ന്യൂഡൽഹി: ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ ദേശീയ അധ്യക്ഷനും ലോക്സഭാംഗവുമായ ഇ.അഹമ്മദ് (78) അന്തരിച്ചു. ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിലാണ് പുലർച്ചെ 2.15നാണ് മരണ വിവരം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് അഹമ്മദ് കുഴഞ്ഞു വീണത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ഹൃദയാഘാതത്തെ തുടർന്നു പാർലമെന്റിൽ കുഴഞ്ഞുവീണ ഇ.അഹമ്മദ് എംപിയെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ സന്ദർശിക്കാൻ മക്കൾക്കും അടുത്ത ബന്ധുക്കൾക്കും അനുമതി നിഷേധിച്ചതു സങ്കർഷാഭരിതമായ അന്തരീഷം സൃഷ്ടിച്ചു. മൂന്നു മണിക്കൂറോളം കാത്തുനിന്നിട്ടും പിതാവിനെ കാണാൻ അനുമതി നൽകിയില്ലെന്ന് അഹമ്മദിന്റെ മക്കളായ നസീർ അഹമ്മദ്, റയീസ് അഹമ്മദ്, ഡോ. ഫൗസിയ, മരുമകൻ ഡോ. ബാബു ഷെർസാദ് എന്നിവർ പരാതിപ്പെട്ടു. ആശുപത്രിയിൽ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവരെ അഹമ്മദിനെ കാണാൻ അനുവദിച്ചില്ല.
ഇ.അഹമ്മദിന്റെ സംസ്കാരം വെള്ളിയാഴ്ച കണ്ണൂരിൽ നടക്കും.മാസങ്ങളായി വാർധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്ന അഹമ്മദ് ദുബായിലെ മകളുടെ വീട്ടിൽ നിന്ന്പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ എത്തിയത്. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1991 മുതൽ 2014 വരെ തുടർച്ചയായി ഏഴ് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഹമ്മദ് ഒന്നും രണ്ടും യുപിഎ സർക്കാർ കാലത്ത് വിദേശകാര്യ, റെയിൽവേ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു. കേരള നിയമസഭാംഗമായും സംസ്ഥാന വ്യവസായ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.