Wednesday, September 11, 2024
HomeNational'മലയാളികള്‍ നരഭോജികള്‍', 'കന്നുകാലി കശാപ്പ് അനുവദിക്കില്ല'; വീണ്ടും സംഘപരിവാര്‍ ആക്രമണം

‘മലയാളികള്‍ നരഭോജികള്‍’, ‘കന്നുകാലി കശാപ്പ് അനുവദിക്കില്ല’; വീണ്ടും സംഘപരിവാര്‍ ആക്രമണം

മാട്ടിറച്ചിയുടെ പേരില്‍ ഡല്‍ഹി കേരളഹൌസിനു നേരെ വീണ്ടും സംഘപരിവാര്‍ ആക്രമണം. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലും ആര്‍എസ്എസ് നിര്‍ദേശാനുസരണം സംഘപരിവാര്‍ സംഘടനകള്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പലവട്ടം കേരളഹൌസിലേക്ക് ഇരച്ചുകയറി. ‘ഞങ്ങളുടെ പൂര്‍വികര്‍ നരഭോജികളാണെന്നും ഞങ്ങള്‍ക്ക് മുഖ്യമന്ത്രിയെ ഭക്ഷിക്കാന്‍ അവസരമൊരുക്കണമെന്നും’ തുടങ്ങി മലയാളികളെ അടച്ചാക്ഷേപിക്കുന്ന പ്രസ്താവനകള്‍ കുറിച്ച പ്ളക്കാര്‍ഡുകളും ബാനറുകളുമായാണ് അക്രമികള്‍ കേരളഹൌസ് വളഞ്ഞത്.

ഇവരെ തടയാനോ അറസ്റ്റ് ചെയ്ത് നീക്കാനോ കൂട്ടാക്കാതെ ഡല്‍ഹി പൊലീസും കേരളഹൌസ് അധികൃതരും തേര്‍വാഴ്ചയ്ക്ക് ഒത്താശ ചെയ്തു. കേരളഹൌസ് പരിസരത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള മലയാളികളാണ് അക്രമികളെ ചെറുത്തത്. കേരളഹൌസ് ക്യാന്റീനില്‍ പശുവിറച്ചി വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് ആര്‍എസ്എസും അനുബന്ധസംഘടനകളും നേരത്തെയും ഇവിടെ അതിക്രമം നടത്തിയിരുന്നു.
വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ഭാരതീയ ഗോരക്ഷാക്രാന്തിയെന്ന സംഘടനയുടെ പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കേരളഹൌസിലേക്ക് ഇരച്ചുകയറിയത്. പശുക്കളുമായി കേരളഹൌസിലേക്ക് അതിക്രമിച്ചുകയറിയവര്‍ ശംഖ് മുഴക്കിയും പാല്‍ വിതരണംചെയ്തും സംഘര്‍ഷത്തിന് ശ്രമിച്ചു. ഇതുകണ്ട് കേരളഹൌസില്‍ ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ള മലയാളികള്‍ ഭയചകിതരായി മടങ്ങി. അരമണിക്കൂറോളം പരിഭ്രാന്തി പടര്‍ത്തിയശേഷം അക്രമികള്‍ പിരിഞ്ഞുപോയി.
വെള്ളിയാഴ്ച രാവിലെ പത്തോടെ ധ്യാന്‍ ഫൌണ്ടേഷന്‍ എന്ന മൃഗക്ഷേമ സംഘടനയുടെ മറവില്‍ അക്രമികള്‍ വീണ്ടും കേരളഹൌസ് പരിസരത്ത് ഒത്തുകൂടി. ‘മലയാളികള്‍ നരഭോജികള്‍’, ‘കന്നുകാലി കശാപ്പ് അനുവദിക്കില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയെത്തിയ ഇവരെ പ്രധാനകവാടത്തില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഉച്ചവരെ കേരളഹൌസ് പരിസരത്ത് ഭീഷണി മുഴക്കിയാണ് ഇവര്‍ പിരിഞ്ഞുപോയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടശേഷമാണ് ചാനല്‍ ദൃശ്യങ്ങള്‍ പരിശോധിക്കാനും അധികസുരക്ഷ തേടാനും കേരളഹൌസ് അധികൃതര്‍ തുനിഞ്ഞത്.
കേരള ഹൌസില്‍ പശുവിറച്ചി വിളമ്പുന്നുവെന്ന വ്യാജപ്രചാരണം അഴിച്ചുവിട്ട് സംഘര്‍ഷം സൃഷ്ടിച്ച ആര്‍എസ്എസ് അനുബന്ധ സംഘടനകള്‍ വീണ്ടും രംഗത്തിറങ്ങിയതോടെ ഡല്‍ഹി മലയാളികള്‍ കടുത്ത ആശങ്കയില്‍. മലയാളികള്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യവുമായി സംഘപരിവാര്‍ രംഗത്തിറങ്ങിയത് ഡല്‍ഹിമലയാളികളെ ഭീതിയിലാഴ്ത്തി. ബിജെപിയുടെയും ഡല്‍ഹി പൊലീസിന്റെയും പിന്തുണയോടെയാണ് അതിക്രമം. കേരള ഹൌസില്‍ പശുവിറച്ചി വിളമ്പുന്നുവെന്ന വ്യാജസന്ദേശം ലഭിച്ചപ്പോള്‍ നിരവധി പൊലീസുകാരാണ് പരിശോധനയ്ക്കായി എത്തിയത്. എന്നാല്‍, വ്യാഴാഴ്ച രാത്രി ആര്‍എസ്എസ് സംഘടനകള്‍ കേരള ഹൌസില്‍ അഴിഞ്ഞാടിയപ്പോള്‍ മൂന്ന് പൊലീസുകാര്‍മാത്രമാണ് എത്തിയത്. ഇവരാകട്ടെ അക്രമികളുടെ പേക്കൂത്തിന് സാക്ഷികളായി മാറിനിന്നു.
കേരളത്തിലേക്കു വരുന്ന കന്നുകാലികളെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ തടഞ്ഞു. വേലന്താവളം ചെക്പോസ്റ്റില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വാഹനം തടഞ്ഞ് തിരിച്ചയച്ചതെന്ന് വ്യാപാരികള്‍ പറഞ്ഞു. ഹിന്ദുമുന്നണി(ഹിന്ദുമക്കള്‍ കക്ഷി)എന്ന സംഘടനയുടെ പേരിലാണ് വാഹനം തടഞ്ഞത്. കേന്ദ്രവിജ്ഞാപനം വന്നതുമുതല്‍ കേരളത്തിലേക്ക് കന്നുകാലികളെ എത്തിക്കുന്നത് ബിജെപി പ്രവര്‍ത്തകര്‍ തടയുകയും തമിഴ്നാട്ടിലെ കാലിച്ചന്തകളില്‍ കയറി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. കന്നുകാലികള്‍ കേരള അതിര്‍ത്തി കടന്നാല്‍ മാത്രമാണ് അല്‍പ്പം ആശ്വാസമെന്ന് കേരള കാറ്റില്‍ ആന്‍ഡ് മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറി അയൂബ് ഖാന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments