ശമ്പള വര്‍ധനവ് നടപ്പാക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; നഴ്‌സുമാര്‍ സമരം പിന്‍വലിച്ചു

nurses

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ തുടങ്ങാനിരുന്ന അനിശ്ചിതകാല കൂട്ട അവധി സമരം പിന്‍വലിച്ചു.ശമ്പള പരിഷ്‌കരണം നടപ്പാക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്‍മേലാണ് സമരം പിന്‍വലിച്ചത്. ഈ മാസം 31നകം ശമ്പള വര്‍ധനവു സംബന്ധിച്ച ഉത്തരവ് ഇറക്കുമെന്ന് മുഖ്യമന്ത്രി നഴ്‌സസ് സംഘടനയായ യുഎന്‍എയ്ക്ക് ഉറപ്പുനല്‍കി.സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 62,000ഓളം വരുന്ന നഴ്‌സുമാര്‍ അനിശ്ചിത കാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.ശമ്പളവര്‍ധന നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് അഞ്ചാം തിയതി മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു.ഇതിനെതിരേ ആശുപത്രി ഉടമകള്‍ ഹരജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് പണിമുടക്ക് കോടതി സ്‌റ്റേ ചെയ്തു. തുടര്‍ന്നാണ് ആറാം തിയതി മുതല്‍ അനിശ്ചിതകാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കാന്‍ യു.എന്‍.എയുടെ സംസ്ഥാന സമിതി യോഗം തീരുമാനിച്ചത്.2016 ഫെബ്രുവരി 10ന് നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ ഭൂരിഭാഗം ആശുപത്രികളും തയാറായിരുന്നില്ല. ഇതിലാണ് മുഖ്യമന്ത്രി നേരിട്ടിടപെട്ടു തീരുമാനം പ്രഖ്യാപിച്ചത്.