അരവിന്ദ് കേജ്‍‍രിവാളിന് നേരെ വീണ്ടും ഷൂ ഏറ്

ഡൽഹി മുഖ്യമന്ത്രിയും ആപ്പ് നേതാവുമായ അരവിന്ദ് കേജ്‍‍രിവാളിന് നേരെ വീണ്ടും ഷൂ ഏറ്. നോട്ട് അസാധുവാക്കൽ വിഷയതോടുള്ള ബന്ധത്തിൽ ഹരിയാനയിലെ റോത്തക്കിൽ സംഘടിപ്പിച്ച പൊതു പരിപാടിക്കിടയിലാണ് സംഭവം. എറിഞ്ഞ ഷൂ കേജ്‍രിവാളിന്റെ ദേഹത്ത് തട്ടിയില്ല. ദാദ്രി സ്വദേശിയായ വിവേക് കുമാര്‍ എന്ന യുവാവാണു ഷൂ എറിഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നുമാണ് വിവേക് കെജ്‌രിവാളിനെതിരെ ഷൂ എറിഞ്ഞത്. എഎപി പ്രവർത്തകർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. 2016 ഏപ്രിലിലും കേജ്‍രിവാളിനു നേരെ സമാനമായ രീതിയിൽ ഷൂ എറിഞ്ഞു പ്രതിഷേധിച്ചിരുന്നു. സ്വാതത്ര്യത്തിനു ശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ അഴിമതിയാണ് നോട്ട് അസാധുവാക്കൽ എന്ന് കേജ്‍രിവാൾ പറഞ്ഞതിനു പ്രതികാരമായാണ് യുവാവ് ഷൂസ് എറിഞ്ഞത് എന്നാണ് അറിയുന്നത്. സ്വന്തം പണമെടുക്കാന്‍ സാധാരണ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യൂവില്‍ നിര്‍ത്തിയെന്നു കേജ്‍രിവാൾ കുറ്റപ്പെടുത്തി. ഷൂ എറിഞ്ഞിട്ടും സി.ബി.ഐയെ കൊണ്ട് റെയിഡ് ചെയ്യിച്ചിട്ടും കാര്യമില്ല, നോട്ടു നിരോധനം, സഹാറ, ബിര്‍ള കോഴ എന്നീ വിഷയങ്ങളിലെല്ലാം മോദിയുമായ യുദ്ധം തുടരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.