റോഡില്‍ ശവപ്പെട്ടി കണ്ട് നാട്ടുകാര്‍ അമ്പരന്നു. കുമ്പനാട്- നെല്ലിമല റോഡില്‍ നീറുംപ്ലാക്കല്‍ ജങ്‌ഷനില്‍ നിന്ന് ആറങ്ങാട്ടുപടി കുമ്പനാട് കല്ലുമാലി റോഡില്‍ കുമ്പനാട് കണ്ടത്തിലാണ് വിദേശ രാജ്യത്തു നിന്നുള്ള ശവപ്പെട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.രാവിലെ വിജനമായ ഈ പ്രദേശത്ത് കൂടി പോയവരാണ് ശവപ്പെട്ടി കണ്ടത്. സ്‌റ്റാര്‍ ക്ലബ്ബ് പ്രവര്‍ത്തകരും നാട്ടുകാരും പ്രദേശത്ത് എല്ലാം തെരച്ചില്‍ നടത്തി.
ഈ പ്രദേശങ്ങളില്‍ അടുത്ത കാലത്തെങ്ങും വിദേശ രാജ്യത്ത് നിന്ന് മൃതദേഹം കൊണ്ടു വന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.വിവരമറിഞ്ഞ് എത്തിയ കോയിപ്രം പോലീസ് ശവപ്പെട്ടിയും പ്രദേശവും വിശദമായി പരിശോധിച്ചു. വിദേശത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം കൊണ്ടു വന്നു ശവപ്പെട്ടിയാണെന്നാണ് അറിയുന്നത്. പിന്നീട് പെട്ടി പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. വിജനമായ ഈ പ്രദേശത്തു കൂടി ആള്‍ സഞ്ചാരം വളരെ വിരളമാണ്.
രാവിന്റെ മറവില്‍ അറവു ശാലകളില്‍നിന്നുള്ള മാലിന്യവും മനുഷ്യ വിസര്‍ജ്യവും ഉള്‍പ്പെടെയുള്ളവ തള്ളുന്നത് പതിവാണ്. ഇതിനെതിരെ നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും നാളിതു വരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കുറെ നാളുകള്‍ക്ക് മുന്‍പ് പ്രദേശത്ത്‌അജ്‌ഞാത ജീവിയുടെ ശബ്‌ദം കേള്‍ക്കാമായിരുന്നതായി പ്രദേശ വാസികള്‍ പറഞ്ഞിരുന്നു.തിരുവല്ല, കോയിപ്രം പോലീസ് സ്‌റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശമായ ഇവിടെ പോലീസിന്റെ നിരീക്ഷണം കാര്യമായി നടക്കാറില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.