നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘം ദിലീപ് അഭിനയിച്ച ‘ജോര്‍ജേട്ടന്‍സ് പൂരം’ ചിത്രീകരിച്ച തൃശൂർ പുഴക്കലിലെ കിണറ്റിങ്കൽ ടെന്നിസ് അക്കാദമിയിൽ പരിശോധന നടത്തി. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തില്‍ ഉള്‍പ്പെട്ട കളമശ്ശേരി സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. ദിലീപുമായി അടുപ്പമുള്ള തൃശൂരിലെ ചില വ്യക്തികൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
നടിയെ തട്ടിക്കൊണ്ടുപോയ പള്‍സര്‍ സുനി ദിലീപുമായി ടെന്നിസ് ക്ലബിൽവെച്ച് കൂടിക്കാഴ്ച നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്ത ജീവനക്കാരിൽനിന്ന് ക്ലബിലെത്തി വീണ്ടും പൊലീസ് വിശദാംശങ്ങൾ തേടി. ക്ലബിലെ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
സുനിയുടെയും ദിലീപിന്റെയും മൊഴികളിൽ വലിയ വ്യത്യാസമുണ്ട്. 2016 നവംബറില്‍ ഷൂട്ടിങ്ങിനിടെ ദിലീപിനെ ചെന്നുകണ്ടിരുന്നുവെന്നാണ് സുനിയുടെ മൊഴി. സുനിയെ അറിയില്ലെന്നും കണ്ടിട്ടേയില്ലെന്നുമാണ് ദിലീപ് നൽകിയ മൊഴി. ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള ചിത്രം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയെന്ന് മനസ്സിലായത്. ഇതാണ് തൃശൂരിലെ ലൊക്കേഷനിലേക്ക് അന്വേഷണം എത്തിച്ചത്.
ലൊക്കേഷനിൽവെച്ച് എടുത്ത സെൽഫിയിൽ പൾസർ സുനിയും ഉൾപ്പെട്ടതോടെ ദിലീപിന്റെ വാദം ശരിയല്ലെന്ന നിഗമനത്തിലാണ് പൊലീസ്. ‘ജോർജേട്ടൻസ് പൂരം’ സിനിമ തൃശൂരിലെ മൂന്ന് ക്ലബുകളിൽ ചിത്രീകരിച്ചിട്ടുണ്ട്. ചിത്രങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുകയാണ് പ്രധാനമായും പൊലീസ് ചെയ്യുന്നത്. ദിലീപുമായി ബന്ധമുള്ള തൃശൂരിൽനിന്നുള്ള ചിലരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ദിലീപിെൻറ ഫോൺ കാൾ ലിസ്റ്റിൽനിന്നാണ് ഇത് ശ്രദ്ധയിൽപെട്ടതത്രേ.