കേരളത്തിൽ നവോത്ഥാനമ്യൂസിയം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാനചരിത്രം വരും തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നവോത്ഥാനമ്യൂസിയം സ്ഥാപിക്കാന്‍ താല്പര്യപെടുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. തമസ്കരിക്കപ്പെട്ട സ്ത്രീമുന്നേറ്റങ്ങളെ ചരിത്രത്താളുകളില്‍ അടയാളപ്പെടുത്താനാവശ്യമായ നടപടികളുമുണ്ടാകും. നവോത്ഥാനമൂല്യ സംരക്ഷണത്തിനായി വനിതാമതില്‍ പോലുള്ള വമ്ബിച്ച ജനമുന്നേറ്റങ്ങള്‍ തുടര്‍ന്നും സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും.
ശബരിമലയില്‍ യുവതികള്‍ കയറിയത് കൊണ്ട് മാത്രം സമൂഹത്തിന്റെ തെറ്റായ യാഥാസ്ഥിതിക ബോധം തിരുത്താനാവില്ല. അതിന് വനിതാമതില്‍ പോലുള്ള ജനമുന്നേറ്റങ്ങള്‍ ഇനിയുമുണ്ടാവണം. നവോത്ഥാന സംഘടനകളുമായി ചര്‍ച്ച ചെയ്ത് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും കെ.പി.എം.എസ് ജനറല്‍സെക്രട്ടറി പുന്നല ശ്രീകുമാറുമായും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തുകഴിഞ്ഞു. അവരുടേത് അനുകൂലനിലപാടാണ്.
വനിതാമതിലിനെത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ ആസൂത്രിത അക്രമങ്ങളാണ് കാസര്‍കോട് ചേറ്റുകുണ്ടിലും മായിപ്പാടിയിലും അരങ്ങേറിയത്. സംഘപരിവാര്‍ ഇങ്ങനെ ചെയ്യുമ്ബോള്‍ കൂടെ നില്‍ക്കാന്‍ ബാദ്ധ്യതപ്പെട്ട കൂട്ടരാണ് യു.ഡി.എഫുകാര്‍. വനിതാമതിലിന് നേരെയും സുപ്രീംകോടതി വിധി നടപ്പാക്കിയപ്പോഴും ആക്രമണം സംഘടിപ്പിച്ചവര്‍ അഴിച്ചുവിട്ട അക്രമത്തെ അപലപിക്കാന്‍ അവരിലാരും തയ്യാറായില്ല. ആര്‍.എസ്.എസ് ആക്രമണത്തെ ഒരു കോണ്‍ഗ്രസ് നേതാവ് വിശേഷിപ്പിച്ചത് സ്വാഭാവികപ്രതികരണമെന്നാണ്.
മുസ്ലിംലീഗിന്റേതുള്‍പ്പെടെ യു.ഡി.എഫ് എം.പിമാര്‍ പ്രധാനമന്ത്രിയെ കണ്ട് ശബരിമലയില്‍ നിയമനിര്‍മ്മാണത്തിന് ആവശ്യപ്പെടുന്നു. ഹിന്ദു ഐക്യവേദി നേതാവ് രണ്ടാം വിമോചനസമരം തുടങ്ങുന്നുവെന്ന് പറയുന്നു. ബി.ജെ.പിയും യു.ഡി.എഫും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറുണ്ടോ? കോലീബി സഖ്യത്തിന് കോണ്‍ഗ്രസിനോ ലീഗിനോ പ്രയാസമുണ്ടായിട്ടില്ല. അന്ന് കനത്ത തിരിച്ചടിയേല്‍ക്കേണ്ടി വന്നു. അതിനേക്കാള്‍ വലിയ തിരിച്ചടിയാവും ഇപ്പോഴത്തെ അവിശുദ്ധനീക്കത്തിനുണ്ടാവുക. വന്‍വിജയമായി മാറിയ വനിതാമതില്‍ അത്തരത്തിലൊരു ശക്തമായ മുന്നറിയിപ്പാണ് നല്‍കിയത്.
കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ വനിതാമതില്‍ പുതിയ അദ്ധ്യായമായി. അതില്‍ പങ്കെടുത്ത എല്ലാ വനിതകളെയും സഹായവുമായി വിവിധ തലങ്ങളിലിടപെട്ട എല്ലാവരെയും അഭിനന്ദിക്കുന്നു. ഭാവികേരളത്തിന്റെ ദിശ നിര്‍ണ്ണയിക്കാനത് പ്രാപ്തമായി. ഇതിനെതിരായ ആക്രോശങ്ങള്‍ അത്ര ഗൗരവമുള്ളതായി നാട് കണക്കാക്കിയില്ല. നാടിന്റെ വളര്‍ച്ചയ്ക്ക് ഇന്ധനമാകുന്ന സമാനതകളില്ലാത്ത ഒരുപാട് പാഠങ്ങള്‍ അത് നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യരംഗങ്ങളെ ഇത് നല്ലനിലയില്‍ ഇളക്കിമറിച്ചു. കേരളത്തിന്റെ പുതിയ തലമുറയ്ക്ക് നമ്മളെങ്ങനെ നമ്മളായി എന്ന് മനസ്സിലാക്കാനുള്ള പാഠശാലയായി ഇത് മാറി. ഡിസംബര്‍ ഒന്ന് മുതല്‍ ഒരു മാസക്കാലം ഇതിന് ചുറ്റിലുമാണ് കേരളം കറങ്ങിയത്. വനിതാമതില്‍ കൊളുത്തിയ ജ്വാല ഭാവികേരളത്തിന്റെ സ്ത്രീ-പുരുഷ സമത്വത്തിന്റെ വെളിച്ചമായി തീരുമെന്ന് ഒട്ടും സംശയിക്കേണ്ടതില്ല.
ഗുണപരമായ മാറ്റത്തിനെതിരെ നില്‍ക്കുന്ന യാഥാസ്ഥിതികര്‍ എല്ലാ കാലത്തുമുണ്ട്. മതിലില്‍ പങ്കെടുക്കരുതെന്നും അങ്ങനെ ചെയ്താല്‍ നടപടി എടുക്കുമെന്നും ചില ശക്തികള്‍ സമ്മര്‍ദം പ്രയോഗിച്ചു. അതവഗണിച്ചാണ് ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കു ചേര്‍ന്നത്. വനിതാമതില്‍ പ്രഖ്യാപിക്കുമ്ബോള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ എത്രയോ ഉയരങ്ങളിലാണ് കേരളത്തിലെ വനിതകള്‍ അതിനെ എത്തിച്ചത്.
നവോത്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള കനത്ത തിരിച്ചടിയാണിതെന്നും കൂടാതെ ചരിത്ര സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.