മകളെ പീഡിപ്പിച്ച യുവാവിനെ പിതാവ് വെട്ടിക്കൊന്നു. സംഭവത്തില്‍ തെലങ്കാന രാഷ്ട്ര സമിതി നേതാവ് ശ്യാം സുന്ദര്‍ റെഡ്ഢിയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം. മകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ രാജേഷ് (32) എന്നയാളെയാണ് ശ്യാം സുന്ദര്‍ വെട്ടിക്കൊന്നത്. പീഡനത്തെ തുടര്‍ന്ന് ശ്യാം സുന്ദറിന്റെ മകള്‍ ആത്മഹത്യ ചെയ്തിരുന്നു.
തിങ്കളാഴ്ച രാജേഷും സുഹൃത്തും ബാറില്‍ നിന്നും മടങ്ങുമ്പോള്‍ ശ്യാം സുന്ദര്‍ റെഡ്ഡിയും സഹായികളും ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാജേഷ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. ശ്യാം സുന്ദറിനെയും സുഹൃത്തുക്കളെയും കൊലക്കുറ്റം ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്തു.
ശ്യാം സുന്ദര്‍ റെഡ്ഡിയുടെ ഇരുപത്തിരണ്ടുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് രാജേഷിനെതിരെയുള്ള കേസ്. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് രാജേഷിനെ അറസ്റ്റ് ചെയ്‌തെങ്കിലും കുറച്ച് ദിവസത്തിന് ശേഷം ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങി.
ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി നാഗാര്‍ജ്ജുന സാഗറില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ശ്യാം സുന്ദര്‍ റെഡ്ഢിയുടെ മകളുടെ മരണത്തെ തുടര്‍ന്ന് രാജേഷിനെ ഒരു വര്‍ഷത്തേക്ക് ജയിലില്‍ അടച്ചിരുന്നു. 2016 ജൂണില്‍ ഇയാള്‍ ജയില്‍ മോചിതനായിരുന്നു. രാജേഷിനെതിരെ പത്തോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.