ഗുജറാത്ത് പുറങ്കടലിലെ 3500 കോടിയുടെ ലഹരിമരുന്നു വേട്ട കഴിഞ്ഞ രണ്ടുമാസത്തെ പഴുതടച്ച നിരീക്ഷണത്തിനൊടുവിൽ. പാനമയിൽ റജിസ്റ്റർ ചെയ്ത എംവി ഹെന്നറി (പ്രിൻസ് 2) കപ്പലിൽ നിന്നാണു ഞായറാഴ്ച 1500 കിലോ ഹെറോയിൻ തീരസേന പിടികൂടിയത്.
ഇതോടനുബന്ധിച്ചു മൂന്നുപേരെ ഗുജറാത്ത് തീവ്രവാദവിരുദ്ധ സേന (എടിഎസ്) വിവിധ സ്ഥലങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു. കപ്പിത്താൻ സുപ്രീത് തിവാരിയുടെ സഹോദരനെ കൊൽക്കത്ത പൊലീസിന്റെ പ്രത്യേക സംഘം പിടികൂടി. കപ്പലിലെ ജോലിക്കാരുടെ ഉപഗ്രഹ ഫോൺ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിൽ വേറെ മൂന്നുപേരെയും പിടിച്ചു.
ലഹരിമരുന്നു മാഫിയകളുമായുള്ള സുപ്രീത് തിവാരിയുടെ ബന്ധത്തെപ്പറ്റി കഴിഞ്ഞ മേയിൽ തന്നെ സുരക്ഷാ ഏജൻസികൾക്കു വിവരം ലഭിച്ചിരുന്നു. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ പർവീൺ കുമാർ എന്ന നാവികൻ പിടിയിലായതോടെയായിരുന്നു ഇത്. നാവികർ നിർബന്ധമായും സൂക്ഷിച്ചിരിക്കേണ്ട സീമാൻ സർവീസ് ബുക്ക് രേഖയുടെ വ്യാജ പകർപ്പ് പർവീണിൽ നിന്നു പിടികൂടിയിരുന്നു.
മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ കടൽയാത്രാ അതോറിറ്റിയാണ് അസൽ നൽകുക. എന്നാൽ ഡൽഹിയിൽ നിന്നു ഷാർജ വഴി ഇറാനിലേക്കു പോകാനിരുന്ന പർവീണിനെ ചോദ്യം ചെയ്തതോടെ വ്യാജരേഖ നൽകിയതു സുപ്രീത് തിവാരിയാണെന്നു വെളിപ്പെടുകയായിരുന്നു.
തിവാരിക്കു രാജ്യാന്തര ലഹരിമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്നുള്ള മൊഴിയെത്തുടർന്ന് അയാളെ നിരീക്ഷണത്തിലാക്കി. ഇതാണു ഞായറാഴ്ചയിലെ അറസ്റ്റിലേക്കു നയിച്ചത്. തിവാരിയുടെ സഹോദരൻ സുജിത്തിനെ കൊൽക്കത്തയിലും അറസ്റ്റ് ചെയ്തു. ഇരുപത്തിരണ്ടുകാരനായ സുജിത് ബിടെക് വിദ്യാർഥിയാണ്. സുജിത്തിനെ ചോദ്യംചെയ്യാൻ ഗുജറാത്ത് എടിഎസ് ഉദ്യോഗസ്ഥർ കൊൽക്കത്തയ്ക്കു തിരിച്ചിട്ടുണ്ട്.
ഇറാനിൽ നിന്നു ഗുജറാത്ത് തീരത്തെ കപ്പൽ പൊളിക്കുന്ന അലാങ് തുറമുഖത്തേക്കായിരുന്നു ഹെറോയിൻ പിടികൂടിയ കപ്പലിന്റെ യാത്രയെങ്കിലും ദുബായിൽ നിന്നു വരുന്ന വഴിയിൽ രണ്ടുദിവസം പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്ത് ഉണ്ടായിരുന്നതായി തീരസേനയ്ക്കു വിവരം ലഭിച്ചിട്ടുണ്ട്. കറാച്ചിയിൽ വച്ചാണു കപ്പലിൽ ലഹരിമരുന്ന് ഒളിച്ചുവച്ചതെന്നാണു നിഗമനം. കൂടുതൽ വിവരങ്ങൾക്കായി കറാച്ചി തുറമുഖ അധികൃതരുമായി ബന്ധപ്പെട്ടിരിക്കുകയാണ്.
കപ്പൽ കറാച്ചിയിൽ അടുത്തതും കറാച്ചി വിട്ടതുമായും ബന്ധപ്പെട്ട വിവരങ്ങളാണു തിരക്കുന്നത്. കൃത്യമായി കപ്പൽ ഏതു തുറമുഖത്തു നിന്നാണു പുറപ്പെട്ടത് തുടങ്ങിയ വിവരങ്ങളും ജോലിക്കാരെ ചോദ്യംചെയ്തതിൽ നിന്നു വെളിവായിട്ടില്ല. ഗുജറാത്ത് തീരത്തു നിന്നു 210 നോട്ടിക്കൽ മൈൽ അകലെ സംശയകരമായ ചരക്കുമായി വിദേശ കപ്പൽ നീങ്ങുന്നതായുള്ള സന്ദേശത്തെ തുടർന്നാണു തീരസേന ജാഗ്രതാനിർദേശം നൽകിയത്.
മറ്റു രണ്ടു ചരക്കുകപ്പലുകളെ തടഞ്ഞുനിർത്തിയെങ്കിലും പരിശോധനകൾക്കു ശേഷം വിട്ടയച്ചു. എന്നാൽ പിടിയിലായ കപ്പൽ ഭാവ്നഗർ ലക്ഷ്യമാക്കി നീങ്ങുന്നതായി കണ്ടെത്തുകയായിരുന്നു. എന്നാൽ ഭാവ്നഗർ തുറമുഖത്ത് ഒരു കപ്പലും അടുക്കാനില്ലെന്നു തെളിഞ്ഞതിനെ തുടർന്നായിരുന്നു എംവി ഹെന്നറിയെ പിടികൂടിയത്.
കപ്പൽ പൊളിക്കാനായി അലാങ് തുറമുഖത്തേക്കു നീങ്ങുകയാണെന്നും കപ്പലിൽ പ്രത്യേകിച്ച് ഒന്നുമില്ലെന്നുമാണു കപ്പിത്താൻ സുപ്രീത് തിവാരി പറഞ്ഞിരുന്നത്. കപ്പലിലെ പത്തു ജോലിക്കാരിൽ കപ്പൽ ഉടമയുടെ ബന്ധുവായ ഒരു ഇറാൻ പൗരനുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്; ഒരു പാക്കിസ്ഥാൻ പൗരനും. ഇരുവരും കറാച്ചി തുറമുഖത്ത് ഇറങ്ങിയതായാണു സംശയം.