ജി.എസ്.ടി നടപ്പായതോടെ ഇടുക്കിയിലെ കുമളി ചെക്കുപോസ്റ്റ് തുറന്നിട്ടത് കഞ്ചാവു കടത്തുകാർക്ക് സഹായമാകുന്നു. തമിഴ്നാട്ടിൽ നിന്ന് ഏറ്റവും കൂടുതൽ കഞ്ചാവ് കടന്നു വരുന്ന പ്രധാനപ്പെട്ട പാതയാണ് കുമളി. വാണിജ്യ നികുതി വകുപ്പ് ചെക്കു പോസ്റ്റ് മുഴുവൻ സമയവും തുറന്നിട്ടതിനാൽ വാഹനങ്ങൾ പരിശോധിക്കാനാതെ വിഷമിക്കുകയാണ് എക്സൈസുകാർ.
വെള്ളിയാഴ്ച രാത്രി കുമളി ചെക്കു പോസ്റ്റിലെ ക്രോസ് ബാറിൻറെ കയർ വാണിജ്യ നികുതി വകുപ്പ് നീക്കം ചെയ്തതോടെയാണ് എക്സൈസിൻറെയും മോട്ടോർ വാഹന വകുപ്പിൻറെയും അതിർത്തിയിലെ പരിശോധന പ്രതിസന്ധിയിലായത്. ഇപ്പോൾ ഏതു വാഹനങ്ങൾക്കും അനായാസം കടന്നു പോകാവുന്ന തുറന്ന ചെക്കുപോസ്റ്റായി കുമളി മാറി. സ്വന്തമായി ക്രോസ് ബാറില്ലാത്തതിനാൽ വാണിജ്യ നികുതി വകുപ്പിൻറെ സഹകരണത്തോടെയാണ് പരിശോധന നടത്തിയിരുന്നത്.
58 ൽ ചെക്കു പോസ്റ്റ് തുടങ്ങിയതു മുതൽ ക്രോസ് ബാറിൻറെ നിയന്ത്രണം വാണിജ്യ നികുതി വകുപ്പിനായിരുന്നു. പരസ്പര സഹകരണത്തോടെ പ്രവർത്തിച്ചിരുന്നതിനാൽ പ്രത്യേകം ക്രോസ് ബാറിൻറെ ആവശ്യകതയില്ലായിരുന്നു. ക്രോസ് ബാർ ഉയർത്തി കെട്ടിയിരുന്ന കയർ നീക്കം ചെയ്തതാണ് വിനയായത്. കഞ്ചാവും മറ്റും സ്ഥിരമായി കടത്തുന്നവർക്ക് ഇത് സൗകര്യമായി മാറിയിട്ടുണ്ട്. കഞ്ചാവുമായി അമിത വേഗത്തിൽ വാഹനങ്ങളെത്തിയാൽ എക്സൈസ് ഉദ്യോഗസ്ഥരുടെ ജിവനു തന്നെ ഭീഷണിയാകും.
ഇടുക്കിയിൽ കന്വംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിൽ എക്സൈസിനുള്ള ചെക്കു പോസ്റ്റുകളിൽ ക്രോസ് ബാറുമുണ്ടെങ്കിലും തമിഴ്നാട്ടിൽ നിന്നും കൂടുതൽ വാഹനങ്ങൾ കടന്നു വരുന്ന കുമളിയിൽ ഇതില്ല. ക്രോസ് ബാറില്ലാത്ത ചെക്കുപോസ്റ്റിൽ പരിശോധന ദുഷ്കരമായതിനാൽ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഉദ്യോഗസ്ഥർ.