ഫെയ്സ്ബുക്ക് വഴി ചെറുപ്പക്കാരുമായി തന്ത്രപൂർവ്വം അടുപ്പം സ്ഥാപിക്കുകയും തുടർന്ന് തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുകയും ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയും സുഹൃത്തും അറസ്റ്റിൽ. കൊച്ചിയിലാണ് യുവാവിനെയും പെൺകുട്ടിയെയും അറസ്റ്റ് ചെയ്തത്. തൃശൂര്‍ കുന്ദംകുളം സ്വദേശിനി കൃഷ്ണേന്ദുവും (21) സുഹൃത്ത് ജിന്‍സണുമാണ് അറസ്റ്റിലായത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവാക്കള്‍ക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപയാണ് തട്ടിയെടുത്തത്. 83 യുവാക്കളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. വെണ്ണല സ്വദേശിയുടെ പരാതിയിൽ പലാരിവട്ടം പൊലീസ് യുവാവിനെയും പെൺകുട്ടിയെയും തന്ത്രപൂർവം സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു.
ഗൾഫിൽ സ്വന്തമായി തുടങ്ങാൻ പോകുന്ന ഫാഷൻ ഡിസൈനിങ് സ്ഥാപനത്തിൽ സെയിൽസ് മാൻ തസ്തികയിലേക്കു ജോലിക്ക് ആളുകളെ ആവശ്യമുണ്ടെന്നു വിശ്വസിപ്പിച്ചാണ് 53,000 രൂപാ വീതം ആകെ 45 ലക്ഷത്തോളം രൂപ ഇരുവരും ചേർന്നു തട്ടിയെടുത്തത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തുക നിക്ഷേപിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഫെയ്സ്ബുക്കിലൂടെ യുവതിയുമായി പരിചയത്തിലായവരും അവരുടെ സുഹൃത്തുക്കളുമാണ് പ്രധാനമായും തട്ടിപ്പിന് ഇരയായത്. ഉദ്യോഗാർഥികളിൽനിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികൾ ആർഭാട ജീവിതം നയിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.