അയോദ്ധ്യ കേസില്‍ അന്തിമവാദം കേള്‍ക്കാനുള്ള സുപ്രിംകോടതി തീരുമാനത്തെ സ്വാഗതം ചെയ്ത് ആര്‍.എസ്.എസ്.

babari masjidh

അയോദ്ധ്യ കേസില്‍ അന്തിമവാദം കേള്‍ക്കാനുള്ള സുപ്രിംകോടതി തീരുമാനത്തെ സ്വാഗതം ചെയ്ത് ആര്‍.എസ്.എസ്. അയോദ്ധ്യ ഭൂമിതര്‍ക്കം മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കാനുള്ള അവസാനവട്ട ശ്രമവും പരാജയപ്പെട്ട സാഹചര്യത്തിലാണ് കേസില്‍ ചൊവ്വാഴ്ച മുതല്‍ വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചത്. വര്‍ഷങ്ങളായി നീണ്ടുപോകുന്ന കേസ് ഇനിയും കാലതാമസം വരാതെ ഒത്തുതീര്‍പ്പാകുമെന്നും രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ആര്‍.എസ്.എസ് പറഞ്ഞു.

ദിവസേന എന്ന രീതിയിലായിരിക്കും ഭരണഘടനാ ബഞ്ച് വാദം കേള്‍ക്കുക. അഞ്ചംഗ ബഞ്ചാണ് തീരുമാനത്തിലെത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എസ്.എ ബോബ്‌ഡെ, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് തീരുമാനം.
വിഷയം പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ മദ്ധ്യസ്ഥത സമിതി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുദ്ര വച്ച കവറിലാണ് മദ്ധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് സമര്‍പ്പിച്ചത്. സമിതി 155 ദിവസം ചര്‍ച്ച നടത്തിയെന്നും കക്ഷികള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാന്‍ ചര്‍ച്ചകള്‍ക്കായില്ലെന്നും മദ്ധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു