ആലുവ പൊലീസ് ക്ലബിൽ വിളിച്ചു വരുത്തി നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അഡ്വ.ഫെനി ബാലകൃഷ്ണന്റെ മൊഴിയെടുത്തു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാറിനായി ജാമ്യം എടുത്ത് നൽകണമെന്നാവശ്യപ്പെട്ട് തന്നെ വന്നു കണ്ട രണ്ടുപേരിൽ ഒരാളെ ഫെനി ബാലകൃഷ്ണൻ തിരിച്ചറിഞ്ഞു. പൊലീസ് കാണിച്ച ചിത്രങ്ങളിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞ്.
രണ്ടു ദിവസമായി പലരും തന്നെ വിളിക്കുന്നുണ്ടെന്നും കേസിൽ ചില പ്രമുഖ നടിമാരുടെ പേര് പറയാൻ സമ്മർദ്ദമുണ്ടെന്നും ഫെനി അന്വേഷണ സംഘത്തോട് പറഞ്ഞു. സോളാര്‍ കേസില്‍ സരിത എസ്.നായര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനാണ് ഫെനി ബാലകൃഷ്ണന്‍.
നടി ആക്രമിക്കപ്പെട്ടതിനു ശേഷം സുനിക്ക് കോടതിയിൽ കീഴടങ്ങുന്നതിന് നിയമ സഹായം തേടി സുനിയുടെ രണ്ട് സുഹൃത്തുക്കൾ തന്നെ വന്നു കണ്ടിരുന്നുവെന്നും ഇവർ ഒരു മാഡത്തെ കുറിച്ച് സംസാരിച്ചുവെന്നും ഫെനി നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഫെനിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി കീഴടങ്ങാന്‍ തന്നെ സമീപിച്ചിരുന്ന കാര്യം ദിലീപിനോട് പറഞ്ഞതായി ഫെനി ബാലകൃഷ്ണൻ മൊഴി നൽകാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ദിലീപിന് മെസ്സേജ് അയക്കുകയാണ് ചെയ്തത്. മെസ്സേജ് കണ്ട ദിലീപ് എന്നെ തിരികെ വിളിച്ചു. അപ്പോഴാണ് തന്നെ തകർക്കാൻ ശ്രമം നടക്കുന്നതായി വെളിപ്പെടുത്തിയത്.
പൾസർ സുനി കീഴടങ്ങുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ രണ്ടുപേർ എന്റെ അടുത്തെത്തിയിരുന്നു. ചെങ്ങന്നൂരിൽവച്ചാണ് ഇവരുമായി കൂടിക്കാഴ്ച നടത്തിയത്. മാവേലിക്കര കോടതിയിൽ ഹാജരാകാൻ അവരോട് ആവശ്യപ്പെട്ടു. പക്ഷേ അവിടെ ഹാജരാകാൻ അവർക്ക് താൽപര്യമുണ്ടായിരുന്നില്ല. മാഡത്തോട് അന്വേഷിച്ചിട്ട് മറുപടി പറയാം എന്നു പറഞ്ഞാണ് അവർ മടങ്ങിയതെന്നും ഫെനി മാധ്യമങ്ങളോട് പറഞ്ഞു.