സ്വർണത്തിന് മൂന്ന് ശതമാനം നികുതി ചുമത്താൻ ധാരണ. ജി.എസ്.ടി കൗൺസിൽ മീറ്റിങിന് ശേഷം കേന്ദ്രധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയാണ് ഇക്കാര്യം അറിയിച്ചത്. മുമ്പ് രണ്ട് ശതമാനം നികുതിയാണ് സ്വർണ്ണത്തിന് ചുമത്തിയിരുന്നത്. ഇതിനൊപ്പം ചെരുപ്പുകൾ, ബിസ്ക്കറ്റ്, ടെക്സ്റ്റെയിൽ ഉൽപന്നങ്ങൾ എന്നിവ യുടെ നികുതി സംബന്ധിച്ചും തീരുമാനമായി.
500 രൂപയിൽ താഴെയുള്ള ചെരുപ്പിന് 5 ശതമാനവും ഇതിൽ കൂടുതൽ വിലയുള്ളതിന് 18 ശതമാനവും നികുതി ചുമത്തും. ബീഡിക്ക് സെസ്സില്ലാതെ 28 ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്. കോട്ടൺ തുണിത്തരങ്ങൾക്ക് അഞ്ച് ശതമാനവും റെഡിമെയഡ് വസ്ത്രങ്ങൾക്ക് 12 ശതമാനവും നികുതി ചുമത്തും. ബിസ്കറ്റിന് 18 ശതമാനമാണ് നികുതി.
ലോട്ടറിയുടെ നികുതി സംബന്ധിച്ച് ധാരണയായില്ല. ഇൗ മാസം 11ന് നടക്കുന്ന യോഗത്തിൽ ഇത് സംബന്ധിച്ച ധാരണയാവുമെന്നാണ് സൂചന. നാല് തരത്തിലുള്ള നികുതി നിരക്കുകളാണ് ജി.എസ്.ടിയിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് ചുമത്തിയിരുന്നത്. 5, 12, 18, 28 എന്നിങ്ങനെയാണ് നികുതി നിരക്കുകൾ.