വൈദികന് പറ്റിയത് ഗുരുതര തെറ്റാണെന്ന് കാര്‍ദ്ദിനള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കാര്‍ദ്ദിനള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

വൈദികന് പറ്റിയത് ഗുരുതര തെറ്റാണെന്ന്  ആലഞ്ചേരി

പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ കൊട്ടിയൂരില്‍ പീഡിപ്പിച്ച സംഭവത്തില്‍ വൈദികന് പറ്റിയത് ഗുരുതര തെറ്റാണെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ദ്ദിനള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വൈദികന്റെ പീഡനക്കേസ് അട്ടിമറിക്കാൻ സഭയിലെ ഉന്നതർ ശ്രമിക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് കർദ്ദിനാളിന്റെ പ്രതികരണം.

കുറ്റവാളികളെ സഭ സംരക്ഷിക്കില്ല

കുറ്റവാളികളെ ഒരു കാരണവശാലും സഭ സംരക്ഷിക്കില്ലെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഭ ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. നേരത്തെ വിദ്യാർത്ഥിനിയുടെ കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പപേക്ഷിച്ച് മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടം രംഗത്തുവന്നിരുന്നു. ഫാദർ റോബിനെ വൈദികനെ സ്ഥാനത്തുനിന്നും മാറ്റിക്കൊണ്ട് ഫെബ്രുവരി 28 ന് ബിഷപ്പ് ഇടവകയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശിശുക്ഷേമ സമിതി വരുത്തിയത് ഗുരുതര വീഴ്ച്ച

സംഭവുമായി ബന്ധപ്പെട്ട് വയനാട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഫാ.തോമസ് തേരകത്തെ പുറത്താക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു. ശിശുക്ഷേമ സമിതി അംഗമായ കന്യാസ്ത്രീയേയും പുറത്താക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു. വയനാട് ശിശുക്ഷേമ സമിതി വരുത്തിയത് ഗുരുതര വീഴ്ചയാണെന്നും അന്വേക്ഷണത്തില്‍ പോലീസ് കണ്ടെത്തി.