യുഎസിലെ ആഭ്യന്തര അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ജീവനക്കാരി സിറിയയിലെത്തി ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരനെ വിവാഹം ചെയ്തുവെന്ന് രാജ്യാന്തര മാധ്യമമായ സിഎൻഎൻ.
എഫ്ബിഐയുടെ പരിഭാഷകയായി ജോലി നോക്കിയിരുന്ന ഡാനിയേല ഗ്രീനെ ജർമൻക്കാരനായ ഡെനിസ് കുസ്പെർട്ടിനെയാണ് വിവാഹം ചെയ്തത്. അബു തൽഹ അൽ–അൽമാനിയെന്ന പേരിൽ ഐ എസിൽ കുസ്പെർട്ട് പ്രവർത്തിച്ചിരുന്നു. കുസ്പെർട്ടിനെക്കുറിച്ച് അന്വേഷണം നടത്താൻ എഫ്ബിഐ ചുമതലപെടുത്തിയ ഡാനിയേല 2014 ലാണ് ഈ വിവാദ വിവാഹം ബന്ധത്തിലേർപ്പെട്ടത്.
ജർമൻ വംശജയായ ഡാനിയേലക്ക് 2011ലാണ് എഫ്ബിഐയിൽ പരിഭാഷകയായി കരാർ അടിസ്ഥാനത്തിൽ ജോലി ലഭിച്ചത്. തുടർന്ന് 2014 ജനുവരിയിൽ ഡെട്രോയിറ്റിലെ ഓഫിസിൽ ജോലി ചെയ്യവെയാണ് കുസ്പെർട്ടിനെക്കുറിച്ച് അന്വേഷിക്കാനുള്ള ചുമതല ലഭിക്കുന്നത്.
2014 ജൂണ്‍ 11ന് കുടുംബത്തെ കാണാനെന്ന പേരിൽ ഗ്രീനെ ഇസ്താംബൂളിലേക്കു പോയി. എന്നാൽ സിറിയയിലെത്തി കുസ്പെർട്ടിനെ വിവാഹം കഴിക്കുകയായിരുന്നുവെന്ന് കോടതി രേഖകൾ തെളിവ് നൽകുന്നു. പിന്നീട് ഡാനിയേല ഗ്രീനെ സിറിയയിൽനിന്നു യുഎസിലെത്തി. അതേവർഷം ഓഗസ്റ്റ് എട്ടിന് ഇവരെ അറസ്റ്റ് ചെയ്തു. തുടർന്ന് ഗ്രീനെയ്ക്ക് രണ്ടു വർഷം ശിക്ഷ ലഭിച്ചുവെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
അന്വേഷണത്തോട് സഹകരിച്ചതിനാലാണ് ഗ്രീനെയുടെ രണ്ടു വർഷത്തെ കുറഞ്ഞ ശിക്ഷ നല്കാൻ കാരണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.