കള്ളപ്പണ നിർമാർജ്ജനം ചെയ്യണമെന്ന ഉദ്ദേശത്തോടെ നടപ്പാക്കിയ നോട്ടു നിരോധനം ലക്ഷ്യപ്രാപ്തിയിലെത്തിയില്ലെന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ഒ.പി. റാവത്ത്. നോട്ടുനിരോധനത്തിലൂടെ കള്ളപ്പണം ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. നോട്ട് നിരോധിച്ച ശേഷമുള്ള തെരഞ്ഞെടുപ്പിൽ മുൻപത്തേതിനേക്കാൾ അധികം കള്ളപ്പണമാണ് പിടിച്ചെടുത്തത്. അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനമൊഴിഞ്ഞ ശേഷം മാധ്യമങ്ങളോട് അദ്ദേഹം നടത്തിയ വെളിപ്പെടുത്തലാണിത്. അഞ്ചു സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത് 200 കോടിയിലധികം കള്ളപ്പണമാണ്. വോട്ടിങ് മെഷീനിൽ തിരിമറി നടക്കുന്നുവെന്ന ആരോപണം അദ്ദേഹം തള്ളി. ഇന്‍റർനെറ്റുമായി മെഷീനെ ബന്ധിപ്പിക്കാൻ സാധിക്കാത്തതിനാൽ ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്നു അദ്ദേഹം വ്യക്തമാക്കി. റാവത്തിന്‍റെ പടിയിറക്കത്തോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുനിൽ അറോറ ചുമതലയേറ്റു.