നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മൊഴികളിലും പൊലീസിന് ലഭിച്ച തെളിവുകളിലും വൈരുധ്യം. ഇതുസംബന്ധിച്ച് വ്യക്തത വരുത്താന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ എന്നിവരില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും.
പള്‍സര്‍ സുനിയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നുമാണ് ദിലീപ് മൊഴി നല്‍കിയത്. എന്നാല്‍, ദിലീപ് അഭിനയിച്ച ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റില്‍ ഒരേസമയം സുനിലും ദിലീപും ഉണ്ടായിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചു. എന്നാല്‍, ഇതുകൊണ്ടു മാത്രം ഗൂഢാലോചന തെളിയിക്കാനാകില്ല. ഇവര്‍ തമ്മില്‍ കണ്ടിട്ടില്ലെന്നത് കളവാണെന്ന് വ്യക്തമായതോടെ ഇതുസംബന്ധിച്ച് വ്യക്തത വരുത്തും. സുനി ജയിലില്‍നിന്ന് ദിലീപിനെഴുതിയതെന്നു പറയുന്ന കത്തില്‍ ‘സൌണ്ട് തോമ’ സിനിമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുളള കാര്യങ്ങള്‍ ആരോടും പറഞ്ഞിട്ടില്ലെന്നുണ്ട്. ഇതും പൊലീസ് പരിശോധിക്കുന്നു.
നടിയെ ആക്രമിക്കും മുമ്പ് സുനി കൂടുതല്‍ തവണ വിളിച്ച നാലു നമ്പറുകളില്‍നിന്ന് ദീലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ഫോണിലേക്ക് വിളി പോയതായി കണ്ടെത്തി. സുനി ദിലീപിനെ ബന്ധപ്പെടാന്‍ ഉപയോഗിച്ച നമ്പറുകളാണിതെന്നാണ് സംശയം. ഈ നാലുപേര്‍ ആരാണെന്നും അവര്‍ തമ്മില്‍ സംസാരിച്ചത് എന്താണെന്നും കണ്ടെത്താനാണ് ശ്രമം. എങ്കില്‍ മാത്രമേ ഗൂഢാലോചന തെളിയിക്കാനാകൂ. ഫോണ്‍കമ്പനിയുടെ സര്‍വറില്‍നിന്ന് സംഭാഷണം കിട്ടാന്‍ വൈകും.
നടിയെ ആക്രമിച്ച ശേഷം സുനി കാക്കനാട്ടെ കാവ്യാ മാധവന്റെ വസ്ത്രശാലയായ ലക്ഷ്യയില്‍ എത്തിയതായി കത്തിലുണ്ട്. ഇതേതുടര്‍ന്നാണ് ലക്ഷ്യ റെയ്ഡ് ചെയ്തത്. പിടിച്ചെടുത്ത സിസിടിവിയില്‍ പക്ഷെ നടി ആക്രമിക്കപ്പെട്ട ദിവസത്തെ ദൃശ്യം മാഞ്ഞുപോയി. ഇത് വീണ്ടെടുക്കാന്‍ സമയമെടുക്കും. അതേസമയം നടി ആക്രമിക്കപ്പെട്ടതിന്റെ തലേദിവസം ലക്ഷ്യയില്‍നിന്ന് രണ്ടു ലക്ഷം രൂപ ഒന്നിച്ച് പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കാവ്യയുടെ അമ്മയില്‍നിന്ന് മൊഴിയെടുക്കും.
പള്‍സര്‍ സുനി ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ ഡ്രൈവറായിട്ടാണ് എത്തിയതെന്ന് സിനിമയുടെ പ്രൊഡക്ഷന്‍ ചുമതലയുണ്ടായിരുന്ന മുരുകന്‍, ദീപു എന്നിവര്‍ മൊഴി നല്‍കി. രണ്ടു ദിവസമാണ് സുനി സെറ്റിലുണ്ടായത്. ക്യാമറ കൊണ്ടുവരികയും കൊണ്ടുപോകുകയും ചെയ്യുന്ന വാഹനമാണ് ഓടിച്ചതെന്നും പകരക്കാരനായാണ് സുനി എത്തിയതെന്നും ദീപു പറഞ്ഞു. ലഭ്യമായ തെളിവുകള്‍ ഏകോപിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
നാദിര്‍ഷയെയും ദിലീപിന്റെ മാനേജരെയും സുനി വിളിച്ചെന്ന് മൊഴി
കൊച്ചി മൂന്നുദിവസം തുടര്‍ച്ചയായി പള്‍സര്‍ സുനി സംവിധായകന്‍ നാദിര്‍ഷയെയും നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും വിളിച്ചെന്ന് സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സന്റെ മൊഴി. ജിന്‍സണ്‍ കഴിഞ്ഞദിവസം ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് ഈ വിവരം.
സുനി നാദിര്‍ഷയുമായി പ്രതിഫലത്തിന്റെ കാര്യം സംസാരിച്ചിരുന്നു. സംസാരത്തില്‍ തര്‍ക്കമുള്ളതായി തോന്നിയില്ലെന്നും മൊഴിയിലുണ്ട്. കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ സുനി എന്തോ കൊടുത്തുവെന്നും ഫോണില്‍ പറയുന്നത് കേട്ടു. ദിലീപിനും നാദിര്‍ഷയ്ക്കും തന്നെ തള്ളിപ്പറയാന്‍ സാധിക്കില്ലെന്ന് സുനി പറഞ്ഞിരുന്നു. ദിലീപ്, നാദിര്‍ഷാ എന്നിവരുമായി മറ്റ് പല ഇടപാടുകളുമുണ്ടെന്നും പറഞ്ഞിട്ടുണ്ട്. കേസില്‍ നാദിര്‍ഷാ, അപ്പുണ്ണി എന്നിവര്‍ക്ക് പങ്കുണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും ജിന്‍സന്റെ മൊഴിയിലുണ്ട്.
കാക്കനാട് സബ് ജയിലില്‍ കഴിയുന്ന സുനി ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിര്‍ഷായെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസും കണ്ടെത്തി. സുനി മൂന്ന് തവണ നാദിര്‍ഷായെ വിളിച്ചതിന്റെ രേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. മൂന്നില്‍ ഒരു കോളിന്റെ ദൈര്‍ഘ്യം എട്ട് മിനുട്ടാണെന്നും കണ്ടെത്തി. എന്നാല്‍, സുനിയെ അറിയില്ലെന്നാണ് നാദിര്‍ഷാ പൊലീസിന് മൊഴി നല്‍കിയത്. ദിലീപിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു തന്നെ ഫോണില്‍ ബന്ധപ്പെട്ടുവെന്നുമാത്രമായിരുന്നു നാദിര്‍ഷ പറഞ്ഞത്. ദിലീപിന്റെ പേര് പറയാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നാദിര്‍ഷയ്ക്കും അപ്പുണ്ണിക്കും വന്ന ഫോണ്‍ വിളികളുടെ ശബ്ദരേഖകളും ഇതുസംബന്ധിച്ച പരാതിക്കൊപ്പം ദിലീപ് നല്‍കിയിരുന്നു. എന്നാല്‍, ഇത് എഡിറ്റ് ചെയ്തതാണെന്ന് പൊലീസ് കണ്ടെത്തി. എഡിറ്റ് ചെയ്യാത്ത സംഭാഷണം പൊലീസ് ആവശ്യപ്പെട്ടു.