റോയ് മാത്യുവിന്‍െറ മൃതദേഹം തര്‍ക്കങ്ങള്‍ക്കൊടുവില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തി
മഹാരാഷ്ട്രയിലെ നാസിക്കില്‍ മരിച്ച മലയാളി ജവാന്‍ റോയ് മാത്യുവിന്‍െറ മൃതദേഹം തര്‍ക്കങ്ങള്‍ക്കൊടുവില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തി. അതേസമയം, വിമാനത്താവളത്തിലത്തെിച്ച മൃതദേഹം സൈനിക ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങാന്‍ ഒരുമണിക്കൂര്‍ വൈകിയതില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു. ഒരുമണിക്കൂറോളം വിമാനത്താവളത്തില്‍ കിടത്തിയത് മൃതദേഹത്തോടുള്ള അനാദരവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
നാസിക്കിലെ ദേവലാലായില്‍ കരസേന ക്യാമ്പിന് സമീപം ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്തെിയ കൊട്ടാരക്കര എഴുകോണ്‍ സ്വദേശിയായ സൈനികന്‍ റോയ് മാത്യുവിന്‍െറ (33) മൃതദേഹമാണ് ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് ജെറ്റ് എയര്‍വേസ് വിമാനത്തില്‍ മൃതദേഹം എത്തിച്ചത്. റീ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന ബന്ധുക്കളുടെ ആവശ്യം സൈനികര്‍ എതിര്‍ത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. നാസിക്കില്‍നിന്ന് നിര്‍ദേശം ലഭിച്ചാലേ റീപോസ്റ്റ്മോര്‍ട്ടത്തിന് വിട്ടുനല്‍കൂവെന്നായിരുന്നു സൈനികരുടെ നിലപാട്. ഇതോടെ സൈനികരും റോയ് മാത്യുവിന്‍െറ ബന്ധുക്കളും തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ പാങ്ങോട് സൈനിക ക്യാമ്പില്‍നിന്നുള്ള നിര്‍ദേശത്തെതുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടുനല്‍കി.
വൈകിയാണ് സൈനികര്‍ മൃതദേഹം ഏറ്റുവാങ്ങിയത്
മൃതദേഹം ഏറ്റുവാങ്ങാന്‍ ജവാന്‍െറ ഭാര്യ സിനി ഉള്‍പ്പെടെ ബന്ധുക്കള്‍ പുലര്‍ച്ചതന്നെ വിമാനത്താവളത്തിലത്തെിയിരുന്നു. ജവാന്‍െറ മൃതദേഹമായതിനാല്‍ സൈനിക ഉദ്യോഗസ്ഥരത്തെി ഏറ്റുവാങ്ങി മറ്റു നടപടിക്രമങ്ങള്‍ക്കുശേഷമേ ബന്ധുക്കള്‍ക്ക് കൈമാറൂ. അതിന്‍െറ അടിസ്ഥാനത്തില്‍ മൃതദേഹം എത്തുന്ന വിവരം പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍, റീപോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച് തര്‍ക്കമുയര്‍ന്നതോടെ വൈകിയാണ് സൈനികര്‍ മൃതദേഹം ഏറ്റുവാങ്ങിയത്.
റീപോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച് എഴുകോണ്‍ പൊലീസില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോയത്. കൊല്ലം ആര്‍.ഡി.ഒയും സബ്കലക്ടറുമായ ഡോ. ചിത്രയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി റീപോസ്റ്റ്മോര്‍ട്ടം നടത്തി. അതിനുശേഷം സൈനികര്‍ മൃതദേഹം ഏറ്റുവാങ്ങി എഴുകോണിലേക്ക് കൊണ്ടുപോയി. സംഭവമറിഞ്ഞ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെി.
കാരുവേലില്‍ സെന്‍റ് പോള്‍സ് മലങ്കര സുറിയാനി പള്ളി സെമിത്തേരിയില്‍ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.സൈനിക ഉദ്യോഗസ്ഥരായ പ്രവീണ്‍കുമാര്‍, പി. ശ്രീനിവാസറാവു, പി. ഗൗഡ, എ.എസ്. പാട്ടീല്‍ എന്നിവരാണ് അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
കേരള പൊലീസ് അന്വേഷണംആരംഭിച്ചു
റോയി മാത്യുവിന്‍െറ മരണത്തിലെ അവ്യക്തത നീക്കാന്‍ കേരള പൊലീസ് അന്വേഷണം ആരംഭിച്ചതായും റീപോസ്റ്റ്മോര്‍ട്ടം നടത്തിയതിന്‍െറ റിപ്പോര്‍ട്ട് വരുമ്പോഴേ മരണകാരണം വ്യക്തമാവൂവെന്നും റൂറല്‍ എസ്.പി എസ്. സുരേന്ദ്രന്‍ പറഞ്ഞു. നാസിക്കിലെ ദേവലാലി പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റിന്‍െറയും പോസ്റ്റ്മോര്‍ട്ടത്തിന്‍െറയും പകര്‍പ്പുകള്‍ കേരള പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നാസിക്കില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ റോയിയുടെ ആന്തരികാവയവങ്ങള്‍ പരിശോധനകള്‍ക്കായി നീക്കം ചെയ്തിരുന്നു. അവയുടെ പരിശോധനഫലവും ആവശ്യപ്പെടുന്നുണ്ട്. സൈനിക ക്യാമ്പില്‍ നടന്ന മരണമായതുകൊണ്ട് അന്വേഷണങ്ങള്‍ക്ക് പരിമിതികളുണ്ട്. റൂറല്‍ എസ്.പിയുടെ മേല്‍നോട്ടത്തില്‍ എഴുകോണ്‍ സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. നേരത്തേ റോയി മാത്യുവിന്‍െറ ബന്ധുക്കളുടെ പരാതിയില്‍ എഴുകോണ്‍ പൊലീസ് മാന്‍ മിസിങ് കേസ് എടുത്തിരുന്നു. ഇത് അന്വേഷണം മുന്നോട്ടു പോകുന്നതിന് സഹായകമായി. മൃതദേഹത്തില്‍ സംശയിക്കുന്ന തരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നാണ് ഇന്‍ക്വസ്റ്റിനുശേഷം ലഭ്യമായ സൂചന.
മഹാരാഷ്ട്ര പൊലീസ് റോയിയുടെ ഭാര്യയുടെ മൊഴിയെടുക്കും
മഹാരാഷ്ട്ര പൊലീസ് റോയിയുടെ ഭാര്യയുടെ മൊഴിയെടുക്കും. ദേവ്ലാലി പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ സര്‍ഡെയുടെ നേതൃത്വത്തിലാണ് റോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നത്. കഴിഞ്ഞ 25ന് കാണാതാകുന്നതിനുമുമ്പ് റോയ് ഭാര്യ ഫിനിയെ വിളിച്ചിരുന്നു. ഫിനിയോട് തനിക്ക് അബദ്ധം പറ്റിയെന്നുപറഞ്ഞ് കരഞ്ഞതായാണ് പൊലീസിന് ലഭിച്ച വിവരം. അന്ന് നടന്ന സംഭാഷണത്തിന്‍െറ പൂര്‍ണവിവരങ്ങള്‍ തേടിയാണ് പൊലീസ് കേരളത്തിലേക്ക് പോകുക.
നിലവില്‍ അപകടമരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നടപടി കൈക്കൊള്ളുമെന്ന് അറിയിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതായി ദേവ്ലാലി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. റോയിയുടേതെന്ന് അവകാശപ്പെടുന്ന ഡയറി പൊലീസിന്‍െറ കൈവശമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.