ഫേസ് ബുക്കിൽ പരിചയപ്പെട്ട്‌ യുവാവ് സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തതായി വീട്ടമ്മയുടെ പരാതി

facebook

ഫേസ്ബുക്ക് സുഹൃത്ത് 2.2 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തതായി വീട്ടമ്മയുടെ പരാതി. ബംഗളൂരു രാജരാജേശ്വരി നഗര്‍ സ്വദേശിനിയായ വീട്ടമ്മയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ ജെപി നഗര്‍ സ്വദേശി മഞ്ജുനാഥ് എന്ന വിനോദിന്റെ പേരില്‍ പോലീസ് കേസെടുത്തു.

തട്ടിപ്പിനെക്കുറിച്ച്‌ വീട്ടമ്മ പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്: ജൂണ്‍ ആദ്യ ആഴ്ചയിലാണ് മഞ്ജുനാഥ് തനിക്ക് ഫേസ്ബുക്കില്‍ റിക്വസ്റ്റ് നല്‍കിയത്. പിന്നീട് താനുമായി ഇയാള്‍ നിരന്തരം ചാറ്റ് ചെയ്തു. ഇതിനിടെ ഫോണ്‍നമ്ബറുകള്‍ കൈമാറിയിരുന്നു. പരിചയപ്പെട്ട് മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ സഹോദരി സാമ്ബത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞ് വിളിച്ചു. അന്ന് 4500 രൂപ കടമായി നല്‍കി.
പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അമ്മ സുഖമില്ലാതെ ആശുപത്രിയിലാണെന്നും ഒന്നര ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. തന്റെ പക്കല്‍ അത്രയും തുക ഇല്ലാത്തതിനാല്‍ കയ്യിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നല്‍കി. മൂന്ന് മാല അടക്കമുള്ള ആഭരണങ്ങളാണ് മഞ്ജുനാഥിന് നല്‍കിയത്.

ഏകദേശം 2.2 ലക്ഷം രൂപ മൂല്യമുള്ള ആഭരണങ്ങളാണ് വീട്ടമ്മ യുവാവിന് നല്‍കിയത്. പിന്നീട് ഇയാളെ വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടാതെ ആയി. അപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം വീട്ടമ്മ അറിയുന്നത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.