പാവപ്പെട്ടവര്‍ക്ക് പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ്‌വരെ മെച്ചപ്പെട്ട ചികിത്സ ; മുഖ്യമന്ത്രി

പാവപ്പെട്ടവര്‍ക്ക് പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ്‌വരെ മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിന് എല്ലാ ആശുപത്രികളെയും സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.. തിരുവല്ല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ പുതുതായി നിര്‍മിച്ച ഐ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്ത് ജനകീയ ഇടപെടലുകളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാധാരണക്കാരുടെ അഭയകേന്ദ്രമാണ് സര്‍ക്കാര്‍ ആശുപത്രികള്‍. ആതുരസേവന രംഗത്തെ വരുമാനത്തിന്റെ കണ്ണോടെ കാണുന്ന പ്രവണത പാടില്ല. അനാവശ്യ ലാബ് പരിശോധകള്‍ ഒഴിവാക്കണം. ഔഷധ വ്യാപാരികളുമായുള്ള അവിശുദ്ധ ബന്ധത്തിലൂടെ രോഗികളെ ചൂഷണം ചെയ്യുന്ന ദുഷ്പ്രവണതയില്‍നിന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മാറിനല്‍ക്കണം.
ആരോഗ്യ പ്രവര്‍ത്തകര്‍ ധാര്‍മികതയുടെ കാവലാളാകണമെന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധി, കൊതുകുജന്യ രോഗങ്ങള്‍, മാലിന്യം, ജീവിതശൈലീ രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനാകണം. പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ കിട്ടുന്നുവെന്ന് ഉറപ്പുവരുത്തുന്നവിധം ദിശാബോധത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയണം. ആരോഗ്യ രംഗത്ത് കേരളത്തിന്റെ മാതൃക നിലനിര്‍ത്തുന്നതിന് കൂട്ടായ പരിശ്രമമുണ്ടാകണം. ജനങ്ങളെ മുന്നില്‍കണ്ടുകൊണ്ടുള്ള ഏതുപ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ പൂര്‍ണമായ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നഗരസഭയുടെ ഉപഹാരം ചെയര്‍മാന്‍ കെ.വി വര്‍ഗീസ് ചടങ്ങില്‍ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഇപ്പോള്‍തന്നെ മികച്ച സേവനങ്ങളാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യം സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള നടപടികള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. ജീവിതശൈലീ രോഗങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നത് തടയാനുള്ള കൂട്ടായ ആലോചനകളും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതു വഴി അധികചെലവ് ഒഴിവാക്കാനാവുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ചികിത്സാ രംഗത്ത് സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ചികിത്സാരംഗം ഇന്നൊരു ദുരന്തത്തിലാണ്. ചികിത്സാരംഗത്ത് ഉണ്ടാകേണ്ടത് മാനവികതയാണ്. താലൂക്ക് ആശുപത്രിയിലെ ഐ.പി ബ്ലോക്കില്‍ ഇനി പൂര്‍ത്തീകരിക്കേണ്ട നാലുനിലകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. അഴിമതി രഹിതവും ഈടുറ്റതുമായ കെട്ടിടനിര്‍മാണം എല്ലാ മേഖലകളിലും കൊണ്ടുവരും. തിരുവല്ലയിലെ എല്ലാ റോഡുകളും അത്യാധുനിക സൗകര്യങ്ങളോടെ പുനര്‍നിര്‍മിക്കും. ഏഴുവര്‍ഷം നിലനില്‍ക്കുന്ന രീതിയില്‍ ശബരിമല റോഡുകള്‍ പുനര്‍നിര്‍മിക്കും. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിക്കുന്ന പണത്തിന് മൂല്യമുണ്ടാകണം. അത് ഉപയോഗക്ഷമമാക്കാനും സ്ഥിരകാല ആസ്തിയായി നിലനിര്‍ ത്താനും കഴിയണം. ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് ഉടന്‍ നടപ്പില്‍വരുത്തുമെന്നും മന്ത്രി പറഞ്ഞു. ഒഫ്താല്‍മോളജി ബ്ലോക്കിന്റെ ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു.
തിരുവല്ല താലൂക്ക് ആശുപത്രിയെ സംസ്ഥാനത്തെ മികച്ച ആശുപത്രികളിലൊന്നായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. എം.പി ഫണ്ടില്‍ നിന്ന് ആശുപത്രിക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങിനല്‍കുന്നതിന് സമര്‍പ്പിച്ച നിവേദനം മുഴുവന്‍ അംഗീകരിച്ചതായി ആന്റോ ആന്റണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായ ഫത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി, ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.വി.ആര്‍ രാജു, ചീഫ് എന്‍ജിനിയര്‍ ജി.രവീന്ദ്രന്‍, നഗരസഭ ചെയര്‍മാന്‍ കെ.വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, അംഗങ്ങളായ സാം ഈപ്പന്‍, എസ്.വി സുബിന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഈപ്പന്‍ കുര്യന്‍, നിര്‍മല മാത്യൂസ്, രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ. കെ.അനന്തഗോപന്‍, കെ.പി ഉദയഭാനു, ബാബു ജോര്‍ജ്, വിക്ടര്‍ ടി.തോമസ്, എ.പി ജയന്‍, അലക്‌സ് കണ്ണമല, കെ.ഇ അബ്ദുള്‍ റഹിമാന്‍, അശോകന്‍ കുളനട, രാജേഷ് ചാ ത്തങ്കേരി, അഡ്വ.ആര്‍.സനല്‍കുമാര്‍, അഡ്വ. ഫ്രാ3സിസ് വി.ആന്റണി, കൗണ്‍സിലര്‍ ബിജു ലങ്കാഗിരി, ഡി.എം.ഒ ഡോ.സോഫിയ ബാനു, ഡോ.എബി സുഷന്‍, ഡോ. എം.വി ഗംഗ എന്നിവര്‍ പങ്കെടുത്തു.