പന്ത്രണ്ടു വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയും കാമുകനായ പൂജാരിയും പോലിസ് പിടിയിലായി

torture

പന്ത്രണ്ടു വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയും കാമുകനായ പൂജാരിയും പോലിസ് പിടിയിലായി. സംഭവത്തില്‍ ഒന്നാംപ്രതിയായ കരുനാഗപ്പള്ളി ആലുംകടവ് മംഗലത്ത് വീട്ടില്‍ രാധാകൃഷ്ണന്റെ മകന്‍ രഞ്ജു (29), പെണ്‍കുട്ടിയുടെ മാതാവ് ഷൈല (39) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ആത്മഹത്യക്ക് കാരണം മാതാവിന്റെ കാമുകനായ രഞ്ജുവിന്റെ നിരന്തരമായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനവും ഇതിനുള്ള മാതാവിന്റ അനുവാദവുമാണെന്ന് പോലിസ് പറഞ്ഞു.
ഇക്കാര്യം പ്രതിയും സമ്മതിച്ചതായി പോലിസ് പറഞ്ഞു. കരുനാഗപ്പളളി കുലശേഖരപുരത്ത് കഴിഞ്ഞമാസം 27നാണ് പന്ത്രണ്ട് വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പ്രകാരം കുട്ടി നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മാതാവ് ഷൈലയ്ക്കും കാമുകന്‍ രഞ്ജുവിനും എതിരേ ലൈംഗിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തത്.
കുട്ടിയുടെ പിതാവും സൈനികനുമായ പ്രസന്നന്‍ അവധിക്ക് നാട്ടില്‍ എത്തി മടങ്ങിയത് ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിനായിരുന്നു. പിതാവ് വീട്ടില്‍ ഉണ്ടായിരുന്നപ്പോഴും മാതാവ് കുട്ടിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും വിവരമുണ്ട്. പൂജാരിയുടെ നിരന്തര പീഡനത്തില്‍ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ഇതോടെയാണ് പരീക്ഷയ്ക്ക് പഠിക്കാന്‍ ഒരുങ്ങുകയാണെന്നു പറഞ്ഞ് കിടപ്പുമുറിയില്‍ കയറി ജനലില്‍ കെട്ടിയ ഷാളില്‍ തൂങ്ങിമരിച്ചതെന്ന് പോലിസ് പറയുന്നു. അതേസമയം, തെളിവെടുപ്പിനായി ഇന്നലെ കുലശേഖരപുരത്തെ വസതിയിലെത്തിച്ച പ്രതികള്‍ക്ക് നേരെ കല്ലേറുണ്ടായി. സംഭവത്തില്‍ മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.