Friday, December 6, 2024
HomeSportsചാംപ്യൻസ് ട്രോഫി; മഴയെത്തിയതോടെ തടസപ്പെട്ട മൽസരത്തിൽ 4.5 ഓവർ പൂർത്തിയാകുമ്പോൾ പാകിസ്ഥാന് 24...

ചാംപ്യൻസ് ട്രോഫി; മഴയെത്തിയതോടെ തടസപ്പെട്ട മൽസരത്തിൽ 4.5 ഓവർ പൂർത്തിയാകുമ്പോൾ പാകിസ്ഥാന് 24 റൺസ്

മഴമൂലം 48 ഓവറാക്കി ചുരുക്കിയ ചാംപ്യൻസ് ട്രോഫി മൽസരത്തിൽ ഇന്ത്യയ്ക്കെതിരെ 324 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാക്കിസ്ഥാന് ഭേദപ്പെട്ട തുടക്കം. വീണ്ടും മഴയെത്തിയതോടെ തടസപ്പെട്ട മൽസരത്തിൽ 4.5 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 24 റൺസ് എന്ന നിലയിലാണ് പാക്കിസ്ഥാൻ. അസ്ഹർ അലി 12 റൺസോടെയും അഹമ്മദ് ഷെഹ്സാദ് ഏഴു റൺസോടെയും ക്രീസിലുണ്ട്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 48 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 319 റൺസെടുത്തു. തുടർന്ന് ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന്റെ വിജയലക്ഷ്യം 324 ആയി പുനർനിർണയിക്കുകയായിരുന്നു. അർധസെഞ്ചുറി നേടിയ ഓപ്പണർമാരായ ശിഖർ ധവാൻ (68), രോഹിത് ശർമ (91), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (81*), യുവരാജ് സിങ് (53) എന്നിവരാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. അവസാന ഓവറിൽ തകർത്തടിച്ച ഹാർദിക് പാണ്ഡ്യ ആറു പന്തിൽ 20 റൺസുമായി പുറത്താകാതെ നിന്നു. അവസാന നാല് ഓവറിൽ മാത്രം 72 റൺസ് നേടിയാണ് ഇന്ത്യ പാക്കിസ്ഥാന് മുന്നിൽ റൺമല തീർത്തത്.

തുടക്കത്തിലെ പതർച്ചയെ മികച്ച കൂട്ടുകെട്ടുകളുടെ പിൻബലത്തിൽ മറികടന്നാണ് മികച്ച സ്കോറിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റമെന്നതും ശ്രദ്ധേയം. രോഹിത്–ധവാൻ സഖ്യം ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് (136) തീർത്തപ്പോൾ, രണ്ടാം വിക്കറ്റിൽ രോഹിത്–കോഹ്‍ലി സഖ്യവും (56) മൂന്നാം വിക്കറ്റിൽ കോഹ്‍ലി–യുവരാജ് സഖ്യവും (93) അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തു. പിരിയാത്ത നാലാം വിക്കറ്റിൽ കോഹ്‍ലി–ഹാർദിക് പാണ്ഡ്യ സഖ്യം 10 പന്തിൽ 34 റൺസെടുത്ത് ഇന്നിങ്സിന് വേഗത പകർന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം പതർച്ചയോടെയായിരുന്നു. മുഹമ്മദ് ആമിർ എറിഞ്ഞ ആദ്യ ഓവറിൽ ഇന്ത്യയ്ക്ക് റണ്ണൊന്നും നേടാനായില്ല. പാക്ക് ബോളർമാര്‍ക്കു മുന്നിൽ പതറിയ ധവാനും രോഹിതിനും, ഇമാദ് വാസിം എറിഞ്ഞ രണ്ടാം ഓവറിൽ മൂന്നും ആമിറിന്റെ അടുത്ത ഓവറിൽ രണ്ടും റൺസും മാത്രമേ സ്കോർ ചെയ്യാനായുള്ളൂ. അഞ്ച് ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 15 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ, മൽസരം പുരോഗമിക്കുന്തോറും താളം വീണ്ടെടുത്ത ഇന്ത്യ മേധാവിത്തം വീണ്ടെടുത്തു. രണ്ടു തവണയായെത്തിയ മഴ ഇടയ്ക്ക് രസംകൊല്ലിയായെങ്കിലും അതിനൊന്നും ധവാന്റെയും രോഹിതിന്റെയും വീര്യം കെടുത്താനായില്ല.

24.3 ഓവർ ക്രീസിൽ നിന്ന ഇരുവരും 136 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് മടങ്ങിയത്. 65 പന്തുകൾ നേരിട്ട് ആറു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 68 റൺസെടുത്ത ധവാനാണ് ആദ്യം പുറത്തായത്. ഷതാബ് ഖാന്റെ പന്തിൽ അസ്ഹർ അലിക്കു ക്യാച്ചു നൽകിയായിരുന്നു ധവാന്റെ മടക്കം. കോഹ്‍ലിയുമൊത്ത് അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തതിനു പിന്നാലെ രോഹിതും മടങ്ങി. 119 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 91 റൺസെടുത്ത രോഹിത് ശർമ, റണ്ണൗട്ടാവുകയായിരുന്നു. അതിനു മുൻപ് 33.1 ഓവറിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു നിൽക്കെ മഴയെത്തിയിരുന്നു. ഇതേത്തുടർന്ന് 48 ഓവറാക്കി വെട്ടിച്ചുരുക്കിയശേഷമാണ് മൽസരം പുനരാരംഭിച്ചത്. നേരത്തെ, 9.5 ഓവറിൽ ഇന്ത്യ 46 റൺസെടുത്തു നിൽക്കെ മഴ അൽപസമയം മൽസരം തടസ്സപ്പെടുത്തിയിരുന്നു.

രോഹിത്തും പുറത്തായശേഷമെത്തിയ യുവരാജ് സിങ്ങാണ് ഇന്ത്യൻ ഇന്നിങ്സിന് ഗതിവേഗം പകർന്നത്. അതുവരെ ഇഴഞ്ഞുനീങ്ങിയ ഇന്ത്യൻ ഇന്നിങ്സിന് യുവരാജിന്റെ വരവോടെ വേഗത കൈവന്നു. 32 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 53 റൺസെടുത്ത യുവരാജ് ഹസൻ അലിക്കു വിക്കറ്റ് സമ്മാനിച്ചു മടങ്ങി. മൂന്നാം വിക്കറ്റിൽ കോഹ്‍ലി–യുവരാജ് സഖ്യം കൂട്ടിച്ചേർത്തത് 93 റൺസ്.

യുവരാജിനു പിന്നാലെ ധോണിയെ പ്രതീക്ഷിച്ചിരുന്ന ആരാധകർക്കു മുന്നിലേക്കെത്തിയത് ഹാർദിക് പാണ്ഡ്യ. വന്നതു വെറുതെയല്ലെന്ന് ആറു പന്തുകൾ മാത്രം നീണ്ട ഇന്നിങ്സിൽ തെളിയിച്ച പാണ്ഡ്യ, അതിൽ മൂന്നു പന്തും ഗാലറിയിലെത്തിച്ച് 20 റൺസുമായി പുറത്താകാതെ നിന്നു. ഇന്നിങ്സ് അവസാനിക്കുമ്പോഴേക്കും ഫോമിന്റെ ഉത്തുംഗശൃംഗത്തിലെത്തിയ കോഹ്‍ലി, 68 പന്തിൽ ആറു ബൗണ്ടറിയും മൂന്നു സിക്സും ഉൾപ്പെടെ 81 റൺസെടുത്തു പുറത്താകാതെ നിന്നു. ഹസൻ അലി, ഷതാബ് ഖാൻ എന്നിവർ പാക്കിസ്ഥാനായി ഓരോ വിക്കറ്റ് വീഴ്ത്തി. വഹാബ് റിയാസ് 8.4 ഓവറിൽ 87 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments