Wednesday, December 4, 2024
HomeKeralaതോമസ് ചാണ്ടി എംഎല്‍എ മന്ത്രിയായി ഇന്നു സത്യപ്രതിജ്ഞ ചെയ്യും

തോമസ് ചാണ്ടി എംഎല്‍എ മന്ത്രിയായി ഇന്നു സത്യപ്രതിജ്ഞ ചെയ്യും

തോമസ് ചാണ്ടി എംഎല്‍എ ( ഇന്ന് ) ശനിയാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാര കസേരയിലേക്ക്. വൈകുന്നേരം നാലു മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. എ കെ ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലേക്കാണ് കുട്ടനാട് എംഎല്‍എയായ തോമസ് ചാണ്ടി മന്ത്രിയാകുന്നത്. തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന എന്‍സിപി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു . പാര്‍ട്ടി പ്രതിനിധിയായി തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നല്‍കിയിരുന്നു. എല്‍ഡിഎഫ് സംസ്ഥാനകമ്മിറ്റി യോഗവും എന്‍സിപി തീരുമാനം അംഗീകരിച്ചു.

എന്‍സിപി ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗമായ തോമസ് ചാണ്ടി കുട്ടനാട് മണ്ഡലത്തില്‍നിന്ന് മൂന്നാംതവണയാണ് വിജയിച്ചത്. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് ഡിഐസി രൂപീകരിച്ച കെ കരുണാകരന്‍ നിര്‍ത്തിയ 18 സ്ഥാനാര്‍ഥികളില്‍ ജയിച്ചത് ചാണ്ടി മാത്രമായിരുന്നു. 2006ല്‍ ഡിഐസി സ്ഥാനാര്‍ഥിയായും 2011ലും 2016ലും എന്‍സിപിയിലൂടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായും വിജയിച്ചു.
മേഴ്സി ചാണ്ടിയാണ് ഭാര്യ. മക്കള്‍: ബെറ്റി ചാണ്ടി (അമേരിക്ക), ഡോ. റ്റോബി ചാണ്ടി (ലേക്ഷോര്‍ ഹോസ്പിറ്റല്‍), ടെസ്സി ചാണ്ടി. മരുമക്കള്‍: ലൈനി മാത്യു, ഡോ. അന്‍സു സൂസന്‍ സണ്ണി (എറണാകുളം ജില്ലാ ആശുപത്രി). ജോയല്‍ ജേക്കബ്.

കുട്ടനാടിന്റെ ആദ്യമന്ത്രി
സംസ്ഥാനം രൂപംകൊണ്ടശേഷം ആദ്യമായാണ് കുട്ടനാട്ടില്‍ നിന്നൊരു മന്ത്രിയുണ്ടാകുന്നത്. തോമസ് ചാണ്ടിക്ക് കാര്‍ഷിക മേഖലയായ കുട്ടനാടിലെ ആദ്യമന്ത്രിയെന്ന പദവിയാണ് ലഭിക്കുന്നത്. തിരുകൊച്ചി മന്ത്രിസഭയില്‍ കെ എം കോര മന്ത്രിയായിട്ടുണ്ട്. ഇതൊഴിച്ചാല്‍ കുട്ടനാട്ടില്‍ നിന്ന് മന്ത്രിയാകുന്ന ആദ്യയാളാണ് തോമസ് ചാണ്ടി.

ആദ്യരണ്ടുതവണയും തോമസ്ചാണ്ടി ജയിച്ചെങ്കിലും മത്സരിച്ച മുന്നണി പ്രതിപക്ഷത്തായി. കേരള കോണ്‍ഗ്രസ് പ്രതിനിധിയായി യുഡിഎഫിലും എല്‍ഡിഎഫിലുംനിന്ന് കാല്‍നൂറ്റാണ്ടോളം ഡോ. കെ സി ജോസഫ് കുട്ടനാടിന്റെ എംഎല്‍എ ആയെങ്കിലും മന്ത്രിസ്ഥാനം തേടിയെത്തിയില്ല. 2006ല്‍ എല്‍ഡിഎഫിലെ ഡോ. കെ സി ജോസഫിനെ പരാജയപ്പെടുത്തിയാണ് തോമസ് ചാണ്ടി കന്നിവിജയം നേടിയത്. 2016ല്‍ യുഡിഎഫിലെ അഡ്വ. ജേക്കബ് എബ്രഹാമിനെ 4891 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ഇപ്പോള്‍ കുട്ടനാട് മണ്ഡലത്തിന്റെ ഭാഗമായ കൈനകരി, നെടുമുടി, തകഴി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പഴയ അമ്പലപ്പുഴ മണ്ഡലത്തില്‍നിന്ന് വിജയിച്ച ജി സുധാകരന്‍ മന്ത്രിയായിട്ടുണ്ട്. മണ്ഡല പുനര്‍നിര്‍ണയത്തില്‍ ഈ പഞ്ചായത്തുകള്‍ കുട്ടനാടിന്റെ ഭാഗമായി. കുട്ടനാട് മണ്ഡലത്തില്‍നിന്ന് ഇതുവരെ വേറെയാരും മന്ത്രിയായിട്ടില്ല.

കുട്ടനാട്ടില്‍ ഒട്ടനവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ തോമസ് ചാണ്ടിക്കായി. കുട്ടനാട് കുടിവെള്ളപദ്ധതിക്കായി നീരേറ്റുപുറത്ത് ജലശുദ്ധീകരണപ്ളാന്റ് സ്ഥാപിക്കാന്‍ സ്വന്തം പണംമുടക്കി സ്ഥലംവാങ്ങി സര്‍ക്കാരിനുനല്‍കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതിപ്രവര്‍ത്തനം താളംതെറ്റിയെങ്കിലും പദ്ധതി യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുകയാണ്. മുടങ്ങിയ കുട്ടനാട് പാക്കേജ് പ്രവര്‍ത്തനം പുനര്‍ജീവിപ്പിക്കുന്നതിനും കാര്‍ഷികമേഖലയുടെ പുരോഗതിക്കും കൂടുതല്‍ ശ്രദ്ധയുണ്ടാകും എന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

ജലഗതാഗതത്തെ ആശ്രയിക്കുന്ന കൈനകരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഏറെ പ്രതീക്ഷയുണ്ട്. ജലഗതാഗതം കൂടുതല്‍ ശക്തിപ്പെടുത്തിയും നവീകരിച്ചും യാത്രാക്ളേശം പരിഹരിക്കുമെന്ന വിശ്വാസത്തിലാണ് കുട്ടനാട്ടുകാര്‍.

എന്‍സിപി ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗമായ തോമസ് ചാണ്ടി കുട്ടനാട് മണ്ഡലത്തില്‍നിന്ന് മൂന്നാംതവണയാണ് വിജയിച്ചത്. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് ഡിഐസി രൂപീകരിച്ച കെ കരുണാകരന്‍ നിര്‍ത്തിയ 18 സ്ഥാനാര്‍ഥികളില്‍ ജയിച്ചത് ചാണ്ടി മാത്രമായിരുന്നു. 2006ല്‍ ഡിഐസി സ്ഥാനാര്‍ഥിയായും 2011ലും 2016ലും എന്‍സിപിയിലൂടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായും വിജയിച്ചു. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയരംഗത്തെത്തി. കുവൈത്തിലെ മൂന്ന് സ്കൂളുകളുടെയും സൌദി അറേബ്യയിലെ ഒരു സ്കൂളിന്റെയും ചെയര്‍മാനാണ്. ആലപ്പുഴ പുന്നമടയിലെ ലേക്പാലസ് റിസോര്‍ട്ടിന്റെ ഉടമയാണ്.

കല്ലേകടമ്പില്‍ തറവാട് വെട്ടിക്കാട് കളത്തില്‍പറമ്പില്‍ വി സി തോമസിന്റെയും ഏലിയാമ്മയുടെയും മകനായി 1947 ആഗസ്ത് 29ന് ചേന്നങ്കരിയിലാണ് ജനനം. ചേന്നങ്കരി ദേവമാതാ സ്കൂള്‍, കൈനകരി സെന്റ് മേരീസ് ഹൈസ്കൂള്‍, ആലപ്പുഴ ലീയോ തേര്‍ട്ടീന്ത് സ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍പഠനം. മദ്രാസില്‍നിന്ന് ടെലികമ്യൂണിക്കേഷനില്‍ ഡിപ്ളോമ നേടി.

കുവൈത്ത് ഇന്ത്യന്‍ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു ദീര്‍ഘകാലം. കുവൈത്ത് യുദ്ധകാലത്ത് ഇവാക്യുവേഷന്‍ കമ്മിറ്റിയില്‍ അംഗമായി. കുട്ടനാട് കുടിവെള്ളപദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സ്വന്തം പണം ചെലവിട്ട് സ്ഥലംവാങ്ങി നല്‍കി. മൂന്ന് പതിറ്റാണ്ടായി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. മാര്‍ത്തോമാ സഭാ കൌണ്‍സില്‍ അംഗമാണ്.

തോമസ്ചാണ്ടി മന്ത്രിയാകുന്നതില്‍ സന്തോഷം: ശശീന്ദ്രന്‍

തോമസ്ചാണ്ടി എംഎല്‍എയെ മന്ത്രിയാക്കാനുള്ള തീരുമാനം എല്‍ഡിഎഫ് അംഗീകരിച്ചതില്‍ അതിയായ ആഹ്ളാദമുണ്ടെന്ന് എ കെ ശശീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസ്ഥാനം സംബന്ധിച്ച് മാധ്യമങ്ങള്‍ ഉയര്‍ത്തിയ എല്ലാ അഭ്യൂഹങ്ങള്‍ക്കും ഇതോടെ വിരാമമായി. രാജിവച്ചപ്പോള്‍ മന്ത്രിസ്ഥാനം സംബന്ധിച്ച് ചിന്തിച്ചിട്ടില്ല. ചാനല്‍വാര്‍ത്തയുമായി ബന്ധപ്പെട്ട അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും. മാധ്യമങ്ങള്‍ നല്‍കിയ പിന്തുണയില്‍ സന്തോഷമുണ്ട്. മാധ്യമങ്ങള്‍ പൊതുജീവിതത്തില്‍ കാവല്‍ക്കാരായി തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments