കേരളത്തിൽ കടുത്ത വരൾച്ച നേരിടുന്ന ഘട്ടത്തിൽ വ്യാപകമായി കുടിവെള്ളം ദുരുപയോഗം. കുപ്പിവെള്ള സംഘങ്ങൾ കേരളത്തിൽ പിടിമുറുക്കുന്നു. നിലവാരമില്ലാത്ത വെള്ളം കുപ്പികളിലാക്കി കച്ചവടത്തിനെത്തിക്കുന്ന സംഘങ്ങളാണ് ഉപഭോക്താക്കൾക്കു ഭീഷണിയാകുന്നത്. നിരവധി ചെറുകിട കമ്പനികളാണ് വേനൽ ചൂടിൽ കുപ്പിവെള്ള ബിസിനസ് എന്ന പേരിൽ തട്ടിപ്പ് നടത്തുന്നതെന്നു വ്യാപാരികൾ പറയുന്നു. കൊച്ചി നഗരപരിധിയിൽ ഇത്തരം സംഘങ്ങളുടെ പ്രവർത്തനം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് നഗരസഭാ ആരോഗ്യ വിഭാഗവും ചൂണ്ടിക്കാട്ടുന്നു.
എന്നാൽ മതിയായ പരിശോധനകൾ നടത്താനും ഇത്തരം സംഘങ്ങളെ കണ്ടെത്താനും വേണ്ട സംവിധാനങ്ങൾ ഇല്ലാത്തത് ഇവർക്ക് തണലാകുകയാണ്. വ്യാജ ഐഎസ്ഐ മുദ്രവരെ പതിപ്പിച്ച് ഇത്തരക്കാർ കച്ചവടം നടത്തുന്നുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്. സർക്കാരിന്റെ മാർഗ നിർദേശങ്ങൾ ഒന്നും പാലിക്കാതെയാണ് ഇത്തരക്കാരുടെ കച്ചവടം.
കുപ്പിവെള്ള നിർമാണത്തിനു സ്ഥിരമായി വെള്ളമെടുക്കുന്ന ജലസ്രോതസുകളിൽ നിന്നും സാമ്പിളെടുത്ത് ഗുണമേൻമ ഉറപ്പുവരുത്തണമെന്നാണ് ചട്ടം. ശുദ്ധീകരണ പ്ലാന്റുകൾക്കും സർക്കാർ വ്യക്തമായ മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇവ പാലിക്കുന്ന കമ്പനികൾക്കു മാത്രമേ ലൈസൻസ് നൽകാറുള്ളുവെങ്കിലും മതിയായ പരിശോധനകൾ ഇല്ലാത്തതിനാലാണു വ്യാജ കമ്പനികൾ പെരുകുന്നത്.
എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മിക്ക പ്രദേശങ്ങളിലും ജലസ്രോതസുകൾ വറ്റിക്കഴിഞ്ഞു. ഇതോടെ മലിനമായ പുഴകളും കുളങ്ങളുമാണ് ഇവർ ജലം ശേഖരിക്കാനായി ഉപയോഗിക്കുന്നത്. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന കുപ്പികൾ ശേഖരിച്ച് വെള്ളം നിറയ്ക്കുന്നതും പതിവാണ്. നിലവാരമുള്ള കമ്പനികളുടെ വ്യാജ പേരിലും കുടിവെള്ളം വിൽപനയ്ക്കെത്തിക്കുന്നുണ്ട്. ഒരിക്കൽ ലൈസൻസ് ലഭിച്ചാൽ ഇതിന്റെ മറവിൽ കൂടുതൽ കേന്ദ്രങ്ങളിൽ നിന്നും ഇത്തരത്തിൽ വെള്ളമെത്തിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
മറ്റുള്ള കമ്പനികളുടെ വെള്ളത്തെ അപേക്ഷിച്ച് വ്യാജ കമ്പനികൾ കുറഞ്ഞ വിലയ്ക്ക് നൽകുന്നതിനാൽ കച്ചവടക്കാർക്കും ഇതാണു ലാഭം. എന്നാൽ ഇത്തരം വെള്ളം ഉപയോഗിക്കുന്നവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ട്. ചെറുകിട ബേക്കറികളും പെട്ടിക്കടകളും കേന്ദ്രീകരിച്ചാണു വ്യാജ കുപ്പിവെള്ള വിൽപ്പന പ്രധാനമായും നടക്കുന്നത്. മറ്റു പ്രമുഖ കമ്പനികളുടെ വെള്ളം വിറ്റാൽ അഞ്ചുരൂപയോളമേ കമ്മിഷൻ ലഭിക്കുകയുള്ളൂ. എന്നാൽ നിലവാരം കുറഞ്ഞ കുപ്പിവെള്ളത്തിന്റെ 12 എണ്ണമുള്ള പായ്ക്കറ്റു വാങ്ങുമ്പോൾ കച്ചവടക്കാരൻ 10 എണ്ണത്തിന്റെ വില നൽകിയാൽ മതിയാകും. അതോടൊപ്പം കൂടിയ കമ്മിഷനും ലഭിക്കും. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും കുപ്പിവെള്ള മാഫിയയുടെ കാര്യത്തിൽ അനാസ്ഥയാണു കാണിക്കുന്നതെന്നു ഉപഭോക്താക്കൾ പറയുന്നു.
വേനൽ ചൂടിന്റെ മറവിൽ വ്യാജന്മാർ
RELATED ARTICLES