സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ തളര്‍ച്ചയെത്തുടര്‍ന്ന് ചൈനയുടെ പരിഹാസമേറ്റു വാങ്ങേണ്ടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ദുര്യോഗത്തെ അപലപിച്ച് പികെ കുഞ്ഞാലിക്കുട്ടി എംപി. ചൈനയുടെ പരിഹാസത്തിന് പ്രധാന ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തന്റെ ഫേസ്്ബുക്ക് പേജില്‍ കുറിച്ച കുറിപ്പിലാണ് എംപി നരേന്ദ്ര മോദിക്കെതിരെ തുറന്നടിച്ചത്.
മോദിയുടെ ഏകാധിപത്യ മനോഭാവം രാജ്യത്തിന്റെ സാമ്പത്തിക ഭാവി തകര്‍ക്കുമെന്ന് മുസ്‌ലിം ലീഗ് എംപി മുന്നറിയിപ്പ് നല്‍കുന്നു.
സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ തളര്‍ച്ച ചൂണ്ടിക്കാട്ടി ഇതിനുത്തരവാദിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ് കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. ആ വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് എംപി പികെ കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റ് ശ്രദ്ധേയമാവുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യയെ മുഖ്യ എതിരാളിയായി കാണുന്ന ചൈനയടക്കം ഇപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ച ആഘോഷിക്കുകയാണ്.ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമെന്ന അംഗീകാരം നമ്മള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.
യു പി എ സര്‍ക്കാര്‍ തുടക്കമിട്ട നയങ്ങളുടെ ഫലമായാണ് ഇന്ത്യ ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി മാറിയിരുന്നത്. ചൈനയേക്കാള്‍ വേഗത്തില്‍ വളര്‍ന്നിരുന്ന നമ്മുടെ സാമ്പത്തിക രംഗം പുതിയ കണക്കുകള്‍ പ്രകാരം ചൈനയുടെ പുറകിലായിരിക്കുകയാണ്.
നമ്മുടെ പ്രധാനമന്ത്രിയെ മറ്റൊരു രാജ്യം പരിഹസിക്കുന്നത് സുഖകരമായ കാര്യമല്ല. പക്ഷേ അത്തരമൊരു സാഹചര്യം സൃഷ്ടിച്ചതിന് അദ്ദേഹം മാത്രമാണ് ഉത്തരവാദി. നോട്ട് നിരോധനം ഈ ഗവണ്മെന്റിന്റെ സെല്‍ഫ് ഗോളാണെന്ന വസ്തുത രാജ്യാന്തര സമൂഹം അംഗീകരിച്ചു കഴിഞ്ഞെങ്കിലും നമ്മുടെ പ്രധാനമന്ത്രി ഇതുവരെ അക്കാര്യം ഉള്‍ക്കൊണ്ടിട്ടില്ല്‌ല. താന്‍ മാത്രമാണ് ശരിയെന്ന് വിശ്വസിക്കുകയും തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ഏകാധിപതിയുടെ മനോഭാവം അദ്ദേഹം തുടരുന്നിടത്തോളം കാലം അസഹിഷ്ണുതയുടേത് മാത്രമല്ല, സാമ്പത്തിക രംഗത്തും രാജ്യത്തിന്റെ ഭാവി ഏറെ ആശങ്കപ്പെടുത്തുന്നത് തന്നെ.