റിക്രൂട്ടമെന്റുകാരുടെ തട്ടിപ്പിനിരയായി 8ലക്ഷം നഷ്ടപ്പെട്ടയാള്‍ ആ തുക തിരിച്ചു പിടിക്കാന്‍ തൊഴില്‍ തട്ടിപ്പു കേന്ദ്രം തുടങ്ങി നേടിയത് ലക്ഷങ്ങള്‍. ഉത്തര്‍പ്രദേശേ് അലഹാബാദ് സ്വദേശിയായ റാവേന്ദറാണ് തട്ടിപ്പിനിരയായതിന്റെ ദുഃഖത്തില്‍ കാശ്തിരിച്ചു പിടിക്കാന്‍ കൂട്ടാളികളെ വെച്ച് തട്ടിപ്പു കേന്ദ്രം തന്നെ തുടങ്ങി കളഞ്ഞത്.
2014ലാണ് തട്ടിപ്പിനരയായി രാവേന്ദര്‍ സിങ് എന്ന മുപ്പത്കാരന് 8 ലക്ഷം നഷ്ടപ്പെടുന്നത്.നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കാന്‍ തനിക്കു മേല്‍ തട്ടിപ്പുകാര്‍ പ്രയോഗിച്ച അതേ തന്ത്രം തന്നെ നിഷ്‌കളങ്കരായ തൊഴില്‍ അന്വേഷകരോട് റാവേന്ദറും കാണിച്ചു. മൂന്ന് വര്‍ഷത്തിനിടയില്‍ 50 ഓളം പേരെ വഞ്ചിച്ച് ഇയാള്‍ പണം കൊയ്തു. ഓരോരോത്തരുടെയും കയ്യില്‍ നിന്ന് 4ലക്ഷം മുതല്‍ 8ലക്ഷം വരെ വാങ്ങിയായിരുന്നു തട്ടിപ്പ്. ഒടുവില്‍ ചൊവ്വാഴ്ച്ചയാണ് റാവേന്ദര്‍ പോലീസ് വലയിലാവുന്നത്. സിബിഐയിലും എഫ്‌സിഐയിലും ഇന്ത്യന്‍ റെയില്‍വേയിലും ജോലി തരപ്പെടുത്തി നല്‍കും എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഇയാളും കൂട്ടാളികളും തട്ടിപ്പുകളത്രയും നടത്തിയത്. വളരെ കരുതലോടെയാണ് ഇവര്‍ തൊഴിലന്വേഷകരുടെ വിശ്വാസം തേടിയെടുത്തത്. അപേക്ഷാ ഫോമും ഒഎംആര്‍ പരീക്ഷയും ഉള്‍പ്പെടെ നടത്തി വിശ്വാസ്യത നേടിയ ശേഷമാണ് പണവുമായി ഇവര്‍ മുങ്ങുന്നത്.
ഒരു പ്രൈവറ്റ് കമ്പനിയിലെ ജീവനക്കാരനായിരുന്നു 2014വരെ റാവേന്ദര്‍. ജീവിതച്ചിലവ് കൂടിയതോടെ സര്‍ക്കാര്‍ ജോലിക്കായി പരിശ്രമങ്ങള്‍ തുടങ്ങി. അതിനിടയിലാണ് അഭിഷേക് പാണ്ഡെയെ പരിചയപ്പെടുന്നത്. എഫ്സിഐയില്‍ നല്ലൊരു ജോലി തരരപ്പെടുത്തി കൊടുക്കാമെന്ന പാണ്ഡെയുടെ വാഗ്ദാനത്തില്‍ വീഴുകയായിരുന്നു റാവേന്ദര്‍. ആറ് മാസത്തോളം അഭിഷേക് പറഞ്ഞതനുസരിച്ച് പല പരീക്ഷകളും എഴുതി 8 ലക്ഷത്തോളം രൂപ നഷ്ടപ്പെടുത്തി. പിന്നീട് ഒരു പാട് നാളുകള്‍ക്ക് ശേഷം ജോലി ലഭിക്കാതായതോടെയാണ് കബളിപ്പിക്കപ്പെട്ട കാര്യം റാവേന്ദര്‍ തിരിച്ചറിയുന്നത്. എന്നാല്‍ വിവരം പോലീസിലറിയിക്കാതെ തന്നെപ്പോലെ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള ഉദ്യോഗാര്‍ഥികളെ കുരുക്കാന്‍ വ്യാജ റിക്രൂട്ട്‌മെന്റ് റാക്കറ്റ് തന്നെ സൃഷ്ടിക്കുകയായിരുന്നു ഇയാള്‍. ബന്ധുവായ അങ്കിത് സിങും മറ്റ് സുഹൃത്തുക്കളും ചേര്‍ന്നതോടെ ഇതൊരു വലിയ സാമ്രാജ്യമായി വളര്‍ന്നു. ആറ് മാസം മുമ്പ് 7.5 ലക്ഷം നഷ്ടപ്പെട്ട ഒരാള്‍ പോലീസില്‍ പരാതിയുമായി വന്നതോടെയാണ് റാവേന്ദറിലേക്കും സംഘത്തിലേക്കും അന്വേഷണം എത്തുന്നത്. എല്ലാവരും കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.