ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗവാസക്കര്‍. കഴിവുള്ള കളിക്കാരെ ഒഴിവാക്കി സ്‌റ്റൈലിഷായ ഹെയര്‍ സ്റ്റൈലും ശരീരത്തില്‍ പച്ച കുത്തിയവരെയുമാണ് ഇന്ത്യന്‍ ടീമിലേക്ക് ഇപ്പോള്‍ സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുന്നതെന്നായിരുന്നു ഗവാസ്‌ക്കറിന്റെ പരിഹാസം.
നിലവില്‍ ടീമിന്റെ പ്രകടനത്തില്‍ ഗവാസ്‌ക്കര്‍ക്ക് ഒരു പരാതിയുമില്ല. ടീം മികച്ച ഫോമിലാണെന്നും എന്നാല്‍ ചില കളിക്കാരെ തിരഞ്ഞെടുത്ത മാനദണ്ഡത്തിലാണ് തനിക്ക് എതിര്‍പ്പുള്ളതെന്നും ഗവാസ്‌ക്കര്‍ വ്യക്തമാക്കി. ‘ലങ്കക്കെതിരായ പരമ്പരക്കുള്ള ടീമിനെ തിരഞ്ഞെടുത്തതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. മികച്ച കളി പുറത്തെടുത്തിട്ടും ചില താരങ്ങള്‍ തഴയപ്പെട്ടു. ഒരുപക്ഷേ ഭംഗിയുള്ള ഹെയര്‍ സ്റ്റൈലും ശരീരത്തില്‍ പച്ചകുത്തലും കണ്ടാൽ അവരെയും പരിഗണിക്കുമായിരിക്കും’ ഒരു ദേശീയ മാധ്യമത്തില്‍ എഴുതിയ കോളത്തിലാണ് ഗവാസ്‌ക്കര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
കോലിയും പാണ്ഡ്യയും കെ.എല്‍ രാഹുലും അടക്കമുള്ള താരങ്ങളെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് ഗവാസ്‌ക്കറിന്റെ കോളം. കളിയാക്കാളേറെ ഫാഷനും ലൈഫ്‌സ്റ്റെലിനും കളിക്കാര്‍ പ്രാധാന്യം നല്‍കുന്നതാണ് ഗവാസ്‌ക്കറിനെ ചൊടിപ്പിച്ചത്. മീശയിലും താടിയിലും പരീക്ഷണം നടത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ ശരീരത്തില്‍ പച്ച കുത്തുന്നതിലും പുതുമ തേടാറുണ്ട്. ഇതിന്റെയെല്ലാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്.
രാഹുലിന് വീണ്ടും അവസരം ലഭിച്ചപ്പോള്‍ വിന്‍ഡീസിനെതിരായ പരമ്പരയിലെ ടോപ്പ് സ്‌കോററായ അജിങ്ക്യ രഹാനെ പുറത്തിരിക്കുകയാണെന്നും ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടി.