എ.ടി.എം. വഴിയുള്ള ഇടപാടുകള്‍ക്കുളള ചാര്‍ജ് വീണ്ടും പ്രാബല്യത്തിലാക്കി. അക്കൗണ്ടുള്ള ബാങ്കുകളുടെ ചാര്‍ജില്ലാതെ 5 തവണ എ.ടി.എമ്മുകള്‍വഴി ഇടപാടുകള്‍ നടത്താം. മെട്രോ നഗരങ്ങളിലാണെങ്കില്‍ മൂന്നില്‍ കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ ചാര്‍ജ് ഈടാക്കും. നവംബര്‍ 14 നാണു എ.ടി.എം. വഴിയുള്ള ഇടപാടുകള്‍ക്കുള്ള നിരക്കുകള്‍ പിന്‍വലിച്ചുകൊണ്ട് നോട്ട് നിരോധന പ്രതിസന്ധിയെത്തുടര്‍ന്നു റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയത്. ഡിസംബര്‍ 30 ന് ഈ ഉത്തരവിന്‍റെ കാലാവധി അവസാനിച്ചിരുന്നു. ഈ തീയതി പിന്നിട്ടതോടെ പഴയപടി ഉപയോക്താക്കളില്‍നിന്ന് പരിധിയില്‍ കവിഞ്ഞ ഉപയോഗത്തിന് സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കിത്തുടങ്ങി.
2014 ഓഗസ്റ്റില്‍ റിസര്‍വ് ബാങ്ക് ഇറക്കിയ ഉത്തരവ് പ്രകാരം മെട്രോ നഗരങ്ങളിലെ ഉപയോക്താക്കള്‍ക്ക് അക്കൗണ്ടുള്ള ബാങ്കുകളുടെ എ.ടി.എമ്മുകളില്‍നിന്ന് അഞ്ചും മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളില്‍നിന്ന് മൂന്നു തവണയും ഒരു മാസം സൗജന്യമായി ഇടപാടുകള്‍ നടത്താം. മെട്രോയിതര മേഖലകളില്‍ ഉപയോക്താവിന് അക്കൗണ്ടുള്ള സ്വന്തം ബാങ്ക് എ.ടി.എമ്മുകളിലും മറ്റു ബാങ്കിന്‍റെ എ.ടി.എമ്മുകളിലും നിന്ന് അഞ്ചിടപാടുകള്‍ നടത്താം. പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 20 രൂപയും സര്‍വീസ് ചാര്‍ജും ഈടാക്കും.
സര്‍ക്കാര്‍ പറഞ്ഞ 50 ദിവസത്തെ കാലാവധി കഴിഞ്ഞെങ്കിലും എ.ടി.എമ്മുകളില്‍ ആവശ്യത്തിന് പണമെത്താത്തതിനാല്‍ ഉപയോക്താക്കള്‍ക്കു ഇരുട്ടടിയാണ് റിസള്‍വ് ബാങ്ക് തീരുമാനം, പ്രത്യേകിച്ച് എ.ടി.എം. വഴി ഒരു ദിവസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 4500 രൂപയായി നിജപ്പെടുത്തിയിരിക്കുന്നതിനാല്‍.
ഇന്നോ നാളെയോ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ആനുകൂല്യം നല്‍കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ ഇനി റിസര്‍വ് ബാങ്കിന്‍റെ ഭാഗത്തുനിന്നും ഉണ്ടാവാനുള്ള സാധ്യതയുമില്ല. സമയപരിധി അവസാനിച്ചിട്ടും ഗ്രാമങ്ങളിലും നഗരത്തിലും ഒരേപോലെ എ.ടി.എമ്മുകളില്‍ ഭൂരിഭാഗവും ഒഴിഞ്ഞുതന്നെയാണുള്ളത്. ബാങ്കുകളില്‍ നോട്ട് ക്ഷാമത്തിന് ഇനിയും പരിഹാരമുണ്ടായിട്ടില്ലാത്ത സാഹചര്യത്തില്‍ എ.ടി.എമ്മുകളില്‍ നിറയ്ക്കാനുള്ള പണവുമില്ല.