കടല്‍ കടന്ന പ്രണയം; പാണ്ടനാട് സ്വദേശിക്ക് റൂമേനിയക്കാരി സ്വന്തമായി

നാല് വര്‍ഷത്തെ നിശബ്ദ പ്രണയത്തിനൊടുവില്‍ അവര്‍ ഒന്നായി. കടല്‍ കടന്ന പ്രണയം വിവാഹത്തിലൂടെ സഫലമായി. ഫേസ്ബുക്കിലൂടെയുള്ള സൗഹൃദം പ്രണയമായി. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശിക്ക് റൂമേനിയക്കാരി സ്വന്തമായി.

പാണ്ടനാട് തുരുത്തിക്കാട് വീട്ടില്‍ തോമസിന്റെയും ലിസിയുടെയും മകന്‍ ലിജോ തോമസും റുമേനിയന്‍ സ്വദേശിനി സാന്‍ഡാ വയലേറ്റയുമാണ് വിവാഹിതരായത്. പാണ്ടനാട് മാര്‍ത്തോമ്മാ പള്ളി പാരിഷ് ഹാളിലായിരുന്നു ചടങ്ങ്. ഇരുവരും ജന്മനാ ബധിരരും മൂകരുമാണ്. നാല് വര്‍ഷം മുന്‍പ് ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. കൈമാറിയ സന്ദേശങ്ങള്‍ നയിച്ചത് പ്രണയലോകത്തേക്ക്.

മിന്നുകെട്ട് സ്വന്തം നാട്ടില്‍ വേണമെന്ന ലിജോയുടെ വീട്ടുകാരുടെ ആഗ്രഹത്തിന് സാന്‍ഡയുടെ വീട്ടുകാര്‍ക്കും എതിര്‍പ്പില്ലായിരുന്നു. എന്നാല്‍ സാന്‍ഡയുടെ മാതാപിതാക്കള്‍ക്ക് വിവാഹ ചടങ്ങിനെത്താന്‍ വിസ ലഭിച്ചില്ല. അതിനാല്‍ സുഹൃത്ത് റോസിനൊപ്പമാണ് സാന്‍ഡ കേരളത്തിലെത്തിയത്. സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് ലിജോ. സാന്‍ഡ ലണ്ടനില്‍ ഹോട്ടല്‍ മാനേജ്മെന്റ് രംഗത്ത് ജോലി ചെയ്യുന്നു.