മാവോയിസ്റ്റ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ വിവരങ്ങൾ പുറംലോകത്തിനു നല്‍കാനാവില്ല

മാവോയിസ്റ്റ്

നടപടിയുടെ വിവരങ്ങൾ പുറംലോകത്തിനു നല്‍കാനാവില്ലെന്ന് പോലീസ്

മാവോയിസ്റ്റ് പ്രവര്‍ത്തകരായ കുപ്പുദേവരാജ്(60),അജിത(45) എന്നിവരെ വെടിവച്ച് കൊലപ്പെടുത്തിയ പോലീസ് നടപടിയുടെ വിവരങ്ങൾ പുറംലോകത്തിനു നല്‍കാനാവില്ലെന്ന് പോലീസ്. പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അഡ്വ. പി എ പൗരന്‍ വിവരാവകാശം വഴി ആവശ്യപ്പെട്ടതിനാണ് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ മറുപടി.
വെടിവെക്കാന്‍ ഉത്തരവിട്ടത് ആര്, വെടിവെപ്പിന് ആധാരമായ ക്രിമിനല്‍ നീക്കം സ്ഥലത്ത് നടന്നിട്ടുണ്ടോ, ഉണ്ടെങ്കില്‍ വിവരം എവിടെ നിന്നു കിട്ടി, ഉന്നതങ്ങളില്‍ നിന്നുള്ള വിവരമാണെങ്കില്‍ രേഖയുണ്ടോ, ആരാണു വെടിവെക്കാന്‍ ഉത്തരവിട്ടത്, എസ്പിക്കൊപ്പം എത്ര പോലീസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. പേര് വിവരങ്ങള്‍, ഏതൊക്കെ രീതിയിലുള്ള ആയുധങ്ങളാണ് ഉപയോഗിച്ചത്. എത്ര മൊബൈല്‍, എത്ര വാക്കിടോക്കി തുടങ്ങിയ ആറ് ചോദ്യങ്ങളാണ് ചോദിച്ചത്. എന്നാല്‍ ഒരെണ്ണത്തിനു പോലും മറുപടി നല്‍കിയിട്ടില്ല.
വിവരാവകാശ ചട്ടം 8(1)(എ) പ്രകാരം ഇന്ത്യയുടെ പരമാധികാരത്തേയും അഖണ്ഡതയേയും രാഷ്ട്രസുരക്ഷയേയും യുദ്ധതന്ത്രം, ശാസ്ത്ര സാമ്പത്തിക താല്‍പര്യം എന്നിവയെ ബാധിക്കുന്നതിനാലും 8(1)(ജി) പ്രകാരം വ്യക്തികളുടെ ജീവനും സുരക്ഷക്കും ഭീഷണിയുള്ള വിവരങ്ങളായതിനാലും കൈമാറാനാവില്ല. മാത്രമല്ല വിവരം കൈമാറിയാല്‍ ഉറവിടം തിരിച്ചറിയാനുമാവും. കഴിഞ്ഞ ദിവസം ലഭിച്ച മറുപടിയില്‍ പറയുന്നു.
ഈ വിവരം കൈമാറുന്നത് പോലീസുകാരുടെ ജീവന് ഭീഷണിയാവുമെന്നും പറയുന്നു. എന്നാല്‍ ഈ കേസ് മുകളില്‍ പറഞ്ഞിട്ടുള്ള നിയമത്തില്‍പെടുന്നതല്ലെന്ന് പി എ പൗരന്‍ പറഞ്ഞു. അതേസമയം സര്‍ക്കാറിന് നല്‍കിയ മറ്റൊരു വിവരാവകാശ അപേക്ഷ സ്വീകരിക്കാതെ തിരിച്ചയച്ചിട്ടുണ്ട്. 2016 നവംബര്‍ 24നാണു കരുളായി വനത്തില്‍ മാവോയിസ്‌ററുകള്‍ കൊല്ലപ്പെട്ടത്.