ലഹരി മരുന്നുകള്‍ മിഠായി രൂപത്തിൽ

drugs

മിഠായിയുടെ രൂപത്തിലുള്ള ലഹരി മരുന്നുകള്‍ കഴിഞ്ഞ ദിവസം വന്‍തോതില്‍ കോഴിക്കോട് നിന്ന് പിടികൂടി. ആദ്യമായാണ് ഇത്തരത്തില്‍ ലഹരി മരുന്നുകള്‍ പിടികൂടുന്നത്. മുന്‍പ് ഇത് സ്റ്റാമ്പിന്റെയും ഗുളികയുടേയും രൂപത്തിലായിരുന്നു. കഞ്ചാവ് ലേഹ്യത്തിന്റെ രൂപത്തിലാക്കി വര്‍ണക്കടലാസില്‍ പൊതിഞ്ഞ് ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ചത് ആര്‍പിഎഫ്, എക്‌സൈസ് അധികൃതര്‍ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ നടന്ന പരിശോധനയിലാണ് വന്‍ലഹരി മരുന്ന് ശേഖരം കണ്ടെടുത്തത്. 75 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളും 5 കിലോ ലഹരി കലര്‍ന്ന മിഠായിയുമാണ് കണ്ടെടുത്തത്. ഇതിന് വിപണിയില്‍ എത്രയാണ് വിലയെന്ന് കണക്കാക്കിയിട്ടില്ല. ഓണവുമായി ബന്ധപ്പെട്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്‌പെഷ്യല്‍ ഡ്രൈവ് എന്ന പേരില്‍ പരിശോധന നടത്തി വരികയാണ്. നിയമപ്രകാരം ഒരു കിലോയില്‍ കൂടുതല്‍ തൂക്കമുള്ള ലഹരിമരുന്ന് പിടികൂടിയാലാണ് കഠിനമായ ശിക്ഷ ലഭിക്കുന്നത്. എന്നാല്‍ നിയമത്തിന്റെ പഴുത് വഴി രക്ഷപെടാന്‍ 950 ഗ്രാം വരെയുള്ള പൊതികളായി ഇവര്‍ കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി മരുന്ന് കടത്തുകയാണ്. പഞ്ചാബിലാണ് കൂടുതല്‍ ലഹരി വാങ്ങുന്നവരും വില്‍ക്കുന്നവരും ഉള്ളതെന്നാണ് കണക്ക്. എന്നാല്‍ ഈ സ്ഥിതിയില്‍ നീങ്ങിയാല്‍ കേരളം ഈ സ്ഥാനത്ത് എത്തുമെന്നനാണ്‌എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഉള്‍പ്പടെയുള്ളവര്‍ പറയുന്നത്. ട്രെയിന്‍ മാര്‍ഗമാണ് കേരളത്തിലേക്ക് ലഹരി മരുന്ന് അധികമായും വരുന്നത്. ഇതിനാല്‍ തന്നെ ഇവ എവിടെ നിന്ന് എത്തുന്നുവെന്ന് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സപ്രസില്‍ നിന്നാണ് കഞ്ചാവ് മിഠായിയും മറ്റ് മയക്ക് മരുന്ന് ഉല്‍പന്നങ്ങളും പിടികൂടിയത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും മറ്റും ലഹരി മരുന്നിനെതിരെ നിരീക്ഷണം ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.