നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി പള്‍സര്‍ സുനി ജയിലില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. കാക്കനാട് ജയിലിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സണ്‍ നടത്തിയ വെളിപ്പെടുത്തലുകളെ സാധൂകരിക്കുന്ന വിവരങ്ങളാണ് ദൃശ്യങ്ങളിലുള്ളതെന്നാണ് സൂചന. സുനി ഫോണ്‍വിളി നടത്തിയ തിയതികളെ സംബന്ധിച്ചും പൊലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചു
കളമശേരി സിഐ, ഇന്‍ഫോപാര്‍ക്ക് സിഐ എന്നിവരുടെ നേതൃത്വത്തില്‍ കാക്കനാട് ജയിലില്‍ നടന്ന ശാസ്ത്രീയ പരിശോധനയിലാണ് നിര്‍ണായക കണ്ടെത്തല്‍. പ്രധാനമായും നാല് നമ്പറുകളിലേക്കാണ് പള്‍സര്‍ സുനി വിളിച്ചിട്ടുള്ളതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സംവിധായകന്‍ നാദിര്‍ഷ, നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ വിളിച്ച ദൃശ്യങ്ങളാകാം സിസിടിവി ക്യാമറയില്‍ പതിഞ്ഞതെന്നാണ് പൊലീസിന്റെ നിഗമനം.
ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
കാക്കനാട് സബ് ജയിലില്‍ തടവില്‍ കഴിയുന്ന സുനില്‍ കുമാര്‍ മൂന്ന് തവണ നാദിര്‍ഷയെ ബന്ധപ്പെട്ടതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കും ജിന്‍സനുമടക്കം ഏഴ് പേര്‍ക്കെതിരെ പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുനിക്കൊപ്പം ജിന്‍സണും സിസിടിവി ദൃശ്യങ്ങളിലുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അന്വേഷണ സംഘം ഇന്ന് യോഗം ചേരും.