ഡ്രൈവിങ് ടെസ്റ്റ്: പുതിയ രീതി താൽക്കാലികമായി ഹൈക്കോടതി തടഞ്ഞു

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്ക്കാരത്തിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. മെയ് 15 വരെ പുതിയ രീതി നടപ്പാക്കരുതെന്നാണു നിര്‍ദേശം. പുതിയരീതി ഉടന്‍ നടപ്പാക്കരുതെന്നും പരിശീലിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ട് ഡ്രൈവിങ് സ്കൂളുകാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പുതിയ രീതിയനുസരിച്ച് എച്ചിനു പുറമെ റിവേഴ്സ് പാര്‍ക്കിങ്, വാഹനം കയറ്റത്തു നിര്‍ത്താനുള്ള കഴിവു പരിശോധിക്കുന്ന ഗ്രേഡിങ് ടെസ്റ്റ് എന്നിവയും നിര്‍ബന്ധമാക്കിയിരുന്നു. എച്ച് യാര്‍ഡില്‍ സ്ഥാപിച്ച കമ്പികളുടെ ഉയരം കുറയ്ക്കുകയും ഇവ തമ്മില്‍ റിബണ്‍ ഉപയോഗിച്ച് ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. വാഹനത്തിന്റെ വശത്തെ കണ്ണാടിയില്‍ കൂടി മാത്രം നോക്കി എച്ച് എടുക്കണം. പുതിയ നിര്‍ദ്ദേശം വന്നതോടെ തിങ്കളാഴ്ച ചുരുക്കം ആളുകള്‍ മാത്രമാണ് ടെസ്റ്റിന് എത്തിയിരുന്നത്.