നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പുതിയ തെളിവുകള്‍ ലഭ്യമായി. അന്വേഷണം വഴിത്തിരിവിലേക്ക്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ജയിലില്‍നിന്ന് മൊബൈലില്‍ ആദ്യം വിളിച്ചത് നാദിര്‍ഷയെ ആണെന്ന് പൊലീസിനു തെളിവ് ലഭിച്ചു. മൂന്നു തവണ ഫോൺ വിളിച്ചതായി തെളിവുണ്ട്. ഒരു കോൾ 8 മിനിറ്റ് നീണ്ടു നിന്നെന്നും തെളിവ് ലഭിച്ചു .
അതേസമയം, നാദിർഷയുമായി സുനി പ്രതിഫലത്തെക്കുറിച്ചു സംസാരിച്ചെന്ന സഹതടവുകാരനായ ജിൻസന്റെ രഹസ്യമൊഴിയും പുറത്തുവന്നു. തുകയുടെ കാര്യത്തിൽ ഇരുവർക്കുമിടയിൽ തർക്കമുണ്ടായതായി തോന്നിയില്ല. പണം ആവശ്യപ്പെട്ടുള്ള കത്ത് നേരിട്ട് ദിലീപിന് എത്തിക്കാനായിരുന്നു ആദ്യശ്രമം. ഫോൺ വിളികളെല്ലാം സെല്ലിനുള്ളിൽനിന്നാണെന്നും ജിൻസൻ മൊഴി നൽകിയിട്ടുണ്ട്.
പള്‍സര്‍ സുനി, നടിയെ അതിക്രമത്തിന് ഇരയാക്കുന്നതിനു മുൻപ് നിരന്തരം വിളിച്ചിരുന്ന നാലു ഫോൺ നമ്പറുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. സുനി വിളിച്ചതിനു തൊട്ടുപിന്നാലെ ഈ നമ്പറുകളില്‍നിന്നു ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ ഫോണിലേക്കു കോള്‍ പോയതായും പൊലീസ് കണ്ടെത്തി. ഈ നമ്പറുകളിലേക്ക് അപ്പുണ്ണി തിരിച്ചുവിളിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 2016 നവംബർ 23 മുതൽ നടി അതിക്രമത്തിന് ഇരയായ ഫെബ്രുവരി 17വരെയാണു ഫോണ്‍ കോളുകളെല്ലാം.