ചങ്കുറപ്പുള്ള നിലപാടെടുത്തു. പള്ളിയില്‍ ഒളിച്ചുകടത്തിയ വിഗ്രഹങ്ങള്‍ സരയൂനദിയില്‍ ഒഴുക്കാന്‍ നെഹ്റു കല്‍പ്പിച്ചു. അന്ന് ജില്ലാ കലക്ടര്‍ കെ കെ നായര്‍ പള്ളി അടച്ചുപൂട്ടുകയും തര്‍ക്കം കോടതിയില്‍ എത്തുകയുംചെയ്തു. 1526 മുതല്‍ 1949 ഡിസംബര്‍ 22 വരെ മുസ്ളിങ്ങള്‍ പ്രാര്‍ഥന നടത്തിയിരുന്ന ദേവാലയമായിരുന്നു.

അയോധ്യാപ്രശ്നം അഭിപ്രായസമന്വയത്തിലൂടെ പരിഹരിച്ചാല്‍ സമാധാനവും സന്മനസ്സും പുലരുമെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജിയവാല പറഞ്ഞിരുന്നു. എന്നാല്‍, ചീഫ് ജസ്റ്റിസ് വിളിച്ചാല്‍ ചര്‍ച്ചയ്ക്ക് പോകുമെങ്കിലും പ്രശ്നപരിഹാരം കോടതി മുഖാന്തരംതന്നെ വേണമെന്ന് മസ്ജിദ് കമ്മറ്റി നിലപാടുണ്ട്.

മന്‍മോഹന്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കെ 2010 ഒക്ടോബറില്‍ ഉണ്ടായ ഹൈക്കോടതിവിധി സ്വത്ത് വീതംവയ്പിനുള്ളതായിരുന്നു. അതില്‍ മൂന്നായി വിഭജിക്കുന്ന ഭൂമിയില്‍ മൂന്നില്‍ രണ്ട് പങ്ക് ഹിന്ദുസംഘടനകള്‍ക്ക് നല്‍കുന്നതായിരുന്നു. 1950ല്‍ കോടതിയില്‍ നല്‍കിയ ആദ്യഹര്‍ജിയില്‍ ഹിന്ദുമഹാസഭ പ്രതിനിധി ഗോപാല്‍ വിശാരദ രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. രാമപൂജ പള്ളിയില്‍ നടത്താനുള്ള അവകാശം നല്‍കണം. രാമവിഗ്രഹം എടുത്തുമാറ്റാന്‍ ആരെയും അനുവദിക്കരുത്. ഈ രണ്ട് ആവശ്യങ്ങള്‍ക്കുംപുറമെ രാമവിഗ്രഹം ഒളിച്ചുകടത്തിയ പ്രദേശം തന്നെ ഹിന്ദുമഹാസഭയ്ക്ക് നല്‍കാനാണ് ലഖ്നൌ ഹൈക്കോടതി ബെഞ്ച് 2010ല്‍ ഉത്തരവിട്ടത്.

മൂന്നിലൊന്ന് ഭൂമി വിട്ടുകിട്ടണമെന്ന നിര്‍മോഹി അഖാഡയുടെ ആവശ്യവും കോടതി അംഗീകരിച്ചു. 1959ലാണ് നിര്‍മോഹി ഫൈസാബാദ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബാബറി മസ്ജിദിനോട് ചേര്‍ന്നുനിന്നിരുന്ന സീത റസോയി, ബ്രിട്ടീഷുകാരുടെ കാലത്ത് ശ്രീരാമാരാധനയ്ക്കായി നല്‍കിയ വേദിയായ രാം ചബ്രുത എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ് നിര്‍മോഹി അഖാഡയ്ക്ക് അനുവദിച്ചത്. ബാക്കിയുള്ള മൂന്നിലൊന്ന് ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നല്‍കി കോടതി വിധിച്ചു.

തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശം മൂന്നായി പകുത്തുനല്‍കുന്നതിനുള്ള ഉത്തരവിന് അപ്പുറമുള്ള നിഗമനങ്ങളും കോടതിയില്‍നിന്നുണ്ടായി. രാമജന്മഭൂമിയില്‍ ക്ഷേത്രമുണ്ടായിരുന്നു എന്ന വിശ്വാസവും കോടതിയില്‍നിന്നുണ്ടായി. എന്നാൽ ഉടമസ്ഥാവകാശക്കേസില്‍ ഒരിക്കലും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് ശരിയല്ലെന്നും പല സാമൂഹിക പ്രവർത്തകരും അഭിപ്രായപ്പെട്ടിരുന്നു. കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണയിലാണ്. ഇന്ദ്രേശ് കുമാറിന്റെ അഭിപ്രായ പ്രകടനം കൂടുതൽ വിവാദങ്ങളിലേക്ക് ജനങ്ങളെ വലിച്ചിഴയ്ക്കുമെന്നതിൽ സംശയമില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments