Thursday, May 2, 2024
HomeNationalഅയ്യപ്പ ഭക്തന്‍ അഡ്വ.വി.കെ.ബിജു സുപ്രീംകോടതിയില്‍ മുന്നോട്ടുവച്ച തീപ്പൊരി വാദങ്ങള്‍

അയ്യപ്പ ഭക്തന്‍ അഡ്വ.വി.കെ.ബിജു സുപ്രീംകോടതിയില്‍ മുന്നോട്ടുവച്ച തീപ്പൊരി വാദങ്ങള്‍

ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍, വിശ്വാസികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ.വി.കെ.ബിജു സുപ്രീംകോടതിയില്‍ മുന്നോട്ടുവച്ച വാദങ്ങള്‍ തീപ്പൊരി പാറിക്കുന്നു. കോടതിക്കും ചീഫ് ജസ്റ്റിസിനുമെതിരായ രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരാവേണ്ടിയിരുന്ന അഡ്വ. വി. കെ. ബിജു വക്കാലത്ത് ഒഴിഞ്ഞ ശേഷമാണ് വിശ്വാസികള്‍ക്ക് വേണ്ടി ഹാജരായത്. റിപ്പോര്‍ട്ടര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കോടതിക്കും ചീഫ് ജസ്റ്റിസിനും എതിരായി രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതവും ധിക്കാരപരവും ജുഡീഷ്യറിയുടെ അന്തസ്സിനെ ഹനിക്കുന്നതും ആണെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ രാഹുല്‍ ഈശ്വറിന് വേണ്ടി ഹാജരാവാനോ വാദിക്കാനോ വിസമ്മതിച്ചത്. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തോളം കാലം ഈ കേസിനായി വളരെയധികം തയ്യാറെടുപ്പുകളും പഠനങ്ങളും നടത്തിയ തനിക്ക് വിശ്വാസികള്‍ക്ക് വേണ്ടി നീതിപീഠത്തിന് മുന്‍പില്‍ വിഷയം അവതരിപ്പിക്കാന്‍ അനുവാദം തരണമെന്ന് അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ആരുടേയും വക്കാലത്തില്ലാത്ത ‘ഒരു അയ്യപ്പ ഭക്തന്‍ എന്ന നിലയില്‍’ അവ അവതരിപ്പിച്ചു കൊള്ളാന്‍ ചീഫ് ജസ്റ്റിസ് അനുവാദം നല്‍കുകയും ചെയ്തു. കോടതിയുടെ അനുമതി ലഭിച്ചതിനു ശേഷം 45 മിനിറ്റോളം അഡ്വ.ബിജുവിന്റെ വാദം കോടതിയില്‍ നടന്നു. ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും അതിനാലാണ് യുവതികള്‍ക്ക് പ്രവേശന നിയന്ത്രണമെന്നും വി.കെ ബിജു വാദിച്ചു. പ്രവേശന നിയന്ത്രണം ഹൈക്കോടതി ശരിവെച്ചതാണെന്നും അയ്യപ്പന്‍ യുവതികളെ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബിജു കോടതിയില്‍ പറഞ്ഞു. ആരെ കാണണം എന്ന് തീരുമാനിക്കാന്‍ മൂര്‍ത്തിക്ക് അവകാശമുണ്ട്. സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയവര്‍ മാധ്യമ വാര്‍ത്തകള്‍ കേട്ട് കോടതിയെ സമീപിച്ചവരാണ്. ശബരിമല ഒരു താന്ത്രിക് ക്ഷേത്രമാണെന്നും വേദിക് ക്ഷേത്രമല്ലെന്നും അതിനാല്‍ തന്നെ പൂജകളിലും ആചാരങ്ങളിലും വ്യത്യാസമുണ്ടെന്നും വി.കെ ബിജു പറഞ്ഞു. ശബരിമല സ്ത്രീപ്രവേശന പ്രശ്‌നവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തക ബര്‍ക്കാ ദത്ത് എഴുതിയ ലേഖനം മാത്രമാണ് ഹര്‍ജിക്കാര്‍ റിട്ട് പെറ്റീഷന് ആധാരമാക്കിയത്. തനിക്ക് വ്യക്തിപരമോ, മതപരമോ ആയ വിവരമൊന്നും ഇക്കാര്യത്തിലില്ലെന്ന് ബര്‍ക്കാദത്ത് തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ റിട്ട് പെറ്റീഷന്‍ അടിസ്ഥാനരഹിതമാണ്. ഒരു ക്രൈസ്തവ സ്ത്രീ പള്ളിവികാരിയാകാനോ, മുസ്ലിം സ്ത്രീ ഇമാമാകാനോ, സിഖ് വനിത സുവര്‍ണക്ഷേത്രത്തില്‍ സേവനം നടത്താനോ വേണ്ടി റിട്ട് പെറ്റീഷന്‍ നല്‍കിയാല്‍ കോടതിക്ക് അത് അനുവദിക്കാന്‍ കഴിയുമോ? അത്തരത്തില്‍ ചിന്തിക്കാവുന്ന ഘട്ടത്തിലേക്ക് സമൂഹം എത്തിയിട്ടില്ലെന്നും അഡ്വ.വി.കെ.ബിജു വാദിച്ചു. താന്ത്രിക വിധിപ്രകാരം മൂര്‍ത്തിയുടെ താല്‍പര്യം പ്രധാനമാണ്. തന്റെ ദര്‍ശനം തേടി ആരൊക്കെ വരണമെന്ന് മൂര്‍ത്തിയാണ് തീരുമാനിക്കുക. പുരുഷന്മാര്‍ പോകുന്നതുകൊണ്ട് സ്ത്രീകള്‍ക്ക് പോകാം എന്ന് അതിനര്‍ഥമില്ല. നൈഷ്ഠിക ബ്രഹ്മചാരി എന്നാല്‍ എന്തെന്ന് സ്വാമി വിവേകാനന്ദന്റെ സമ്ബൂര്‍ണകൃതികളില്‍ വ്യക്തമാക്കുന്നുണ്ട്. നൈഷ്ഠിക ബ്രഹ്മചാരി എന്ന നിലയില്‍ അയ്യപ്പന് യുവതികളുടെ ദര്‍ശനം സ്വീകാര്യമല്ല. ആര്‍ത്തവമോ മറ്റു ശാരീരിക സവിശേഷതകളോ അല്ല സ്ത്രീകള്‍ക്ക് ദര്‍ശനം നിഷേധിക്കാന്‍ കാരാണം. മറിച്ച്‌ മൂര്‍ത്തിയുടെ നൈഷ്ഠിക ബ്രഹ്മചര്യഭാവമാണ്, അഡ്വ.വി.കെ.ബിജു വാദിച്ചു. നിയമത്തിന്റെ അതിരുകള്‍ക്ക് അപ്പുറത്തു നിന്നുകൊണ്ട് വിഷയത്തില്‍ കോടതി തീരുമാനം സ്വീകരിക്കണമെന്നും ആചാരത്തില്‍ ഇടപെട്ടു പ്രവേശന ഉത്തരവ് നല്‍കിയാല്‍ അതുവലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും ബിജു കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി അഭിഭാഷക ഉഷാ നന്ദിനിക്ക് വേണ്ടി അഡ്വ. ഗോപാല്‍ ശങ്കര നാരായണന്‍ കേസില്‍ ഹാജരായിയിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചാല്‍ മറ്റു മതങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്ന് ഗോപാല്‍ വാദിച്ചു. ഭരണഘടനാപരമായ അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് ബാധകമാണെന്നും ഭരണഘടനയ്ക്ക് ചരിത്രത്തിന്റെ കെട്ടുപാടുകള്‍ ബാധകമല്ലെന്നും സുപ്രീംകോടതി വാദത്തിനിടെ പറഞ്ഞു. ശബരിമല ക്ഷേത്രം മതപരമായി പ്രത്യേക പദവിയില്‍ പെട്ടതിനാല്‍ സ്ത്രീ പ്രവേശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവുമെന്ന വാദങ്ങള്‍ കോടതി തള്ളി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments