മാരാമണ്‍ കണ്‍വന്‍ഷന്റെ 123-ാമത്‌ മഹായോഗം ഫെബ്രുവരി 11 മുതല്‍ 18 വരെ

122-മത് മാരാമണ്‍ കണ്‍വൻഷന് ഫെബ്രുവരി 12 നു

മാരാമണ്‍ കണ്‍വന്‍ഷന്റെ 123-ാമത്‌ മഹായോഗം ഫെബ്രുവരി 11 മുതല്‍ 18 വരെ പമ്പാനദിയിലെ മണല്‍പ്പുറത്ത്‌ തയാറാക്കിയ പന്തലില്‍ നടക്കും. 11ന്‌ 2.30-ന്‌ പത്മഭൂഷണ്‍ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ പ്രാരംഭ ആരാധനയ്‌ക്ക്‌ നേതൃത്വം നല്‍കും. മാര്‍ത്തോമ്മാ സഭ മേലധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ്‌ ഡോ. യുയാക്കിം മാര്‍ കൂറിലോസ്‌ എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിക്കും.
ഗീവര്‍ഗീസ്‌ മാര്‍ അത്താനാസ്യോസ്‌ സഫ്രഗന്‍ മെത്രാപ്പോലീത്ത, എപ്പിസ്‌കോപ്പാമാരായ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌, ജോസഫ്‌ മാര്‍ ബര്‍ന്നബാസ്‌, തോമസ്‌ മാര്‍ തിമഥിയോസ്‌, ഡോ. ഐസക്ക്‌ മാര്‍ പീലക്‌സിനോസ്‌, ഡോ.എബ്രഹാം മാര്‍ പൗലോസ്‌, ഡോ. മാത്യൂസ്‌ മാര്‍ മക്കാറിയോസ്‌, ഗ്രിഗോറിയോസ്‌ മാര്‍ സ്‌തേഫാനോസ്‌, ഡോ. തോമസ്‌ മാര്‍ തീത്തോസ്‌, ദൈവശാസ്‌ത്ര പണ്ഡിതരും പ്രസിദ്ധ സുവിശേഷ പ്രസംഗകരുമായ ബിഷപ്പ്‌ പീറ്റര്‍ ഡേവിഡ്‌ ഈറ്റണ്‍(ഫ്‌ളോറിഡ), റവ. ഡോ. ഫ്രാന്‍സിസ്‌ സുന്ദര്‍രാജ്‌ (ചെന്നൈ), ഡോ.ആര്‍. രാജ്‌കുമാര്‍ (ഡല്‍ഹി), റവ.ഡോ.വിനോദ്‌ വിക്‌ടര്‍ (തിരുവനന്തപുരം) എന്നിവരാണ്‌ ഈ വര്‍ഷത്തെ മുഖ്യ പ്രാസംഗികര്‍.
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 നും ഉച്ചക്കഴിഞ്ഞ്‌ രണ്ടിനും വൈകിട്ട്‌ 6.30നും നടക്കുന്ന പൊതുയോഗങ്ങള്‍ക്കു പുറമെ രാവിലെ 7.30 മുതല്‍ 8.30 വരെ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമുള്ള ബൈബിള്‍ ക്ലാസും കുട്ടികളുടെ പ്രത്യേക യോഗവും നടക്കും. 13 ന്‌ രാവിലത്തെ യോഗത്തില്‍ പത്മഭൂഷണ്‍ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത പ്രസംഗിക്കും.
14 ന്‌ രാവിലെ 10 ന്‌ എക്യുമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലധ്യക്ഷന്മാര്‍ പങ്കെടുക്കും. ഉച്ച കഴിഞ്ഞ്‌ രണ്ടിന്‌ സാമൂഹിക തിന്മകള്‍ക്കെതിരേയുള്ള ബോധവല്‍ക്കരണ സമ്മേളനത്തില്‍ ബിഷപ്പ്‌ ഉമ്മന്‍ ജോര്‍ജ്‌ പ്രസംഗിക്കും. വൈകിട്ട്‌ നാലിന്‌ മദ്യവര്‍ജന സമിതിയുടെ നേതൃത്വത്തില്‍ പ്രത്യേക കൂട്ടായ്‌മയുമുണ്ട്‌. വ്യാഴം മുതല്‍ ശനിവരെ യുവജനങ്ങള്‍ക്കു വേണ്ടിയുള്ള യുവവേദി യോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്‌. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ്‌ സന്നദ്ധ സുവിശേഷക സംഘത്തിന്റെയും വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളാണ്‌. 17ന്‌ ഉച്ചകഴിഞ്ഞ്‌ സുവിശേഷപ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള മിഷനറി യോഗം. പൂര്‍ണ സമയ സുവിശേഷ വേലയ്‌ക്കായുള്ള പ്രതിഷ്‌ഠാ ശുശ്രൂഷ കോഴഞ്ചേരി സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മാ പള്ളിയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 7.30 ന്‌ നടക്കും.
12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ 16 നും, 12 ന്‌ മുകളില്‍ ഉള്ളവര്‍ക്ക്‌ 17 നുമാണ്‌ പ്രതിഷ്‌ഠാശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നതെന്ന്‌ ജനറല്‍ സെക്രട്ടറി റവ.ജോര്‍ജ്‌ എബ്രഹാം, ലേഖക സെക്രട്ടറി സി.വി.വര്‍ഗീസ്‌, സഞ്ചാര സെക്രട്ടറി റവ. സാമുവല്‍ സന്തോഷം, ട്രഷറര്‍ അനില്‍ മാരാമണ്‍, മീഡിയ കമ്മറ്റി കണ്‍വീനര്‍മാരായ അനീഷ്‌ കുന്നപ്പുഴ, പി.എ.സജിമോന്‍, സഭാ ട്രസ്‌റ്റി പി.പി.അച്ചന്‍കുഞ്ഞ്‌, മാനേജിങ്‌ കമ്മറ്റി അംഗങ്ങളായ റവ. എബി.കെ. ജോഷ്വാ, അനില്‍ എം ജോര്‍ജ്‌, എ.എം.മാണി, റവ.റോയി ഗീവര്‍ഗീസ്‌, ഡോ. എബി തോമസ്‌ വാരിക്കാട്‌, സജി.എം. ജോര്‍ജ്‌ എന്നിവര്‍ അറിയിച്ചു.