സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണത്തില്‍ ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം. കൃഷ്ണദാസിന് അനുകൂലമായി വിധിയുണ്ടാകുമെന്ന് കരുതിയിരുന്നതായും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ റൂറല്‍ എസ്പിയടക്കം ശ്രമിച്ചുവെന്നും ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി വേണം. ഇനിയൊരു ജിഷ്ണു ഉണ്ടാവാതിരിക്കാന്‍ എല്ലാവരും ഒന്നിച്ച് പ്രതികരക്കണമെന്നും ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും നന്ദിയുണ്ടെന്ന് പറഞ്ഞ കുടുംബം അഞ്ച് ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍വെച്ചു.
1, ആദ്യ ഘട്ടത്തില്‍ അന്വേഷണം അട്ടിമറിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണം.
2, കൃഷ്ണദാസിന് വേണ്ടി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ച ഡോക്റ്റര്‍മാര്‍ക്കെതിരെ നടപടി വേണം.
3, മുഴുവന്‍ പ്രതികളേയും ജയിലില്‍ അടയ്ക്കാന്‍ നടപടിയെടുക്കണം.
4, ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കണം.
5, അന്വേഷണ ഉദ്യോഗസ്ഥന്‍ കിരണ്‍ നാരായണനെ നിലനിര്‍ത്തിക്കൊണ്ട് സമഗ്രമായ അന്വേഷണം വേണം.
കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയെ കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കവെ ജിഷ്ണുവിന്റെ അമ്മ മഹിജ പൊട്ടിക്കരഞ്ഞു.