കേരളത്തിലും ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടാകുമെന്നു പഠനങ്ങള്‍. സംസ്ഥാനത്ത് ചെറുഭൂചലനങ്ങള്‍ കൂടുന്നത് ഇത്തരം ഒരു അപകട സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൂടുതല്‍ ജാഗ്രതാ നടപടി കൈക്കൊള്ളണമെന്ന് ഭൂചലനസാധ്യത കണക്കിലെടുത്ത് ഭൌമശാസ്ത്ര പഠനകേന്ദ്ര (സെസ്) നിര്‍ദേശിച്ചു . ഉല്‍ക്കണ്ഠപ്പെടേണ്ടതല്ലെങ്കിലും കരുതലും സുരക്ഷാ നടപടികളും അനിവാര്യമെന്ന് സെസ് തിരുവനന്തപുരം കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ മത്തായിയും പീച്ചി സെസ് കേന്ദ്രത്തിലെ ഡോ. ശ്രീകുമാരി കേശവനും വെളിപ്പെടുത്തിയതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.കേരളത്തില്‍ പരമാവധി 6.5 തീവ്രതവരെയുള്ള ചലനങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇത്തരം ആഘാതത്തെ അതിജീവിക്കാന്‍ ശേഷിയുള്ള കെട്ടിടങ്ങളും ഫ്‌ളാറ്റുകളുമേ പണിയാവൂ എന്നാണ് ഔദ്യോഗിക നിര്‍ദേശം.രണ്ടായിരത്തിനു ശേഷം മുന്നൂറോളം ചലനങ്ങള്‍ ഭൌമശാസ്ത്ര പഠനകേന്ദ്രം (സെസ്) രേഖപ്പെടുത്തിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ദേശമംഗലം ഭാഗത്ത് ഞായറാഴ്ചയുണ്ടായ ചെറുചലനമാണ് ഒടുവിലത്തേത്. കേരളം ഭൂചലനതീവ്രതയില്‍ മൂന്നിലാണ്. സോണ്‍ ഒന്ന് ഭൂചലനത്തിന് സാധ്യതയില്ലാത്ത മേഖലയും സോണ്‍ രണ്ട് അല്‍പ്പംകൂടി സാധ്യതയുള്ളതും മൂന്ന് മധ്യസ്ഥിതിയിലുള്ള മേഖലയും നാലും അഞ്ചും തീവ്രചലനത്തിന് സാധ്യതയുള്ള മേഖലകളുമാണ്. ഹിമാലയ പ്രദേശങ്ങള്‍, ഗുജറാത്ത്, വടക്ക് കിഴക്കന്‍ മേഖലകള്‍ തുടങ്ങിയവ സോണ്‍ അഞ്ചിലാണ്.
ഭൂപ്രദേശം നേരിയ തോതില്‍ കേരളത്തില്‍ തീരദേശത്തുള്‍പ്പെടെ ഉയര്‍ന്നുകൊണ്ടിരിക്കയാണെന്ന് ഭൌമശാസ്ത്ര പഠനങ്ങള്‍ പറയുന്നു. തീരദേശവും സഹ്യപര്‍വതവും പീഠഭൂമിയുടെ പാര്‍ശ്വസ്ഥലങ്ങളുമടങ്ങുന്ന ഭൂസവിശേഷത കേരളത്തില്‍ തുടര്‍ഭൂചലനങ്ങള്‍ക്ക് സാധ്യത കൂട്ടുന്നു. റിച്ചര്‍ സ്‌കെയിലില്‍ നാലു പോയിന്റില്‍ കൂടുതലുള്ള ചലനങ്ങള്‍ക്കേ നാശമുണ്ടാക്കാനാവൂ. കേരളത്തിലുണ്ടായ 90 ശതമാനം ചലനങ്ങളും മൂന്നു പോയിന്റിനേക്കാള്‍ തീവ്രത കുറഞ്ഞവയാണ്. 2000 ഡിസംബര്‍ 12ന് ഈരാറ്റുപേട്ടയിലെ അഞ്ചു പോയിന്റ് തീവ്രതയുള്ള ചലനമാണ് കേരളത്തില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും ശക്തിയേറിയത്. 2001 ജനുവരി ഏഴിന് 4.8 തീവ്രതയുള്ള ചലനം പാലായിലുമുണ്ടായി.തൃശൂര്‍ ജില്ലയിലെ ദേശമംഗലത്ത് 1994ല്‍ 4.3 പോയിന്റിന്റെ ചലനമുണ്ടായി. 1900ല്‍ കോയമ്പത്തൂര്‍ മേഖലയിലുണ്ടായ ആറു പോയിന്റ് തീവ്രതയുള്ള ഭൂചലനത്തില്‍ പാലക്കാട് ജില്ലയിലടക്കം വീടുകള്‍ നിലംപൊത്തി. ഭൂചലനങ്ങളില്‍ കേരളത്തില്‍ രണ്ടു മരണമെന്നാണ് ഔദ്യോഗികമായുള്ളത്. 1904ല്‍ കാശിയില്‍ 8.5 തീവ്രത രേഖപ്പെടുത്തിയതാണ് ഇന്ത്യയിലുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം. 2000ല്‍ ഗുജറാത്തില്‍ വന്‍നാശം വിതച്ച ഭൂചലനത്തിന് തീവ്രത 7.8 പോയിന്റായിരുന്നു.