പത്രങ്ങളില്‍ പുനര്‍ വിവാഹ പരസ്യം നല്‍കി യുവതികളെ വിളിച്ചുവരുത്തി സ്വര്‍ണാഭരണം കവരുന്ന നിരവധി കേസുകളിലെ പ്രതിയെ നിലമ്ബൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് പട്ടാമ്ബി വലപ്പുഴ പുതിയാപ്ല മജീദ് (കുട്ടി മജീദ്-42) നെയാണ് നിലമ്ബൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഭാര്യ മരണപ്പെട്ട് പുനര്‍വിവാഹം കഴിക്കാനാണെന്ന പേരില്‍ പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കിയാണ് ഇരകളെ തട്ടിപ്പിനിരയാക്കിയത്.
വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് പത്രങ്ങളില്‍ നമ്പറുകൾ നല്‍കിയിരുന്നത്. പരസ്യം കണ്ട് വിളിക്കുന്ന യുവതികളുടെ മുഴുവന്‍ വിവരങ്ങളും ചോദിച്ചു മനസിലാക്കി അവരുടെ ആഭരണങ്ങളെ കുറിച്ചുള്ള വിവരങ്ങളും മനസിലാക്കിയ ശേഷം ഭാര്യ മരണപ്പെട്ടുവെന്നും ഒരു കുട്ടിയുണ്ടെന്നും ഗള്‍ഫില്‍ വലിയ ബിസിനസാണെന്നും ധരിപ്പിച്ചാണ് തട്ടിപ്പിന് വഴിയൊരുക്കുന്നത്.
പുറത്ത് വെച്ച് കാണാന്‍ അവസരമൊരുക്കിയ ശേഷം വാടകക്കെടുത്ത പുതിയ കാറിലെത്തി യുവതികളെ കാറില്‍ കയറ്റി കൊണ്ടു പോയി വിജനമായ സ്ഥലത്ത് വെച്ച് വണ്ടി നിര്‍ത്തി സംസാരിക്കുകയും ആഭരണങ്ങള്‍ സമ്മാനമായി നല്‍കുകയും ചെയ്യും.
അത് ശരീരത്തില്‍ അണിയാന്‍ പറയുകയും ഭംഗി കാണാന്‍ സ്വന്തം ആഭരണങ്ങള്‍ ബാഗില്‍ അഴിച്ചുവെക്കാന്‍ പറയുകയും ചെയ്യും. അല്‍പ നേരം സംസാരിച്ച ശേഷം തിരിച്ച് കൊണ്ടു വിടുന്ന സമയത്ത് കടകള്‍ക്ക് മുൻപിൽ നിര്‍ത്തി കുപ്പിവെള്ളം വാങ്ങാന്‍ നൂറു രൂപയും നല്‍കി യുവതിയെ പറഞ്ഞു വിടും. പിന്നീട് വീട്ടിലെത്തി ബാഗ് പരിശോധിക്കുമ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ഇവരറിയുന്നത്. സമ്മാനമായി നല്‍കിയ ആഭരണം പരിശോധിക്കുമ്പോള്‍ വ്യാജമാണെന്ന് തെളിയും. ഇതോടെ തട്ടിപ്പിനിരയാകുന്ന യുവതികള്‍ ഇയാള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് വിളിക്കുമ്പോൾ ആഭരണം കാറില്‍ വീണു കിടക്കുകയാണെന്നും അടുത്ത ദിവസം അതുവഴി ബിസിനസ് ആവശ്യത്തിന് വരുമ്പോൾ വിളിക്കാമെന്നും നല്‍കാമെന്നും അറിയിക്കും.
ആഴ്ചകള്‍ കഴിഞ്ഞിട്ടും കാണാതെ വരുമ്പോൾ ഇതേ മൊബൈല്‍ നമ്പറിലേക്ക് വിളിക്കുമ്പോൾ സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിക്കുക. വെള്ളം വാങ്ങാന്‍ പറഞ്ഞുവിടുന്ന സമയത്താണ് ബാഗില്‍ നിന്നും ആഭരണങ്ങള്‍ തട്ടിയെടുക്കുന്നത്. കഴിഞ്ഞ 23ന് ചുങ്കത്തറ സ്വദേശിനിയെ സമാന രീതിയില്‍ നിലമ്പുര്‍ ടൗണിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇത്തരത്തില്‍ മൂന്നു പവന്റെ പാദസരം മോഷ്ടിച്ചതായി കാണിച്ച് യുവതി നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ നമ്പര്‍ പരിശോധിച്ച് വരുന്നതിനിടെയാണ് പ്രതി പിടിയിലായത്.
തിങ്കളാഴ്ച ഊട്ടിയിലേക്കുള്ള വിനോദയാത്രക്കിടെ രാത്രി ആള്‍ട്ടോ കാറില്‍ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. വിലകൂടിയതുള്‍പ്പെടെ നാലു മൊബൈല്‍ ഫോണുകള്‍, ഇരട്ട സിം സെറ്റുകള്‍, വിവിധ ബാങ്കുകളിലെ എ ടിഎം കാര്‍ഡുകള്‍, കേരള, തമിഴ്നാട് ഡ്രൈവിംഗ് ലൈസന്‍സുകള്‍, വിവിധ വിലാസത്തിലുള്ള പാസ്പോര്‍ട്ടുകള്‍, തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡുകള്‍ എന്നിവയുടെ പകര്‍പ്പുകള്‍, വാച്ചുകള്‍, ഉത്തേജക മരുന്നുകള്‍, സുഗന്ധ ദ്രവ്യങ്ങള്‍, വ്യാജ ഐഡി കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു. നെറ്റ്, സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ നിന്നും എഡിറ്റു ചെയ്ത ഫോട്ടോകള്‍ പതിച്ചാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള മൊബൈല്‍ കടകളില്‍ നിന്നും സിംകാര്‍ഡുകള്‍ തരപ്പെടുത്തുന്നത്. ഒരു സിംകാര്‍ഡില്‍ ഒരു യുവതിയെ മാത്രമായിരിക്കും വിളിക്കുക.
ആഭരണം ഒരാഴ്ച ബന്ധം നിലനിര്‍ത്തിയ ശേഷം സിംകാര്‍ഡ് പൊട്ടിച്ച് കളയുകയാണ് പതിവ്. സിംകാര്‍ഡ് നല്‍കിയ കടയുടമകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വാടകക്കെടുത്ത ആഡംബര കാറുകളിലാണ് യാത്ര. ഇതിനു മുൻപ് 20 തവണ ഇയാള്‍ പിടിയിലായിട്ടുണ്ടെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജാമ്യത്തിലിറങ്ങും. ഇരകളെ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കും. കൂടൂതല്‍ ഇരകളും വിവാഹ മോചനം നേടിയവരും വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്നവരുമാണ്. നല്ല കുടുംബത്തില്‍പ്പെട്ടവരും മാനഹാനി മൂലം പരാതി നല്‍കാന്‍ തയ്യാറാവാതിരുന്നതാണ് പ്രതി വീണ്ടും വീണ്ടും തട്ടിപ്പു നടത്താനിടയാക്കിയത്. പത്തുവര്‍ഷത്തോളം സമാന തട്ടിപ്പു നടത്തിവരുന്ന പ്രതി ജാമ്യത്തിലിറങ്ങി ഇതേ തട്ടിപ്പ് നടത്തി ആഡംബര ജീവിതം നയിച്ചുവരികയാണ്.