സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ താന്‍ മൊഴി നല്‍കിയെന്ന ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ ആരോപണം നിഷേധിച്ച് എന്‍സിപി നേതാവ് മാണി.സി.കാപ്പന്. സിബിഐക്ക് ഒരു മൊഴിയും നല്‍കിയിട്ടില്ല. വ്യാജരേഖയാണ് പ്രചരിപ്പിക്കുന്നത്. താനുമായി ബന്ധപ്പെട്ട് സിബിഐയില്‍ കേസില്ലെന്നും മാണി സി കാപ്പന് അറിയിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി വാങ്ങാനായി വ്യവസായി ദിനേശ് മേനോന് കോടിയേരിക്കും മകന് ബിനീഷിനും പണം നല്കിയെന്നു സൂചിപ്പിക്കുന്ന മാണി സി.കാപ്പന്റെ മൊഴിയുടെ പകര്‍പ്പുകള്‍ ഷിബു ബേബി ജോണ്‍ പുറത്തു വിട്ടിരുന്നു. ഈ ആരോപണത്തെ തള്ളുംവിധമാണ് ദിനേശ് മേനോനും പ്രതികരിച്ചിരുന്നു. കോടിയേരിയെയും മകനെയും കണ്ടിരുന്നു. പക്ഷേ, അവര്‍ പണം വാങ്ങിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈ വ്യവസായി ദിനേശ് മേനോന് കാപ്പനെതിരെ സിബിഐക്ക് പരാതി നല്‍കിയിരുന്നു. കാപ്പന് മൂന്നരക്കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. ഇത് സംബന്ധിച്ച് സിബിഐക്ക് നല്കിയ മൊഴിയിലാണ് പരാമര്‍ശമെന്നായിരുന്നു ഷിബു ബേബി ജോണ്‍ ആരോപിച്ചത്. സിയാലിന്റെ ഓഹരി വാങ്ങാനായി ദിനേശ് മേനോന് കോടിയേരിക്ക് പണം നല്‍കിയെന്നാണ് കാപ്പന്റെ മൊഴി.
അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിയേയും അദ്ദേഹത്തിന്റെ മകനെയും താന്‍ പരിചയപ്പെടുത്തി. ദിനേശ് മേനോന്റെ കമ്ബനിക്ക് ഓഹരികള്‍ ലഭിച്ചെങ്കിലും പിന്നീട് റദ്ദാക്കപ്പെട്ടു. ഇതോടെ ദിനേശ് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ തന്നോട് വാങ്ങി. കോടിയേരിയും ബിനീഷുമായി ദിനേശ് പണമിടപാടുകള്‍ നടത്തിയെന്നും കാപ്പന്റെ മൊഴിയില്‍ പറയുന്നുണ്ടെന്നാണ് ഷിബു ബേബി ജോണ്‍ ആരോപിച്ചത്.