മോദി ഭരണം ജനാധിപത്യ ഇന്ത്യയെ ഏകാധിപത്യത്തിലേക്ക് മാറ്റിയെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. മോദി സർക്കാറിന്റെ 3 വർഷത്തെ ഭരണത്തിൽ രാജ്യത്തിന് ദോഷം ചെയ്യുന്ന ഒട്ടനവധി കാര്യങ്ങൾ നടന്നു. ഡി.സി.സി ഒാഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശാപ്പ് നിരോധന നിയമത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. മോദിഭരണത്തിന്റെ നേട്ടം ആസ്‌ട്രേലിയയിലെയും കാനഡയിലെയും കൃഷിക്കാര്‍ക്കാണ് ലഭിക്കുന്നത്. എന്നാൽ, രാജ്യത്തെ കൃഷിക്കാര്‍ വലിയ പ്രതിസന്ധിയിലാണ്. കാര്‍ഷികവിളകളുടെ താങ്ങുവില ഉയര്‍ത്താന്‍ കേന്ദ്രം തയാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മൂന്നുവര്‍ഷം കഴിഞ്ഞാണ് റബര്‍ ബോര്‍ഡിന് ചെയര്‍മാനെ നിയമിച്ചത്. പ്രതിവര്‍ഷം രണ്ടുകോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും 2016ല്‍ രണ്ടുലക്ഷം പേര്‍ക്കു പോലും ജോലി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ജി.ഡി.പി വളര്‍ച്ച 7.5 ശതമാനം എന്ന് പ്രതീക്ഷിച്ചിരുന്നിടത്ത് ആറുശതമാനം മാത്രമാണ്. നോട്ട് അസാധുവാക്കി ഏഴു മാസമായിട്ടും എത്ര പണം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് വെളിപ്പെടുത്തിയിട്ടില്ല. യു.പി.എ, രാജീവ് ഗാന്ധി സര്‍ക്കാറുകളുടെ പദ്ധതികള്‍ക്ക് പുതിയ രൂപം നല്‍കി പ്രഖ്യാപിക്കുകയാണ് മോദി ചെയ്യുന്നത്.
കൂടുതല്‍ നടപടികളും കുറഞ്ഞ ഭരണവും എന്നതായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനം എങ്കില്‍ ഇപ്പോള്‍ കുറഞ്ഞ നടപടികളും കൂടുതല്‍ പ്രചാരണവും എന്നതാണ് സ്ഥിതി. അഴിമതി ഇല്ലാതാക്കിയെന്ന് അവകാശപ്പെടുന്നവര്‍ വലിയ കുംഭകോണങ്ങള്‍ അന്വേഷിക്കാന്‍ തയാറായിട്ടില്ല. ലളിത് മോദി, മധ്യപ്രദേശിലെ വ്യാപം, മധ്യപ്രദേശിലെ ഗ്യാസ് പദ്ധതി, ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ മകന്‍ പാനമ ലിസ്റ്റില്‍ ഉള്‍പ്പെട്ടത് എന്നിവ സംബന്ധിച്ച ദുരൂഹതയുണ്ട്. വ്യാപവും ലളിത് മോദിയുടെ വിഷയവുമടക്കം ഒട്ടനവധി അഴിമതിക്കഥകൾ ജനങ്ങളിൽനിന്ന് മനഃപൂർവം മറച്ചുപിടിക്കുകയാണ്.
യു.പി.എ സർക്കാറിന്റെ അവസാന രണ്ടരവർഷം 1,35,000 കോടി കള്ളപ്പണം പിടികൂടിയപ്പോൾ ബി.ജെ.പി സർക്കാറിന് ഇതുവരെ പിടികൂടാനായത് 25,000 കോടി മാത്രമാണ്. പ്രതിപക്ഷം നിശ്ശബ്ദമാണെന്ന പ്രചാരണം അസ്ഥാനത്താണെന്നും മോദിഭരണത്തിനുനേരെ ഉയർന്നുവരുന്ന ജനവികാരമുൾക്കൊണ്ട് കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.