ബാബു ആന്റണിയുമായുള്ള പ്രണയം
മലയാള സിനിമയില്‍ സൂപ്പര്‍ നായികയായും വിവാദത്തിന്റെ കളിത്തോഴിയായും നിറഞ്ഞുനിന്ന താരമാണ് ചാര്‍മിള . ചാര്‍മിളയുടെ അഭിനയജീവിതത്തിലും വ്യക്തിജീവിതത്തിലും ബാബു ആന്റണിയുമായുള്ള പ്രണയവും വേര്‍പിരിയലുമെല്ലാം ഒരിക്കലും നികത്താനാവാത്ത നഷ്ടങ്ങള്‍ സമ്മാനിച്ചു.
കിടക്ക പങ്കിട്ടാല്‍ നല്ല വേഷം
ഇപ്പോള്‍ തെലുങ്കിലും തമിഴിലും അമ്മ വേഷങ്ങളില്‍ ഒതുങ്ങിക്കൂടുകയാണ് നടി. അടുത്തിടെ ഒരു സിനിമ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തില്‍ ജീവിതത്തില്‍ തനിക്ക് നേരിട്ട വേദനാജനകമായ സാഹചര്യങ്ങള്‍ പങ്ക് വെച്ചു. കിടക്ക പങ്കിട്ടാല്‍ നല്ല വേഷം തരാമെന്നു മലയാളത്തിലെ ചില താരങ്ങളും സംവിധായകരും പറഞ്ഞതായിരുന്നു അതില്‍ പ്രധാനം.
കൂടെക്കിടന്നാല്‍ മാത്രമേ നടിയാവുകയുള്ളോ?
തമിഴിലും തെലുങ്കിലും അമ്മ വേഷമാണ് ഞാന്‍ ചെയ്യുന്നത്. മലയാളത്തില്‍ പക്ഷേ അഡ്ജസ്റ്റ് ചെയ്യാമോയെന്നാണ് ചോദിക്കുന്നത്. മലയാളത്തില്‍ നിന്ന് മാത്രമേ ഇങ്ങനെ എന്നോട് ചോദിക്കുന്നുള്ളൂ. ചില സംവിധായകരും നടന്മാരും ഇത്തരത്തില്‍ ചോദിച്ചിട്ടുണ്ട്. നടിയെ നടിയായി കാണാതെ വന്ന് കിടക്ക് എന്നുപറഞ്ഞാല്‍? കൂടെക്കിടന്നാല്‍ മാത്രമേ നടിയാവുകയുള്ളോ? എനിക്ക് 42 വയസായി. എന്റെ പ്രായത്തെ പോലും ബഹുമാനിക്കുന്നില്ല.
എന്റെ ജീവിതത്തെ ചതിച്ചത് ഞാന്‍ തന്നെയാണ്
മലയാളത്തില്‍ അഭിനയിക്കാന്‍ എനിക്ക് ഇഷ്ടമാണ്. പക്ഷേ, കിടന്ന് കിട്ടുന്ന ചാന്‍സ് വേണ്ട എനിക്ക്. പ്രൊഡക്ഷന്‍ മാനേജരും മറ്റുമൊക്കെയാണ് എന്നോട് മോശമായി സംസാരിക്കുന്നത്. പ്രണയകാലത്തെ ജീവിതത്തെക്കുറിച്ചും ചാര്‍മിള മറയില്ലാതെ വിവരിച്ചു. ബാബു ആന്റണിയുമായുള്ള പ്രണയം പരാജയപ്പെട്ടതില്‍ അദ്ദേഹത്തെ ഞാന്‍ കുറ്റപ്പെടുത്തില്ല. എന്റെ ജീവിതത്തെ ചതിച്ചത് ഞാന്‍ തന്നെയാണ്. പുള്ളിയെ ഞാന്‍ ഒരുപാട് വിശ്വസിച്ചിരുന്നു. വിവാഹത്തിന് എന്റെ വീട്ടുകാര്‍ക്കും സമ്മതമായിരുന്നു. പുള്ളിയ്ക്കും ഇഷ്ടമായിരുന്നു കല്ല്യാണത്തിന് എന്നാണ് എനിക്ക് തോന്നിയത്. പിന്നെ, അമേരിക്കയിലെ ഗ്രീന്‍കാര്‍ഡൊക്കെ കിട്ടിയപ്പോള്‍ എന്നെ വിട്ടു. ഇപ്പോഴും അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്.
ഇപ്പോള്‍ ഓട്ടോറിക്ഷയിലാണ് യാത്ര
കിട്ടിയ പണമെല്ലാം പലരും അടിച്ചുകൊണ്ട് പോയിട്ടുണ്ടെന്ന് ചാര്‍മിള പറയുന്നു. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നു. അക്കാലത്ത് അത്യാവശ്യം കാശും സമ്പാദിച്ചിരുന്നു. ആദ്യ കാലങ്ങളില്‍ കിട്ടിയ പണമൊക്കെ അച്ഛനെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. കുറേ പണം അച്ഛന്‍ ഷെയര്‍ മാര്‍ക്കറ്റിലാണ് നിക്ഷേപിച്ചത്. അതില്‍ കുറേ പണം നഷ്ടമായി. പിന്നെ കുറെ പണം പ്രണയിച്ചിരുന്നവര്‍ കൊണ്ടുപോയി. ഞാന്‍ സ്‌നേഹിച്ചവര്‍ക്കെല്ലാം എന്റെ പണം ആവശ്യമായിരുന്നു. അന്ന് ഒന്നും അറിയാത്ത പ്രായമായിരുന്നു. ചോദിച്ചവര്‍ക്കൊക്കെ പണം കൊടുത്തു. ഇപ്പോള്‍ സ്വന്തമായി ഒരു വാഹനം പോലുമില്ല. എവിടെയെങ്കിലും പോകണമെങ്കില്‍ ഓട്ടോറിക്ഷയിലാണ് യാത്ര. മകന്റെ സ്കൂള്‍ ഫീസും മറ്റും നല്‍കുന്നത് തമിഴ് നടികര്‍ സംഘത്തിലെ വിശാല്‍ കാര്‍ത്തി ആണ്- ചാര്‍മിള പറഞ്ഞു നിര്‍ത്തുന്നു.