ആധുനിക കേരള ചരിത്രത്തിലെ സുപ്രധാന അധ്യയങ്ങളിലൊന്നായ ചാരായ നിരോധനത്തിന് ഇന്ന് ഇരുപത്തിയൊന്നാം വാർഷികം. 1996 ഏപ്രിൽ ഒന്നിനാണ് എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ സംസ്ഥാനത്തു ചാരായ നിരോധനം നടപ്പാക്കിയത്. ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ ബാറുകൾ പൂട്ടണമെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധിയെത്തിയതു ചാരായ നിരോധനത്തിന്റെ വാർഷികത്തലേന്നാണെന്നതും ചരിത്രത്തിന്റെ ഉപപാഠം.
നിരവധി മദ്യദുരന്തങ്ങൾക്കും സാമൂഹ്യവിരുദ്ധ പ്രവണതകൾക്കും കുടുംബത്തകർച്ചകൾക്കും വഴിതെളിച്ച ചാരായഷാപ്പുകൾക്കെതിരെ പൊതുവികാരം ശക്തമായതോടെയാണു ചാരായം നിരോധിക്കാനും ഷാപ്പുകൾ അടക്കാനും സർക്കാർ തയാറായത്. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ധാരാളമായുണ്ടായിരുന്ന ചാരായ ഷാപ്പുകളുടെ പരിസരങ്ങളിലും കുടുംബങ്ങളിലും നിരോധനത്തിനു ശേഷം സമാധാന ജീവിതമുണ്ടായി. ചാരായം കുടിച്ചിരുന്നവരിൽ ചിലർ വിശേദമദ്യത്തിലേക്കു തിരിഞ്ഞുവെങ്കിലും ഏറെപ്പേർ മദ്യപാനം ഉപേക്ഷിച്ചുവെന്നാണു കണക്കുകൾ. തുടർന്നുവന്ന സർക്കാരുകളൊന്നും ചാരായ നിരോധനം പിൻവലിക്കാൻ തയാറായില്ലെന്നതു 1996 ലെ സുപ്രധാന തീരുമാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു.
ചാരായ നിരോധനത്തിനു ശേഷം വലിയ മദ്യദുരന്തങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. സന്പൂർണ മദ്യനിരോധനത്തിലേക്കുള്ള മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ നിരന്തരമായ ആവശ്യങ്ങളിലേക്കുള്ള ചുവടുവയ്പായി ചാരായനിരോധനം പരക്കെ അംഗീകരിക്കപ്പെട്ടു. കഴിഞ്ഞ യുഡിഎഫ് സർക്കാർ പഞ്ചനക്ഷത്ര പദവിയുള്ളവ ഒഴികെയുള്ള ബാറുകളെല്ലാം അടച്ചുപൂട്ടാൻ തീരുമാനിച്ചതു ചാരായ നിരോധനത്തിനു ശേഷം ഈ രംഗത്തെ നിർണായകമായ മറ്റൊരു ചുവടുവയ്പായിരുന്നു. ബിവറേജസ് ഒൗട്ട്ലെറ്റുകൾ 10 ശതമാനം വീതം ഓരോ വർഷവും അടച്ചുപൂട്ടാനുള്ള തീരുമാനവും ശ്രദ്ധേയമായി. സർക്കാർ തീരുമാനത്തെ സുപ്രീം കോടതിയും ശരിവച്ചു.
ബാറുകൾ അടച്ചുപൂട്ടിയതോടെ കേരളത്തിൽ മദ്യ ഉപഭോഗത്തിൽ 24 ശതമാനം കുറവുവന്നുവെന്നാണ് എക്സൈസ് വകുപ്പിന്റെ കണക്കുകൾ. ആക്രമണകേസുകൾ, ഗാർഹിക പീഡനങ്ങൾ, ആത്മഹത്യകൾ, കൊലപാതകങ്ങൾ എന്നിവയിൽ ഗണ്യമായ കുറവുണ്ടായെന്നു വിവിധ എൻജിഒകളുടെയും പഠനങ്ങളിൽ വ്യക്തമായിട്ടുണ്ടെന്നു കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു.
ബിവറേജസ് ഒൗട്ട്ലെറ്റുകൾ 10 ശതമാനം വീതം അടച്ചുപൂട്ടാനുള്ള മുൻ സർക്കാരിന്റെ തീരുമാനം ഇപ്പോഴത്തെ എൽഡിഎഫ് സർക്കാർ പിൻവലിച്ചെങ്കിലും പൂട്ടിയ ബാറുകൾ തുറക്കാൻ തയാറായിട്ടില്ല. സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം പണിപ്പുരയിലിരിക്കെയാണു വിഷയത്തിൽ രാജ്യത്തെ പരമോന്നത കോടതിയുടെ നിർണായക വിധി. ചരിത്ര പ്രാധാന്യമുള്ള ചാരായ നിരോധനത്തിന്റെ വാർഷികത്തലേന്നെത്തിയ ചരിത്രപരമെന്നു വിശേഷിപ്പിക്കേണ്ട വിധിയെ സംസ്ഥാന സർക്കാരും സ്വാഗതം ചെയ്തതോടെ മദ്യനിരോധന പ്രവർത്തന രംഗങ്ങളിലുള്ളവരിൽ പ്രതീക്ഷ വർധിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം മുൻനിർത്തി മദ്യലഭ്യത കുറയ്ക്കാനുള്ള പരിശ്രമങ്ങൾക്ക് ഉൗർജം പകരുന്ന പുതിയ സുപ്രീം കോടതി വിധി സംസ്ഥാനത്തെ സമ്പൂർണ്ണ മദ്യനിരോധനത്തിലേക്കുള്ള പാതയിൽ പുതിയ ഘട്ടമാകും.