ഓസ്‌ട്രേലിയ 284ന് പുറത്ത്; ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ 284 റണ്‍സിന് പുറത്തായി. ഇംഗ്ലീഷ് പേസിന് മുന്നിൽ അടിപതറി വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഓസീസിന് രക്ഷിച്ചത് ഒറ്റയാൾ പോരാട്ടം നടത്തിയ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയും വാലറ്റത്ത് പീറ്റര്‍ സിഡിലിന്റെ അത്ഭുതകരമായ ചെറുത്തുനില്‍പ്പുമാണ്. സ്മിത്ത് 219 പന്തില്‍ നിന്ന് 144 റണ്‍സെടുത്തു. 85 പന്തില്‍ നിന്ന് 44 റണ്‍സാണ് സിഡില്‍ നേടിയത്. സ്മിത്തിന്റെ ചെറുത്തുനില്‍പ്പ് അവസാനിച്ചതോടെയാണ് ഓസീസ് ഇന്നിങ്‌സിന് തിരശ്ശീല വീണത്. എണ്‍പത്തിയൊന്നാം ഓവറിന്റെ നാലാം പന്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ക്ലീന്‍ ബൗള്‍ഡാക്കും മുന്‍പ് വാലറ്റക്കാരന്‍ നഥാന്‍ ലയണിനൊപ്പം പത്താം വിക്കറ്റില്‍ 50 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു സ്മിത്ത്. അറുപത്തിയഞ്ചാം ടെസ്റ്റ് കളിക്കുന്ന സ്മിത്തിന്റെ ഇരുപത്തിനാലാം ടെസ്റ്റ് സെഞ്ചുറിയാണിത്.
സ്റ്റുവര്‍ട്ട് ബ്രോഡാണ് ഓസ്‌ട്രേലിയയെ വരിഞ്ഞുകെട്ടിയത്. 22.4 ഓവര്‍ എറിഞ്ഞ സ്മിത്ത് അഞ്ച് വിക്കറ്റാണ് വീഴ്ത്തിയത്. വോക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടാം ദിനം മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ജേസണ്‍ റോയ് ആണ് പുറത്തായത്. 22 പന്തില്‍ നിന്ന് 10 റണ്ണെടുത്ത റോയെ പാറ്റിസന്റെ പന്തില്‍ സ്മിത്ത് പിടികൂടുകയായിരുന്നു. എട്ടാം ഓവറില്‍ ടീം സ്‌കോര്‍ 22ല്‍ നില്‍ക്കെയാണ് റോയ് മടങ്ങിയത്.

സ്വകാര്യ ബസിന്‍റെ ഡോര്‍ തലയ്‍ക്കിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. നഗരൂര്‍ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയും വെള്ളല്ലൂര്‍ സ്വദേശിനിയുമായ ഗായത്രി(19) യാണ് മരിച്ചത്.

രാവിലെ പത്തുമണിയോടെ നഗരൂരിലെ കോളേജ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. വാഹനത്തിന്റെ വാതില്‍ ഗായത്രിയുടെ തലയുടെ പുറകുവശത്തിടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്‍റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളല്ലൂരില്‍ സംസ്‍കരിക്കും.

വാതിലടക്കാതെ അതിവേഗം ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. സംഭവത്തെ തുടര്‍ന്ന് സുബ്രഹ്മണ്യം എന്ന സ്വകാര്യ ബസ് പൊലീസ് കസ്റ്റഡയിലെടുത്തു. നഗരൂര്‍ പൊലീസാണ് നടപടിയെടുത്തത്.
പരേതനായ ഷാജീസിന്‍റെയും റീഖയുടേയും മകളാണ് ഗായത്രി.